മുന്നോട്ട് പോകുംതോറും ചെളിയും വെള്ളക്കെട്ടും; രക്ഷാപ്രവർത്തനം ഏറെ ദുഷ്ക്കരം തന്നെ; തെലങ്കാന ടണൽ ദുരന്തം നടന്ന് 16-ാം ദിനത്തിൽ ഒരു മൃതദേഹം കണ്ടെത്തി; ആരുടെതെന്ന് തിരിച്ചറിഞ്ഞിട്ടില്ല
ബെംഗളൂരു: തെലങ്കാന ടണൽ ദുരന്തത്തിൽ കാണാതായ എട്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കേരളാ പോലീസിന്‍റെ മായ, മർഫി എന്നീ കഡാവർ നായ്ക്കളാണ് മൃതദേഹമുള്ള ഭാഗങ്ങൾ കണ്ടെത്തിയത്. ബോറിംഗ് മെഷിന്‍റെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
മുന്നൂറോളം പേരടങ്ങുന്ന 11 സേനകളുടെ സംഘം സംയുക്തമായി നടത്തിയ തെലങ്കാനയിലെ ടണൽ രക്ഷാദൗത്യത്തിൽ നിർണായകമാകുന്നത് കേരളാ പൊലീസിന്‍റെ അഭിമാനമായ മായ, മർഫി എന്നീ രണ്ട് കഡാവർ നായ്ക്കളുടെ സേവനമാണ്.
ഇവർ രണ്ട് ദിവസം മുൻപ് ചൂണ്ടിക്കാണിച്ച രണ്ട് സ്പോട്ടുകളിൽ ഒന്നിൽ നിന്നാണിപ്പോൾ 16-ാം ദിനം ഒരു മൃതദേഹം കിട്ടിയിരിക്കുന്നത്. തകർന്നടിഞ്ഞ ബോറിംഗ് മെഷീനുള്ളിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹമുള്ളത്. ആരുടേതെന്ന് തിരിച്ചറിയാനാവുന്ന സ്ഥിതിയിലല്ല. കൈയ്യും മറ്റ് ചില ശരീരഭാഗങ്ങളും മാത്രമാണ് ബാക്കി.
ബോറിംഗ് മെഷീൻ പതിയെ മുറിച്ച് മാറ്റിയാണ് മൃതദേഹം പുറത്തെടുക്കുക. ഫെബ്രുവരി 23-ന് നാഗർകുർണൂലിലെ ടണൽ ഇടിഞ്ഞ് വീണ് എട്ട് പേരാണ് കുടുങ്ങിയത്. ചെളിയും വെള്ളക്കെട്ടും പാറക്കല്ലുകളും തകർന്ന യന്ത്രാവശിഷ്ടങ്ങളും കടന്ന്, എളുപ്പത്തിൽ രക്ഷാപ്രവർത്തനം നടത്താനാകുന്ന സ്ഥിതിയായിരുന്നില്ല ടണലിനകത്ത്.