മോദിയുടെ വിമാനത്തിനു നേരെ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് വ്യാജസന്ദേശം; മുംബൈ പോലീസിന് ലഭിച്ച വ്യാജസന്ദേശത്തില്‍ ഒരാള്‍ അറസ്റ്റില്‍
മോദിയുടെ വിമാനത്തിനു നേരെ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് വ്യാജസന്ദേശം
ന്യൂഡല്‍ഹി: വിദേശപര്യടനത്തിന് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിനുനേര്‍ക്ക് ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് വ്യാജസന്ദേശം. ചൊവ്വാഴ്ച മുംബൈ പോലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ചതിന് പിന്നാലെ പോലീസ് മറ്റ് ഏജന്‍സികളെ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തുടര്‍ന്നാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചയാളെ ചെമ്പുര്‍ പ്രദേശത്തുനിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചു. നാലുദിവസത്തെ ഫ്രാന്‍സ്, യു.എസ്. സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി മോദി.
ദ്വിദിന സന്ദര്‍ശനത്തിനു ശേഷം ബുധനാഴ്ച ഫ്രാന്‍സില്‍നിന്ന് അദ്ദേഹം യു.എസിലേക്ക് പോകും. കഴിഞ്ഞകൊല്ലം ഡിസംബറിലും മോദിക്കെതിരേ വധഭീഷണി സന്ദേശം മുംബൈ പോലീസിന് ലഭിച്ചിരുന്നു. ഐ.എസ്.ഐയുടെ രണ്ട് ഏജന്റുമാര്‍ ബോംബ് സ്ഥാപിച്ച് മോദിയെ വധിക്കുമെന്നായിരുന്നു അന്നത്തെ വ്യാജസന്ദേശത്തില്‍ പറഞ്ഞിരുന്നത്.