പശുക്കിടാവിനെ മോഷ്ടിച്ച് കശാപ്പുശാലയിലേക്ക് കടത്താൻ ശ്രമം; രണ്ട് പേരെ പിടികൂടി പോലീസ്
മംഗളൂരു: പെർഡൂർ ഗ്രാമത്തിൽ കശാപ്പുശാലയിലേക്ക് വിൽക്കാനായി പശുക്കിടാവിനെ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പെർഡൂർ ഗ്രാമവാസികളായ എം.എൻ. രാഘവേന്ദ്ര (36), എൻ. സുധീന്ദ്ര ഷെട്ടി (36) എന്നിവരാണ് ഹിരിയട്ക പൊലീസിന്റെ പിടിയിലായത്. ഇവരെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പെർഡൂർ ക്ഷേത്രത്തിന് മുന്നിലുള്ള വയലിൽ നിന്ന് കിടാവിനെ മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കുകയായിരുന്നു. മോഷണത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഉഡുപ്പി ഡി.വൈ.എസ്.പി കെ.യു. ബെലിയപ്പയുടെ നിർദേശപ്രകാരം ബ്രഹ്മാവർ സർക്കിൾ ഇൻസ്പെക്ടർ എ. ഗോപികൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐമാരായ ബി.ഇ. പുനീത് കുമാർ (ക്രമസമാധാനം), വിത്തൽ മലവാദ്കർ (അന്വേഷണം), എ.എസ്.ഐ ശൈലേഷ് കുമാർ, രമേശ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഹിരിയട്ക പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.