ഗ്രാമത്തിൽ ഭീതി വിതച്ച 'കടുവ' ഒടുവിൽ കൂട്ടിലായി; മൂന്ന് തവണ വെടിയേറ്റിട്ടും വീഴാതെ നിന്നു; വലയിൽ കുടുങ്ങിയത് 21 ദിവസങ്ങൾക്ക് ശേഷം; നാട്ടുകാർക്ക് ഇനി ആശ്വാസം
കൊൽക്കത്ത: ഒടുവിൽ ഒരു ഗ്രാമത്തിന്റെ തന്നെ ഉറക്കം കെടുത്തിയ പെൺകടുവ കൂട്ടിൽ കുടുങ്ങി. ഒഡിഷയിലെ സിമിലിപാലും പരിസര പ്രദേശങ്ങളിലുമായി ഭീതി വിതച്ച സീനത്ത് എന്ന പെൺകടുവയാണ് 21 ദിവസങ്ങൾക്ക് ശേഷം വനംവകുപ്പ് മയക്കുവെടി വച്ച് വീഴ്ത്തിയത്.
ഡിസംബർ എട്ട് മുതൽ ഒഡിഷയിലെ സിമിലിപാലും പരിസര ഗ്രാമങ്ങളിലുമായി ഗ്രാമവാസികളെ ഭീതിയിലാക്കിയ പെൺകടുവ രാപ്പകൽ വ്യത്യാസമില്ലാതെ മൂന്ന് സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. വനംവകുപ്പ് വിവിധ ഇടങ്ങളിലും ക്യാമറക്കെണി ഒരുക്കിയും കൂടും വച്ച് സീനത്തിനെ വലയിൽ കുടുക്കാൻ സാധിച്ചില്ല.
പക്ഷെ ഞായറാഴ്ച വെകുന്നേരത്തോടെയാണ് സീനത്തിനെ മയക്കുവെടി വച്ച് പിടികൂടിയത്. പശ്ചിമ ബംഗാൾ അതിർത്തി ഗ്രാമമായ ബാംഗുരയിൽ വച്ചാണ് സീനത്തിനെ പിടികൂടുന്നത്. ശനിയാഴ്ച വൈകുന്നേരം മുതൽ അഞ്ച് തവണയാണ് കടുവയെ വനംവകുപ്പ് മയക്കുവെടി വച്ച് വീഴ്ത്തി പിടികൂടാൻ ശ്രമിച്ചത് പരാജയപ്പെട്ടിരുന്നു.
ഒഡിഷയിലൂടെ 300 കിലോമീറ്ററിലേറെ അലഞ്ഞ് നടന്ന സീനത്തിനെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം കൊൽക്കത്തയിലെ അലിപോര മൃഗശാലയിലേക്കാണ് മാറ്റുന്നതെന്ന് അധികൃതർ അറിയിച്ചു.