ക്രിക്കറ്റ് മാച്ച് കഴിഞ്ഞ് മടങ്ങവേ വീഡിയോ കോൾ; ഫ്ലൈഓവറിന് മുകളിൽ വെച്ച് സംസാരം; പിന്നാലെ സ്കൂട്ടറിന് പിന്നിൽ കാർ ഇടിച്ചുകയറി; താഴേക്ക് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം
ഡൽഹി: സ്കൂട്ടറിന് പിന്നിൽ കാർ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് തെറിച്ചുവീണ് ആണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 7.45ഓടെ പീരാഗാർഹി ഫ്ലൈ ഓവറിലാണ് അപകടം നടന്നത്. ഫ്ലൈ ഓവറിന് മുകളിൽ നിർത്തിയിരുന്ന സ്കൂട്ടറിന് പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ദുരന്തത്തിൽ ഡൽഹി പാലം സ്വദേശിയായ അൻഷ് (23) ആണ് മരിച്ചത്.
അപകടത്തിൽപ്പെട്ട അൻഷും കൂട്ടുകാരായ അഭിമന്യു (21), അലോക് (22) എന്നിവരും ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്ന ക്രിക്കറ്റ് മാച്ചിൽ പങ്കെടുത്ത ശേഷം സ്കൂട്ടറിൽ മടങ്ങുകയായിരുന്നു. ഇതിനിടെ, അഭിമന്യുവിന്റെ ഫോണിൽ വീട്ടിൽ നിന്നുള്ള ഒരു വീഡിയോ കോൾ വന്നു.
ഉടനെ സംസാരിക്കാൻ വേണ്ടി ഒരു ആശുപത്രിക്ക് സമീപം ഫ്ലൈ ഓവറിന് മുകളിൽ തന്നെ ഇവർ വാഹനം നിർത്തി. അഭിമന്യു ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ പിന്നിൽ നിന്നും എത്തിയ ഒരു കാർ ഇവരുടെ സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്താൽ അൻഷ് ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന അഭിമന്യുവിനും അലോകിനും അപകടത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.