കേടായ വാഷിങ് മെഷിന്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞതിനെ ചൊല്ലി തര്‍ക്കം; അമേരിക്കയില്‍ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊന്നു
അമേരിക്കയില്‍ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊന്നു
ഡാലസ്: യുഎസിലെ മോട്ടലില്‍ മാനേജറായ ഇന്ത്യക്കാരനെ തര്‍ക്കത്തെത്തുടര്‍ന്ന് കഴുത്തറത്ത് കൊന്നു. ഡാലസിലെ മോട്ടലില്‍ മാനേജറായിരുന്ന ചന്ദ്ര നാഗമല്ലയ്യ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മോട്ടലിലെ ജീവനക്കാരനായ യോര്‍ദാനിസ് കോബോസ് മാര്‍ട്ടിനെസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മാര്‍ട്ടിനെസും മറ്റൊരു ജീവനക്കാരിയും മോട്ടലിലെ മുറി വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. ഇരുവരും മുറി വൃത്തിയാക്കുന്നതിനിടെ അവിടേക്കു വന്ന നാഗമല്ലയ്യ കേടായ വാഷിങ് മെഷീന്‍ ഉപയോഗിക്കരുതെന്ന് മാര്‍ട്ടിനെസിനോടു പറയാന്‍ ജീവനക്കാരിയോട് ആവശ്യപ്പെട്ടു. തന്നോടു നേരിട്ടു പറയാതെ ജീവനക്കാരി വഴി സംസാരിക്കുന്നുവെന്ന് ആരോപിച്ച് മാര്‍ട്ടിനെസ് പ്രകോപിതനാവുകയും നാഗമല്ലയ്യയെ ആക്രമിക്കുകയും ആയിരുന്നു.
തര്‍ക്കത്തിനിടെ കത്തിയെടുത്ത് പ്രതി പലതവണ നാഗമല്ലയ്യയെ കുത്തി. നാഗമല്ലയ്യഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മാര്‍ട്ടിനെസ് പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതിനിടെ നാഗമല്ലയ്യയുടെ ഭാര്യയും മകനും കൊലപാതകിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവരെ തള്ളിയിട്ട ശേഷം പ്രതി നാഗമല്ലയ്യയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുശോചനമറിയിച്ചു.