പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് നേരെ യുവാക്കളുടെ അതിക്രമം; പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കേന്ദ്ര സഹമന്ത്രി
പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് നേരെ യുവാക്കളുടെ അതിക്രമം
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മകളെയും സുഹൃത്തുക്കളെയും യുവാക്കള്‍ ശല്യം ചെയ്‌തെന്ന പരാതിയുമായി കേന്ദ്രമന്ത്രി പൊലീസില്‍ സ്റ്റേഷനില്‍. കേന്ദ്ര യുവജനകാര്യവകുപ്പ് സഹമന്ത്രിയും ബിജെപി നേതാവുമായ രക്ഷാ ഖഡ്സെയാണ് ദല്‍ഗാവിലെ മുക്തായിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയത്.
ശിവരാത്രിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാന്ത് മുക്തായ് യാത്രയ്ക്കിടെ തന്റെ മകളെയും മറ്റു പെണ്‍കുട്ടികളെയും ചില യുവാക്കള്‍ ശല്യം ചെയ്‌തെന്നാണ് മന്ത്രിയുടെ പരാതി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും ഒപ്പമാണ് മന്ത്രി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചില പ്രതികളെ അറസ്റ്റ് ചെയ്തുവെന്നുമാണ് വിവരം. കേസിലെ പ്രതികളായ യുവാക്കള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.
ഇവരില്‍ ചിലര്‍ ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എ ചന്ദ്രകാന്ത് പാട്ടീലിന്റെ അനുയായികളാണെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറുപേര്‍ക്കെതിരെയാണ് കേസെടുത്തത്. പോക്സോ വകുപ്പ് അടക്കം ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.