ഗോഹത്യ ആരോപിച്ച് ഉത്തര്‍ പ്രദേശില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ യുവാവിനെ തല്ലിക്കൊന്നു; സംഭവം മൊറാദാബാദ് ജില്ലയില്‍

ഗോഹത്യ ആരോപിച്ച് ഉത്തര്‍ പ്രദേശില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ യുവാവിനെ തല്ലിക്കൊന്നു

Update: 2025-01-01 02:52 GMT

മൊറാദാബാദ്: ഉത്തര്‍ പ്രദേശില്‍ ഗോഹത്യ ആരോപിച്ച് യുവാവിനെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു. അസലാത്പുര സ്വദേശി ഷാഹിദ്ദീന്‍ ഖുറേഷി (37) ആണ് കൊല്ലപ്പെട്ടത്. മൊറാദാബാദ് ജില്ലയിലെ മജോലയിലാണ് സംഭവം. ഷാഹിദ്ദീന്റെ സഹോദരന്‍ ഷഹ്ജാദിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം. ഗോഹത്യാ ആരോപണത്തില്‍ ഷാഹിദ്ദീനെതിരെയും മറ്റു മൂന്നുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഗോഹത്യ ആരോപിച്ച് ഹിന്ദുത്വ വാദികള്‍ വടികൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്ത് മര്‍ദിക്കുകയായിരുന്നു. ഇതോടെ ഇയാള്‍ അബോധാവസ്ഥയിലായി. ഇയാളെ പൊലീസാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. പിന്നീട് ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.

സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്രമി സംഘം ഇയാളെ മര്‍ദിക്കാന്‍ ആഹ്വാനം ചെയ്യുന്നത് ഇതില്‍ കാണാം. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയരീതിയില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഷാഹിദ്ദീന്റെ പേരില്‍ മുമ്പ് യാതൊരു കേസുകളും ഇല്ലെന്ന് സിറ്റി എസ്പി കുമാര്‍ രഞ്ജീവ് സിങ് പറഞ്ഞു.

Tags:    

Similar News