അന്നേരം അമേരിക്കൻ എംബസിക്ക് മുന്നിൽ ഇന്റർവ്യൂവിനായി വരി നിൽക്കുകയായിരുന്നു; അപ്പോഴാണ് ഒരു കാര്യം തിരിച്ചറിഞ്ഞത്; എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുമ്പോൾ സംഭവിച്ചത്; അനുഭവം പറഞ്ഞ് യുവതി

Update: 2025-12-26 09:13 GMT

ഡൽഹി: യുഎസ് വിസ അഭിമുഖത്തിനായി ഡൽഹിയിലെ എംബസിക്ക് മുന്നിൽ കാത്തുനിൽക്കുമ്പോൾ പ്രധാന രേഖകൾ കയ്യിലില്ലെന്ന് തിരിച്ചറിഞ്ഞ എഐ സ്റ്റാർട്ടപ്പ് സ്ഥാപകയ്ക്ക് തുണയായത് അതിവേഗ ഡെലിവറി സേവനമായ ബ്ലിങ്കിറ്റ്. ഗൗരി ഗുപ്ത എന്ന യുവതിക്ക്, വെറും 15 മിനിറ്റിനുള്ളിൽ ബ്ലിങ്കിറ്റ് രേഖകൾ അച്ചടിച്ച് എത്തിച്ചു നൽകിയത് കൃത്യസമയത്ത് അഭിമുഖത്തിൽ പങ്കെടുക്കാനും ഒ-1 വിസ നേടാനും സഹായകമായി.

രാവിലെ എട്ടുമണിക്ക് നിശ്ചയിച്ചിരുന്ന അഭിമുഖത്തിനായി ക്യൂവിൽ നിൽക്കുമ്പോഴാണ് ചില പ്രധാന രേഖകളുടെ പകർപ്പുകൾ കയ്യിലില്ലെന്ന കാര്യം ഗൗരി ഗുപ്ത തിരിച്ചറിഞ്ഞത്. പുറത്തുപോയി പ്രിന്റ് എടുക്കാൻ സമയമില്ലാത്തതിനാൽ അവർ പരിഭ്രാന്തിയിലായി. ഈ ഘട്ടത്തിൽ, എംബസിയിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അതിവേഗ ഡെലിവറി ആപ്ലിക്കേഷനായ 'ബ്ലിങ്കിറ്റ്' പരീക്ഷിക്കാൻ ഗൗരിയോട് നിർദ്ദേശിക്കുകയായിരുന്നു.

നിർദ്ദേശം സ്വീകരിച്ച ഗൗരി, ഉടൻതന്നെ ബ്ലിങ്കിറ്റ് ആപ്പ് വഴി രേഖകൾ അപ്‌ലോഡ് ചെയ്തു. വെറും 15 മിനിറ്റിനുള്ളിൽ പ്രിന്റ് ചെയ്ത രേഖകൾ ഡെലിവറി ബോയ് അവർ നിന്നിടത്ത് എത്തിച്ചു നൽകി. ഈ സഹായം കാരണം യാതൊരു തടസ്സവും കൂടാതെ ഗൗരിക്ക് അഭിമുഖത്തിൽ പങ്കെടുക്കാനും ഒടുവിൽ വിസ സ്വന്തമാക്കാനും സാധിച്ചു.

തന്റെ ഈ അനുഭവം ഗൗരി പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയുണ്ടായി. മറ്റ് പല രാജ്യങ്ങളിലും ലഭ്യമല്ലാത്ത ഇത്തരം അതിവേഗ സേവനങ്ങൾ ഇന്ത്യയിൽ ജനങ്ങൾക്ക് എത്രത്തോളം പ്രയോജനപ്പെടുന്നു എന്ന് ഇത് വ്യക്തമാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഗൗരിയുടെ പോസ്റ്റിന് താഴെ സമാന അനുഭവങ്ങളുണ്ടായ നിരവധിപേർ അഭിപ്രായങ്ങളുമായി എത്തുകയും ചെയ്തു. ഇന്ത്യയിലെ അതിവേഗ ഡെലിവറി സംവിധാനങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ സാധാരണക്കാർക്ക് എത്രത്തോളം ഉപകാരപ്രദമാകുന്നു എന്നതിന്റെ ഉദാഹരണമായി ഈ സംഭവം മാറുകയാണ്.

Tags:    

Similar News