ബംഗളൂരുവിലെ സിപിഎമ്മിന്റെ വെനിസ്വേല പ്രക്ഷോഭം തടഞ്ഞ് പൊലീസ്; പരസ്യ പ്രതിഷേധത്തിന് നഗരത്തില്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി നടപടി
ബംഗളൂരുവിലെ സിപിഎമ്മിന്റെ വെനിസ്വേല പ്രക്ഷോഭം തടഞ്ഞ് പൊലീസ്
ബംഗളൂരു: വെനിസ്വേലയിലെ യുഎസ് അധിനിവേശത്തിനെതിരെ സിപിഐ എം ബംഗളൂരുവില്‍ നടത്തിയ പ്രതിഷേധം കര്‍ണാടക പൊലീസ് തടഞ്ഞു. സിപിഐ എമ്മിന്റെ പരസ്യ പ്രതിഷേധത്തിന് നഗരത്തില്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. ഞായര്‍ വൈകിട്ട് മഹാലക്ഷ്മിപുരയിലെ സംസ്ഥാന കമ്മറ്റി ഓഫീസായ ഇഎംഎസ് ഭവനിലാണ് സംഭവം.
ഓഫീസില്‍ കേന്ദ്രീകരിച്ച നൂറ്റമ്പതോളം പ്രവര്‍ത്തകര്‍ പ്രകടനമായി നഗരത്തിലേക്ക് ഇറങ്ങുമ്പോഴാണ് പൊലീസ് എത്തിയത്. ഓഫീസ് ഗേറ്റില്‍ പൊലീസ് ഉപരോധം തീര്‍ത്തു. ഇതോടെ പ്രവര്‍ത്തകര്‍ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. നഗരത്തില്‍ സിപിഐ എമ്മിന്റെ ഒരു തരത്തിലുള്ള പ്രകടനത്തിനും അനുമതിയില്ല എന്നാണ് പൊലീസ് നിലപാട്.
ഗേറ്റ് പൂട്ടിയതിനാല്‍, വെനിസ്വല ഐക്യദാര്‍ഡ്യ യോഗം ഇ എം എസ് ഭവന്‍ ഹാളില്‍ ചേര്‍ന്നു. സംസ്ഥാന സെക്രട്ടറി ഡോ. കെ പ്രകാശ് ഉദ്ഘാടനം ചെയ്തു. സമീപകാലത്തായി ഇടതുസംഘടനകളുടെ ഒരു തരത്തിലുള്ള പ്രചാരണവും ബംഗളൂരുവില്‍ കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുവദിക്കുന്നില്ല. യലഹങ്കയിലെ ബുള്‍സോസര്‍ രാജ് രാജ്യ ശ്രദ്ധയിലേക്ക് എത്തിച്ചത് സിപിഐ എമ്മായതിനാല്‍, സമീപ കാലത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കര്‍ശന പരിശോധനയാണ് കര്‍ണാടക സര്‍ക്കാര്‍ നടത്തുന്നത്.