'മുന്നിലൊരു ഗേറ്റ് കാണാം, അതിനുള്ളിൽ ഒരു പട്ടി ഇരിപ്പുണ്ട്'; അടയാളങ്ങൾക്ക് ഓക്കെ പറഞ്ഞ് ഡെലിവറി ഏജന്‍റ്; പാതിരാത്രി സെമിത്തേരിയിൽ നിന്ന് ബിരിയാണിക്ക് ഓർഡർ; വൈറലായി വീഡിയോ

Update: 2026-02-03 04:10 GMT

ഡൽഹി: പാതിരാത്രിയിൽ സെമിത്തേരിയിലേക്ക് ഓർഡർ ചെയ്ത ബിരിയാണി എത്തിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഡെലിവറി ഏജൻ്റ് പ്രകടിപ്പിച്ച പ്രതികരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 'ഡിന്നർ ഇൻ ഗ്രേവിയാർഡ്' എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന ഈ വീഡിയോക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹെൽമെറ്റിൽ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

രാത്രി വൈകിയ വേളയിൽ, ബിരിയാണി ഓർഡർ ചെയ്ത യുവതിയെ ഫോണിൽ വിളിച്ച് ഡെലിവറി ഏജൻ്റ് സ്ഥലം ചോദിക്കുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. സെമിത്തേരിയുടെ ഗേറ്റും അതിനുള്ളിൽ ഒരു നായ ഇരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗേറ്റിനകത്തേക്ക് വരാൻ യുവതി ആവശ്യപ്പെട്ടെങ്കിലും, സെമിത്തേരി ആയതിനാൽ അകത്തേക്ക് കടക്കാൻ സാധിക്കില്ലെന്ന് ഏജൻ്റ് മറുപടി നൽകി.

"ഇതൊരു സെമിത്തേരിയാണ്, എനിക്കിതിനകത്തേക്ക് വരാൻ കഴിയില്ല," എന്ന് ഏജൻ്റ് യുവതിയെ അറിയിക്കുന്നു. തുടർന്ന്, "പ്രേതങ്ങൾക്ക് ഭക്ഷണം നൽകാനല്ല, ഓർഡർ ചെയ്ത ബിരിയാണി എത്തിക്കാനാണ് ഞാൻ വന്നത്," എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചുറ്റുപാടും ആളനക്കമില്ലാത്ത വിജനമായ അന്തരീക്ഷം വീഡിയോയിൽ കാണാം. ഡെലിവറി ഏജൻ്റിൻ്റെ ഈ പ്രതികരണം പെട്ടെന്ന് തന്നെ കാഴ്ചക്കാരെ ആകർഷിക്കുകയും വീഡിയോ അതിവേഗം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

'സ്ട്രേഞ്ചർ തിങ്‌സിൻ്റെ ഇന്ത്യൻ പതിപ്പ്' എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിച്ചത്. സമാനമായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ട് ഒരു ഉപയോക്താവ് കുറിച്ചത്, അർദ്ധരാത്രി ശ്മശാനത്തിലേക്ക് ബ്ലിങ്കിറ്റിൽ ഓർഡർ ചെയ്തപ്പോൾ ഏജൻ്റ് വിസമ്മതിക്കുകയും, പിന്നീട് ബന്ധുവിന് നേരിട്ട് പോയി സാധനം വാങ്ങേണ്ടി വരികയും ചെയ്തതിനെക്കുറിച്ചാണ്. സംയമനം കൈവിടാതെയുള്ള ഡെലിവറി ഏജൻ്റിൻ്റെ സംസാരത്തെ പലരും പ്രശംസിച്ചു. "ഇതൊരു സെമിത്തേരിയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ അവിടെ ബോധംകെട്ട് വീണേനേം" എന്ന് തമാശയോടെ ചിലർ അഭിപ്രായപ്പെട്ടു. 

Tags:    

Similar News