കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ലിഫ്റ്റിന്റെ വാതിൽ അടഞ്ഞു; 11കാരന് ദാരുണാന്ത്യം; അപകട കാരണം ലിഫ്റ്റിലുണ്ടായ തകരാറെന്ന് പ്രാഥമിക നിഗമനം
By : സ്വന്തം ലേഖകൻ
Update: 2025-10-03 12:57 GMT
പൂനെ: അപ്പാർട്ട്‌മെന്റിൽ ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി 11കാരന് ദാരുണാന്ത്യം. പൂനെയിലെ രാംസ്മൃതി സൊസൈറ്റിയിൽ ഇന്നലെയാണ് സംഭവം. കുട്ടി ലിഫ്റ്റിൽ കയറുന്നതിന് മുൻപ് വാതിൽ അടഞ്ഞതാണ് അപകടത്തിന് കാരണമായത്.
അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയ്ക്കും നാലാം നിലയ്ക്കും ഇടയിൽ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. ലിഫ്റ്റിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ നേർക്ക് അപ്രതീക്ഷിതമായി വാതിൽ അടയുകയായിരുന്നു. ഇതോടെ കുട്ടി അതിൽ കുടുങ്ങിപ്പോവുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് സംഘം കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലിഫ്റ്റിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.