മുംബൈ നഗരത്തിലെ തിരക്കിൽ ഊബർ പെട്ടത് രണ്ട് മണിക്കൂർ; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഓസ്‌ട്രേലിയൻ യുവതി പങ്കുവച്ച അനുഭവം
മുംബൈ: ഛാത്ത് പൂജ ആഘോഷങ്ങളുടെ തിരക്കിനിടയിൽ മുംബൈയിലെ രൂക്ഷമായ ട്രാഫിക് ബ്ലോക്കിൽ മണിക്കൂറുകളോളം കുടുങ്ങിയ ഓസ്‌ട്രേലിയൻ യുവതിക്ക് ഊബർ ഡ്രൈവറുടെ അപ്രതീക്ഷിത കരുതൽ ലഭിച്ചു. വീട്ടിലേക്കുള്ള 15 മിനിറ്റ് യാത്ര രണ്ട് മണിക്കൂറോളം നീണ്ടപ്പോൾ, ഡ്രൈവർ വെള്ളവും ഭക്ഷണവും നൽകി തന്നെ പരിചരിച്ചതായി യുവതിയായ ബ്രീ സ്റ്റീൽ ഇൻസ്റ്റഗ്രാമിലൂടെയാണ് അനുഭവം പങ്കുവെച്ചത്.
ഏകദേശം 30 മിനിറ്റോളം ഒരു സ്ഥലത്ത് ട്രാഫിക് കാരണം നിർത്തിയിടേണ്ടി വന്നപ്പോൾ, ഡ്രൈവർ പുറത്തുപോയി വെള്ളവുമായി തിരികെ വരികയായിരുന്നു. വെള്ളത്തിനു പണം നൽകാൻ ശ്രമിച്ചപ്പോൾ, "നിങ്ങൾ ഞങ്ങളുടെ അതിഥിയാണ്" എന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിച്ചു. പിന്നീട്, യാത്രക്കാർക്ക് വിശപ്പ് തോന്നാതിരിക്കാനായി ഡ്രൈവർ വീണ്ടും പോയി കബാബുകളും ശീതളപാനീയങ്ങളുമായി തിരിച്ചെത്തി.
ഇന്ത്യൻ ഊബർ ഡ്രൈവർമാരുമായുള്ള തൻ്റെ നല്ല അനുഭവങ്ങൾ പലപ്പോഴും പങ്കുവെച്ചിട്ടുണ്ടെന്ന് ബ്രീ സ്റ്റീൽ പറഞ്ഞു. മുമ്പ് ഒരിക്കൽ വെള്ളപ്പൊക്കത്തിനിടയിലും ഒരാൾ തൻ്റെ ഊബർ യാത്രയിലൂടെ സമയത്തിന് വിമാനത്താവളത്തിലെത്തിച്ചതും, മറ്റൊരാൾ ഓട്ടോയിൽ നിന്നു വീണുപോയ ചെരിപ്പ് എടുത്തുകൊടുത്തതും ഓർമ്മിച്ചതായി അവർ വ്യക്തമാക്കി.
നിരവധി പേർ ഡ്രൈവറുടെ പ്രവർത്തികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. "ഇന്ത്യക്കാരുടെ അഭിമാനം കാത്ത ഊബർ ഡ്രൈവർക്ക് നന്ദി" എന്ന് ഒരാൾ കുറിച്ചു. സാധാരണയായി യാത്രാദുരിതങ്ങളെക്കുറിച്ചുള്ള കഥകളാണ് പ്രചരിക്കുന്നത്, എന്നാൽ ഈ സംഭവം അപരിചിതർക്ക് നൽകാൻ കഴിയുന്ന സ്നേഹത്തിൻ്റെയും ദയയുടെയും ഓർമ്മപ്പെടുത്തലാണെന്ന് പലരും അഭിപ്രായപ്പെട്ടു.