ജസ്റ്റീസ് വര്‍മയുടെ വീട്ടില്‍ പണം സൂക്ഷിച്ചിരുന്നത് സിആര്‍പിഎഫ് കാവലിന്റെ മറവില്‍; മൊഴി നല്‍കി ഡല്‍ഹി പൊലീസ് മേധാവി സഞ്ജയ് അറോറ
ജസ്റ്റീസ് വര്‍മയുടെ വീട്ടില്‍ പണം സൂക്ഷിച്ചിരുന്നത് സിആര്‍പിഎഫ് കാവലിന്റെ മറവില്‍
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും തീ അണയ്ക്കുന്നതിനിടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ സുപ്രീം കോടതി ആഭ്യന്തര സമിതി മുമ്പാകെ ഡല്‍ഹി പൊലീസ് മേധാവി സഞ്ജയ് അറോറ മൊഴി നല്‍കി. ഗാര്‍ഡ് റൂമിന് ചേര്‍ന്ന് പൂട്ടിയിട്ട നിലയിലുള്ള മുറിയില്‍ നിന്നാണ് പണം കണ്ടെത്തിയത് എന്നാണ് മൊഴി.
സുരക്ഷ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന സിആര്‍പിഎഫുകാരുടെ ഗാര്‍ഡ് റൂമിന് തൊട്ടടുത്തുള്ള സ്റ്റോര്‍ റൂമിലാണ് മാര്‍ച്ച് 14-ന് തീപ്പിടിത്തം ഉണ്ടായത്. ഈ മുറി പൂട്ടിക്കിടക്കുകയായിരുന്നുവെന്നും സഞ്ജയ് അറോറ വ്യക്തമാക്കി. സിആര്‍പിഎഫ് കാവലിന്റെ മറവിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
സിആര്‍പിഎഫിന്റെ ബറ്റാലിയന്‍ 70-ല്‍ പെട്ടവര്‍ക്കാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടിലെ സുരക്ഷാ ഡ്യൂട്ടി. ഇവര്‍ക്ക് ഈ മുറിയുമായി ബന്ധമില്ല. അഗ്‌നിനിബാധ സംബന്ധിച്ച് ഡല്‍ഹി പോലീസിനെ അറിയിച്ചത് ജഡ്ജിയുടെ പേഴ്സണല്‍ സെക്രട്ടറിയാണ്. സെക്രട്ടറിയുടെ ഫോണ്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഡല്‍ഹി ഹൈക്കോടതിയുടെ അഡ്രസിലാണ്. ജസ്റ്റിസ് വര്‍മയുടെ വീട്ടില്‍ സഹായത്തിനുണ്ടായിരുന്നു ജോലിക്കാരനാണ് തീപ്പിടിത്തം തന്നെ അറിയിച്ചത് എന്ന് പേഴ്സണല്‍ സെക്രട്ടറി മൊഴിനല്‍കിയിരുന്നതായും വ്യക്തമാക്കി. ഡല്‍ഹി പോലീസാണ് തീപ്പിടിത്തം സംബന്ധിച്ച വിവരം ഫയര്‍ ഫോഴ്സിനെ അറിയിച്ചത് എന്നും സഞ്ജയ് അറോറ മൊഴി നല്‍കിയിട്ടുണ്ട്.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിയിലെ അംഗങ്ങള്‍. ഡല്‍ഹി പൊലീസിലെ ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെയും തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെയും മൊഴി എടുത്തിട്ടുണ്ട്.
പൊലീസ് പകര്‍ത്തിയ വീഡിയോയാണ് ഈ സംഭവം പുറത്തെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത്. 15 കോടി രൂപയോളം കണ്ടെത്തി എന്നായിരുന്നു ആദ്യത്തെ വാര്‍ത്തകള്‍. പാതികരിഞ്ഞും അല്ലാതെയുമായിരുന്നു നോട്ട് കെട്ടുകള്‍.