കാർ തടഞ്ഞു നിർത്തി യുവമോർച്ച നേതാവിനെ കുത്തിക്കൊലപ്പെടുത്തി; കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യം; പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-10-08 04:28 GMT
ബെംഗളൂരു: കർണാടകയിലെ കൊപ്പൽ ജില്ലയിൽ യുവമോർച്ച നേതാവിനെ കാറിലെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തി. യുവമോർച്ച കൊപ്പൽ ജില്ലാ പ്രസിഡന്റ് വെങ്കടേഷ് കുറുബാരയാണ് കൊല്ലപ്പെട്ടത്. ഗംഗാവതി നഗറിലെ ഒരു ആശുപത്രിക്ക് സമീപമാണ് ദാരുണമായ സംഭവം നടന്നത്.
കാറിലെത്തിയ അക്രമികൾ വെങ്കടേഷിനെ തടഞ്ഞുനിർത്തി മർദ്ദിച്ച ശേഷം, മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
അക്രമികൾ സഞ്ചരിച്ച വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹനം ടയർ പഞ്ചറായതിനെ തുടർന്നാണ് ഉപേക്ഷിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.