ഉത്തര്‍ പ്രദേശിലെ മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കളുടെ യൂണിറ്റില്‍ തീപിടിത്തം; പത്ത് കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു: 16 കുഞ്ഞുങ്ങളുടെ നില ഗുരുതരം: അപകടമുണ്ടാക്കിയത് ഷോര്‍ട് സര്‍ക്യൂട്ട്
ഉത്തര്‍ പ്രദേശിലെ മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കളുടെ യൂണിറ്റില്‍ തീപിടിത്തം; പത്ത് കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു
ലക്‌നൗ: ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കളുടെ യൂണിറ്റിലുണ്ടായ തീപിടിത്തത്തില്‍ പത്ത് കുട്ടികള്‍ വെന്തുമരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. ത്സാന്‍സി ജില്ലയിലുള്ള മഹാറാണി ലക്ഷ്മി ബായ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇന്നലെ രാത്രി പത്തേമുക്കാലോടെ തീപിടിത്തം ഉണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീപിടിത്തമുണ്ടായ സമയം തീവ്ര പരിചരണ വിഭാഗത്തില്‍ അന്‍പതോളം നവജാത ശിശുക്കളാണ് ഉണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
രണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. സംഭവത്തെ കുറിച്ച് 12 മണക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ത്സാന്‍സി ഡിവിഷണല്‍ കമ്മിഷണര്‍, മേഖലാ ഡെപ്യൂട്ടി ഐജി എന്നിവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
അപകടം ഉണ്ടായ ഉടനെ 37 കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാല്‍ പത്ത് കുഞ്ഞുങ്ങള്‍ മരണപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആറ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ടെന്നും ഝാന്‍സി കളക്ടര്‍ അവിനാഷ് കുമാര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍നിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ജനലുകള്‍ തകര്‍ത്ത് രോഗികളെ രക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഝാന്‍സി മെഡിക്കല്‍ കോളേജിലെ എന്‍ഐസിയുവിലുണ്ടായ അപകടത്തില്‍ കുട്ടികളുടെ മരണം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്‌സില്‍ കുറിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.