ഒരാള്‍ കൂടുതല്‍ ബാഗുകള്‍ ട്രെയിനില്‍ നിന്നും ഇറക്കുന്നത് കണ്ട് സംശയം; റെയില്‍വേ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയപ്പോള്‍ കിട്ടിയത് 20 കിലോ കഞ്ചാവ്; പിടിയിലായത് ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായത്തോടെ ലഹരി വില്‍പ്പന നടത്തുയാള്‍

Update: 2025-03-01 04:13 GMT

ആലപ്പുഴ: ഇരുപത് കിലോ കഞ്ചാവുമായി കലവൂര്‍ സ്വദേശി ആലുവാ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടിയിലായി. മണ്ണഞ്ചേരി പഞ്ചായത്ത് അയ്യന്‍കാളി ജംങ്ഷന് സമീപം ഷാബൈത്തില്‍ ഷഹന്‍ഷാ (26) ആണ് പിടിയിലായത്. ഒരാള്‍ കൂടുതല്‍ ബാഗുകള്‍ ട്രെയിനില്‍ നിന്നും ഇറക്കുന്നത് കണ്ട് സംശയം തോന്നിയ റെയില്‍വേ ക്രൈംബ്രാഞ്ച് വിഭാഗമാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ എക്‌സൈസിന് കേസ് കൈമാറി.

തുടര്‍ച്ചയായി ഇയാള്‍ കഞ്ചാവ് ഭുവനേശ്വറില്‍ നിന്നും കൊണ്ടുവരുന്നതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇയാള്‍ ആലപ്പുഴയിലും എറണാകുളത്തും പരിസരപ്രദേശങ്ങളിലും മൊത്തമായും ചില്ലറയായും കഞ്ചാവ് വിറ്റു വരികയായിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായത്തോടെ ലഹരി വില്പന നടത്തിവരുന്ന ഇയാള്‍ക്കെതിരെ പരാതി പറയുവാന്‍ നാട്ടുകാര്‍ക്കും ഭയമായിരുന്നു. ആലപ്പുഴ എക്‌സൈസില്‍ നിലവില്‍ ഇയാള്‍ക്കെതിരെ കഞ്ചാവ് കേസ് ഉണ്ട്. കേസുകളില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags:    

Similar News