വീട്ടില്‍ തനിയെ, രാത്രി മുഴുവന്‍ മദ്യപാനം, രാത്രിയില്‍ ടിവിയെ ചൊല്ലിയുള്ള തര്‍ക്കം: മദ്യലഹരിയില്‍ 24കാരന്‍ സഹോദരനെ കുത്തി കൊലപ്പെടുത്തി: പോലീസ് പിടിയില്‍
ഡെറാഡൂണ്‍: ടിവിയുടെ സൗണ്ട് കുറയ്ക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ചെയ്തില്ല. തര്‍ക്കത്തിനൊടുവില്‍ സഹോദരനെ മര്‍ദ്ദിച്ച് കൊന്ന 24 കാരന്‍ അറസ്റ്റില്‍. ഡെറാഡൂണിലെ പണ്ഡിറ്റ്വാഡിയി ഭാഗത്താണ് സംഭവം. നീരജ് കുമാര്‍ എന്ന 24കാരനാണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരി ഭര്‍ത്താവായ ലക്ഷ്മണ്‍ മാഞ്ചിയാണ് സംഭവം പൊലീസിനെ അറിയിച്ചത്.
വിജയ് കുമാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. നീരജും സഹോദരന്‍ വിജയും വീട്ടില്‍ ഒറ്റയ്ക്ക് ഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം നടന്നത്. ഞായറാഴ്ച രാത്രി വൈകും വരെ രണ്ട് പേരും മദ്യപിച്ചിരുന്നു. ഇതിന് ശേഷം വിജയ് ടിവി കാണാന്‍ തുടങ്ങി. പല തവണ ടിവിയുടെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെടുകയും ഓഫ് ചെയ്യാന്‍ പറയുകയും ചെയ്തു. എന്നാല്‍ ഇതിന് വിജയ് തയ്യാറായില്ല. തുടര്‍ന്ന് ദേഷ്യം വന്ന നീരജ് സഹോദരനെ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. മദ്യ ലഹരിയിലെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിജയ് രക്തം വാര്‍ന്നാണ് മരിച്ചത്.
വിജയുടെ നിലവിളി കേട്ട അയല്‍വാസിയാണ് വിവരം ഇവരുടെ സഹോദരിയുടെ വീട്ടില്‍ അറിയിച്ചത്. സഹോദരി ഭര്‍ത്താവ് ഉടനെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന വിജയിയെ ആയിരുന്നു. സഹോദരി ഭര്‍ത്താവും അയല്‍വാസികളും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ സഹോദരി ഭര്‍ത്താവ് വിവരം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.