വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ പാസ്‌പോർട്ട് നേടിയ കേസിൽ അകത്തായി; ഗർഭിണിയായിരുന്ന ബംഗ്ലാദേശുകാരിയെ പരിശോധനയ്‌ക്കെത്തിച്ചു; ആശുപത്രി വളപ്പിൽ പോലീസ് കോൺസ്റ്റബിളിനെ തള്ളിമാറ്റി രക്ഷപ്പെടൽ; ബൈക്കുള വനിതാ ജയിലിലെ തടവുകാരി റുബീനയ്ക്കായി വ്യാപക തിരച്ചിൽ

Update: 2025-08-16 08:10 GMT

മുംബൈ: ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട വ്യാജ പാസ്‌പോർട്ട് കേസിലെ ബംഗ്ലാദേശി തടവുകാരിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. ബൈക്കുള വനിതാ ജയിലിലെ ഗർഭിണിയായ തടവുകാരി റുബീന ഇർഷാദ് ഷെയ്ഖ് (25) ആണ് മുംബൈ ജെ.ജെ. ആശുപത്രിയിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അനധികൃതമായി ഇന്ത്യൻ പാസ്‌പോർട്ട് നേടിയെന്ന കേസിലാണ് റുബീനയെ ഓഗസ്റ്റ് 7-ന് വാഷി പോലീസ് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 318(4), 336(2), 338, 336(3), 340(2) പാസ്‌പോർട്ട് ആക്ടിലെ സെക്ഷൻ 3(എ), 6(എ), വിദേശി ആക്ടിലെ സെക്ഷൻ 14(എ) എന്നീ വകുപ്പുകൾ ചുമത്തിയാണ് യുവതിക്കെതിരെ വാഷി പോലീസ് സ്റ്റേഷനിൽ കേസെടുത്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

പനി, ജലദോഷം, ത്വക്കിലെ അണുബാധ എന്നിവയെ തുടർന്ന് ഓഗസ്റ്റ് 11-നാണ് റുബീനയെ ജയിൽ അധികൃതർ ജെ.ജെ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് മാസം ഗർഭിണിയായിരുന്നതിനാൽ വിദഗ്ധ ചികിത്സയും പരിശോധനയും ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ആശുപത്രി വളപ്പിൽ വെച്ച് സുരക്ഷയ്ക്കായി ഒപ്പമുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിളിനെ തള്ളിമാറ്റിയ ശേഷമാണ് റുബീന രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്.

സംഭവത്തെ തുടർന്ന് യുവതിക്കായി പോലീസ് വ്യാപകമായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. റുബീനയെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതായി പോലീസ് വ്യക്തമാക്കി. ജയിലിൽ നിന്ന് ആശുപത്രികളിലേക്ക് കൊണ്ടുവരുന്ന തടവുകാരുടെ സുരക്ഷാ സംവിധാനത്തെക്കുറിച്ചും സംഭവം വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

Tags:    

Similar News