35 ലിറ്ററിനുള്ള 215 കാനുകള്‍; പരിശോധിച്ചപ്പോള്‍ സ്പിരിറ്റ്; പിടികൂടിയത് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 7,525 ലിറ്റര്‍ സ്പിരിറ്റ്; പിടികൂടിയത് ഹെസൂരില്‍ വാഹന പരിശോധനക്കിടെ; രണ്ട് പേര്‍ പിടിയില്‍; മുഖ്യ പ്രതി ഒളിവില്‍
കോയമ്പത്തൂര്‍: കര്‍ണാടകയിലെ ഹൂബ്ലിയില്‍നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 7,525 ലിറ്റര്‍ സ്പിരിറ്റ് ഹൊസൂരില്‍ പിടികൂടി. സംഭവത്തില്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ അറസ്റ്റിലായി. അതേസമയം, മുഖ്യപ്രതി എറണാകുളം സ്വദേശി അനീഷ് ഒളിവിലാണ്. പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി സെയ്ദു (34), പാലക്കാട് സ്വദേശി ബാബുരാജ് (37) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശി അനീഷ് ആണ് ഇതിന് പിന്നിലെ പ്രധാന ആസൂത്രകനെന്ന് പോലീസ് അറിയിച്ചു.
ഹൊസൂര്‍-സേലം റോഡിലെ ദര്‍ഗ ബസ് സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ച വൈകുന്നേരം ഹൊസൂര്‍ പ്രൊഹിബിഷന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം വാഹന പരിശോധന നടത്തുന്നിടെയാണ് ലോറിയില്‍ സ്പിരിറ്റ് കടത്തുന്നതായി കണ്ടെത്തിയത്. ഇന്‍സ്പെക്ടര്‍ പി. കാമരാജിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍, 35 ലിറ്ററിനുള്ള 215 കാനുകളില്‍ മദ്യചാരായം കണ്ടെത്തുകയായിരുന്നു.
പിടിയിലായ പ്രതികള്‍ ഇത് പാലക്കാട്ടേക്ക് കടത്താനായിരുന്നു ശ്രമം എന്ന മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കി. എസ്.ഐ. ഉദയചന്ദ്രന്‍, മതിവാണന്‍, സമ്പത്ത് കുമാര്‍, ദാമോദരന്‍ പ്രഭാകര്‍, സുന്ദര്‍സിംഗ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പരിശോധന നടത്തിയത്. നാടുകടന്ന മദ്യക്കടത്ത് തടയുന്നതിനായി പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.