എസി കംപ്രസര്‍ പൊട്ടിത്തെറിച്ച് പുക പടര്‍ന്നു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു; ജനലിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച് മകന്‍; ഗുരുതരാവസ്ഥയില്‍; ഇവരുടെ വളര്‍ത്ത് നായയും ചത്തു

Update: 2025-09-08 10:56 GMT

ഫരീദാബാദ്: ഫരീദാബാദ് ഗ്രീന്‍ ഫീല്‍ഡ് കോളനിയില്‍ എയര്‍ കണ്ടീഷണര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഒരു വീട്ടിലെ മൂന്ന് പേര്‍ മരിച്ചു. സച്ചിന്‍ കപൂര്‍ (49), ഭാര്യ റിങ്കു കപൂര്‍ (48), മകള്‍ സുജ്ജയ്ന്‍ (13) എന്നിവരാണ് മരിച്ചത്. ഇവരുടെ വളര്‍ത്തുനായയും സംഭവത്തില്‍ ചത്തു.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. നാലുനില കെട്ടിടത്തിലെ ഒന്നാം നിലയിലെ എസി കംപ്രസര്‍ പൊട്ടിത്തെറിച്ചതോടെ പുക പരന്നതും രണ്ടാം നിലയില്‍ താമസിക്കുന്ന കുടുംബം ശ്വാസംമുട്ടിയതുമാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രാഥമിക വിവരം. ഒന്നാം നിലയില്‍ താമസക്കാരില്ലായിരുന്നു. ദമ്പതികളുടെ 24-കാരനായ മകന്‍ ആര്യന്‍ കപൂര്‍ മാത്രമാണ് രക്ഷപ്പെട്ടത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനലിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റുവെന്ന് പോലീസ് അറിയിച്ചു.

സംഭവസമയത്ത് കുടുംബം ടെറസിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വാതില്‍ പൂട്ടിയ നിലയിലായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് മൂവരും ശ്വാസംമുട്ടി മരിച്ചതായും പൊലീസ് വ്യക്തമാക്കി. ശക്തമായ സ്‌ഫോടന ശബ്ദം കേട്ടപ്പോഴാണ് അയല്‍ക്കാര്‍ അപകടം തിരിച്ചറിഞ്ഞത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Tags:    

Similar News