വർഷങ്ങളായി അവർ അറിയാതെ പിന്തുടർന്നു; ആ സിനിമ സ്റ്റൈൽ അന്വേഷണത്തിൽ തെളിഞ്ഞത് ആരും മനസ്സിൽ വിചാരിക്കാത്ത കാര്യങ്ങൾ; ആര്‍ടിഒ ഓഫീസിലെ എംവിഐയും ഏജന്‍റും ഇനി അഴിയെണ്ണും
ചേര്‍ത്തല: ഡ്രൈവിങ് ടെസ്റ്റ് പാസാക്കി നൽകുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ ചേര്‍ത്തല ജോയിന്റ് ആര്‍ടിഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എംവിഐ) കെ.ജി. ബിജുവും ഏജന്റ് ജോസിയും അറസ്റ്റിലായി. കോട്ടയം വിജിലൻസ് കോടതി ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത്.
തണ്ണീർമുക്കം സ്വദേശിനിയായ ഒരു ഡ്രൈവിങ് സ്കൂൾ ഉടമയുടെ ഭർത്താവിന്റെ പരാതിയെ തുടർന്നായിരുന്നു വിജിലൻസ് ഓപ്പറേഷൻ. വിജിലൻസ് സംഘത്തിന്റെ സാന്നിധ്യത്തിൽ പരാതിക്കാരനിൽ നിന്ന് ഏജന്റ് ജോസി പണം കൈപ്പറ്റുകയും, ഈ തുക ബിജുവിന്റെ ചേർത്തലയിലെ വീട്ടിലെത്തിച്ച് കൈമാറുന്നതിനിടെയുമായിരുന്നു അറസ്റ്റ്.
കഴിഞ്ഞ ആറ് വർഷമായി കെ.ജി. ബിജു വിജിലൻസ് നിരീക്ഷണത്തിലായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി. മോട്ടോർ വാഹന വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചനയനുസരിച്ച്, വകുപ്പുതലത്തിലും പുറത്തുമായി ബിജുവിനെതിരെ മുപ്പതോളം പരാതികൾ നിലവിലുണ്ട്. അനധികൃത സ്വത്തുസമ്പാദന കേസിലും ഇദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
തിരുവല്ല പൊടിയാടിയിലടക്കം നിർമിക്കുന്ന ആഡംബര വീടുകളും, ബന്ധുക്കളുടെ പേരിൽ ആരംഭിച്ച പുക പരിശോധന കേന്ദ്രങ്ങളും വിജിലൻസിന്റെ നിരീക്ഷണത്തിലാണ്. സർവീസ് ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ചേർത്തലയിൽ ജോലി ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നതായും ആരോപണമുയർന്നിട്ടുണ്ട്.
എന്നാൽ, ഉദ്യോഗസ്ഥ പകയുടെ പേരിൽ കെ.ജി. ബിജുവിനെ കുടുക്കിയതാണെന്ന ആരോപണവുമായി ഒരു വിഭാഗം ഡ്രൈവിങ് സ്കൂൾ ഉടമകൾ രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ അവർ വകുപ്പ് മന്ത്രിക്കടക്കം പരാതി നൽകിയിട്ടുണ്ട്.