ലഹരിക്കടത്ത് കേസിൽ ഒളിവിൽ കഴിഞ്ഞു; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ നടന്നത് നാടകീയ രംഗങ്ങൾ; പത്താം നിലയിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ച് പ്രതി; ഇറങ്ങാനാവാതെ കുടുങ്ങി; രക്ഷാപ്രവർത്തനം; പിന്നെ നടന്നത്!
മുംബൈ: ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ പിടികൂടാൻ എത്തിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ. മുംബൈയിലാണ് സംഭവം നടന്നത്. കേസിലെ പ്രതിയെ പോലീസ് അന്വേഷിച്ചെത്തിയപ്പോൾ പത്താം നിലയിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചതാണ് സംഭവം. വൻ പോലീസ് സന്നാഹവും അഗ്നിശമന സേനയും ഉൾപ്പെടെ എത്തിയാണ് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന്റെ ജീവൻ രക്ഷിച്ചത്. ഒടുവിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. കശ്മീര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവിനെ തേടി ഹൈദരാബാദ് പോലീസാണ് മുംബൈയിൽ എത്തിയത്.
അന്വേഷണത്തിനൊടുവിൽ പോലീസുകാർ യുവാവ് താമസിക്കുന്ന അപ്പാർട്ട്മെന്റ് കണ്ടെത്തി. രാവിലെ 11 മണിയോടെ ഇയാളെ പിടികൂടാൻ പോലീസുകാർ അകത്തേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് പ്രതി ബാൽക്കണിയിലൂടെ താഴേക്കിറങ്ങാൻ ശ്രമം നടത്തിയത്.
പത്താം നിലയിൽ നിന്ന് തൊട്ടുതാഴേക്ക് ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിലും വിചാരിച്ചത് പോലെ താഴേക്ക് പോകാൻ കഴിഞ്ഞില്ല. ഒടുവിൽ കൈവരിയിൽ തൂങ്ങി നിന്നു. മുകളിലേക്ക് കയറാനോ താഴേക്ക് ഇറങ്ങാനോ സാധിക്കാതെ കുടുങ്ങുകയായിരുന്നു. ഇങ്ങനെ തൂങ്ങി നിൽക്കുന്ന വീഡിയോയും ചിലർ പകർത്തി.
യുവാവിന്റെ ജീവൻ അപകടത്തിലാവുന്ന സ്ഥിതി വന്നതോടെ പോലീസുകാർ തന്നെ രക്ഷാപ്രവർത്തനം തുടങ്ങി. പിന്നാലെ വൻ പോലീസ് സന്നാഹവും അഗ്നിശമന സേനയും എത്തിയാണ് പ്രതിയെ രക്ഷിച്ച് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്.