എയ്ഡ്‌സ് രോഗ ബാധിതനാണെന്ന് പറഞ്ഞ് ഭീതി പരത്തി; മോഷണ കേസ് പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചു; ശൗചാലയത്തിൽ കയറിയ പ്രതിയെ കാണാനില്ല; പിന്നാലെ തിരച്ചിൽ; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ

Update: 2025-08-05 10:55 GMT

ആലുവ: വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്ഷപ്പെട്ട പ്രതിയെ രണ്ടുമണിക്കൂറിനുള്ളിൽ പിടികൂടി പോലീസ്. ആലുവ ജില്ലാ ആശുപത്രിയിൽ നിന്നാണ് പോലീസിനെ കബളിപ്പിച്ച് പ്രതി രക്ഷപ്പെട്ടത്. മോഷണക്കേസുമായി ബന്ധപ്പെട്ട് കാലടി പോലീസ് അറസ്റ്റ് ചെയ്ത അസം സ്വദേശി സുഖു അലി (26) ആണ് രക്ഷപ്പെട്ടത്. പുളിഞ്ചോട് റെയിൽവേ ട്രാക്കിന് സമീപത്തുനിന്നാണ് ഒളിച്ചിരുന്ന പ്രതിയെ പോലീസ് കണ്ടെത്തിയത്.

മോഷണ കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡിലായിരുന്ന പ്രതി. ജയിലിൽവെച്ച് ശ്വാസംമുട്ട് അഭിനയിച്ച പ്രതി എയ്ഡ്‌സ് രോഗബാധയുണ്ടെന്ന് പറഞ്ഞ് ഭീതിപരത്തി. ഇതോടെയാണ് വൈദ്യപരിശോധനയ്ക്ക് ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.

തിങ്കളാഴ്ച രാവിലെ 11നാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചത്. അവിടെവെച്ച് ശൗചാലയത്തിൽ കയറിയ പ്രതി വെന്റിലേറ്റർ വഴി പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കാണാതായതോടെ പോലീസ് ശൗചാലയത്തിൽ പരിശോധന നടത്തിയപ്പോഴാണ് രക്ഷപ്പെട്ട വിവരം അറിയുന്നത്. സംഭവമറിഞ്ഞ് ആലുവ ഇൻസ്പെക്ടർ വി.എം. കെഴ്സന്റെ നേതൃത്വത്തിൽ പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു.

പുളിഞ്ചോട് റെയിൽവേ ലൈനിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പോലീസിനെ കബളിപ്പിച്ചുകടന്നതിന് ആലുവ പോലീസ് പ്രതിയുടെ പേരിൽ കേസെടുത്തു. പ്രതിക്കൊപ്പം ഉണ്ടായിരുന്ന പോലീസുകാർക്കെതിരേ വകുപ്പുതല അന്വേഷണം ആരംഭിച്ചു. പ്രതിയെ വീണ്ടും ആശുപത്രിയിലെത്തിച്ച്‌ വൈദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    

Similar News