എന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്തു; കോളേജിലേക്ക് നടന്നുപോകുമ്പോള്‍ ആസിഡ് എടുത്തെറിഞ്ഞു..!!; ഡൽഹിയെ നടുക്കിയ ആ കേസിൽ വൻ ട്വിസ്റ്റ്; ആക്രമണത്തിൽ കൈക്ക് പൊള്ളലേറ്റുവെന്ന് പറഞ്ഞ പെൺവാക്ക് പച്ചക്കള്ളം; ടോയ്ലറ്റ് ക്ലീനര്‍ ഉപയോഗിച്ച് അപ്പന്റെ നാടകം; ചുരുളഴിച്ച് പോലീസ്

Update: 2025-10-28 07:13 GMT

ഡൽഹി: ഡൽഹിയിൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ നടന്നതായി പറയപ്പെട്ട ആസിഡ് ആക്രമണം ഒരു വലിയ നാടകമായിരുന്നെന്ന് പോലീസ്. ലൈംഗിക പീഡന പരാതിയിൽ പ്രതികാരം ചെയ്യാനായി പിതാവിന്റെ പ്രേരണയോടെയാണ് മകൾ വ്യാജ പരാതി നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്വയം ടോയ്‌ലറ്റ് ക്ലീനർ ഉപയോഗിച്ച് പരിക്കേൽപ്പിച്ചാണ് പെൺകുട്ടി ആക്രമണത്തിന്റെ രംഗം സൃഷ്ടിച്ചതെന്ന് പോലീസ് വിശദീകരിച്ചു.

കഴിഞ്ഞ ഒക്ടോബർ 26-ന് കൈകളിൽ പൊള്ളലേറ്റ നിലയിലാണ് കേസിനാസ്പദമായ സംഭവം പുറത്തുവരുന്നത്. തൻ്റെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായ 19-കാരി, മൂന്നുപേർ ചേർന്ന് തൻ്റെ നേരെ ആസിഡ് ആക്രമണം നടത്തിയെന്നായിരുന്നു ആദ്യം പോലീസിൽ മൊഴി നൽകിയത്. കോളേജിലേക്ക് നടന്നുപോകുന്നതിനിടെ പരിചയക്കാരനായ ജിതേന്ദർ എന്നയാളും അയാളുടെ രണ്ട് കൂട്ടാളികളായ ഇഷാനും അർമാനും തന്നെ പിന്തുടർന്ന് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പെൺകുട്ടി ആരോപിച്ചു.

ജിതേന്ദർ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഒരു മാസം മുൻപ് ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും പെൺകുട്ടി മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ, പെൺകുട്ടി നൽകിയ മൊഴിയിലെ വൈരുദ്ധ്യങ്ങളും, പ്രധാന പ്രതിയെന്ന് ആരോപിക്കപ്പെട്ട ജിതേന്ദർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നതും പോലീസിന്റെ അന്വേഷണത്തിൽ നിർണായകമായി.

ഇതിനിടെ, പെൺകുട്ടിയുടെ പിതാവിനെതിരെ ജിതേന്ദറിൻ്റെ ഭാര്യ ലൈംഗിക പീഡനം, ബലാത്സംഗം, ബ്ലാക്ക്മെയിലിംഗ് തുടങ്ങിയ വകുപ്പുകളിൽ കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. 2021 മുതൽ 2024 വരെ താൻ ഇയാളുടെ ഫാക്ടറിയിൽ ജോലി ചെയ്യവേയാണ് പീഡനം നടന്നതെന്നായിരുന്നു യുവതിയുടെ മൊഴി. ഈ പരാതിയുടെ പശ്ചാത്തലത്തിൽ നടത്തിയ വിശദമായ അന്വേഷണമാണ് ആസിഡ് ആക്രമണ കേസിലെ ദുരൂഹതകൾ നീക്കിയത്.

പെൺകുട്ടിയുടെ പിതാവായ അഖീൽ ഖാൻ, താനും മകളും ചേർന്നാണ് ആസിഡ് ആക്രമണത്തിൻ്റെ കഥ കെട്ടിച്ചമച്ചതെന്ന് സമ്മതിച്ചതായി പോലീസ് അറിയിച്ചു. തനിക്കെതിരെ ലൈംഗിക പീഡനത്തിനും ബ്ലാക്ക്മെയിലിംഗിനും പരാതി നൽകിയ സ്ത്രീയുടെ ഭർത്താവിനെയും അദ്ദേഹത്തിൻ്റെ രണ്ട് ബന്ധുക്കളെയും കള്ളക്കേസിൽ കുടുക്കുന്നതിനായിരുന്നു ഈ നാടകമെന്ന് അഖീൽ ഖാൻ പോലീസിനോട് സമ്മതിച്ചു. ഇവർക്കെതിരെ പ്രതികാരം ചെയ്യാനാണ് മകളെക്കൊണ്ട് ഇത്തരം ഒരു വ്യാജ പരാതി നൽകിച്ചതെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

സംഭവത്തിൽ, പെൺകുട്ടി ടോയ്‌ലറ്റ് ക്ലീനർ ഉപയോഗിച്ചാണ് സ്വയം പരിക്കേൽപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആസിഡ് ആക്രമണം നടന്നുവെന്ന് പറയപ്പെടുന്നതിന് രണ്ട് ദിവസം മുമ്പാണ് ജിതേന്ദറിൻ്റെ ഭാര്യ, അഖീൽ ഖാനെതിരെ പരാതി നൽകിയത്. ഈ സാഹചര്യങ്ങളെല്ലാം ചേർന്നാണ് സംഭവത്തിന് പിന്നിലെ യഥാർത്ഥ ഉദ്ദേശ്യം വ്യക്തമാക്കുന്നത്.

ആസിഡ് ആക്രമണം നടന്നുവെന്ന് പറയുന്നതിന് തെളിവുകളില്ലെന്നും, പെൺകുട്ടിയും പിതാവും ചേർന്ന് നടത്തിയ വ്യാജ പരാതിയാണ് ഇതെന്നും പോലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ പിതാവ് അഖീൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തനിക്കെതിരെ ലഭിച്ച പരാതിയിൽ പ്രതികാരം ചെയ്യാനായി മകളെ കരുവാക്കിയ പിതാവിന്റെ ഈ നടപടി നാടിന് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. 

Tags:    

Similar News