അന്ന് മകനെ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു; ഭാര്യയുടെ കണ്ണ് കുത്തി പൊട്ടിച്ചു; ഹെല്‍മറ്റുകൊണ്ട് അടിച്ച് നട്ടെല്ല് തകര്‍ത്തു; ഇപ്പോള്‍ ആസിഡ് ആക്രമണം; പ്രതി പ്രശാന്ത് ലഹരിക്കടിമയെന്ന് യുവതിയുടെ മാതാവ്

യുവതിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ പ്രതി കസ്റ്റഡിയില്‍

Update: 2025-03-23 13:43 GMT

കോഴിക്കോട്: ചെറുവണ്ണൂരില്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ പ്രതി മദ്യത്തിനും ലഹരിക്കും അടിമയെന്ന് യുവതിയുടെ അമ്മ. മകളെ മുന്‍ ഭര്‍ത്താവ് പ്രശാന്ത് വേര്‍പിരിഞ്ഞശേഷവും പലതവണ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇന്ന് ആസിഡ് ആക്രമണം നടത്തിയതും ലഹരി ഉപയോഗിച്ചാണെന്നും യുവതിയുടെ അമ്മ സ്മിത പ്രതികരിച്ചു.

കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുര്‍വേദ ആശുപത്രിയില്‍ വെച്ചാണ് ബാലുശേരി സ്വദേശിനിയെ മുന്‍ ഭര്‍ത്താവ് ആസിഡുകൊണ്ട് ആക്രമിച്ചത്. പ്രബിഷയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ഇവരുടെ മുന്‍ഭര്‍ത്താവ് പ്രശാന്താണ് അക്രമി. നെഞ്ചിലും മുഖത്തും ഗുരുതര പൊള്ളലേറ്റ പ്രബിഷ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രശാന്തിന്റെ ഉപദ്രവം സഹിക്കാനാകാതെ വന്നപ്പോഴാണ് പ്രവിഷ വിവാഹമോചനം ചെയ്തതെന്നും സ്വന്തം മകനെ വരെ അയാള്‍ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു. 'വിവാഹത്തിന് ശേഷം പതിമൂന്ന് വര്‍ഷമാണ് പ്രവിഷയും പ്രശാന്തും ഒരുമിച്ച് ജീവിച്ചത്. രണ്ടു മക്കളും ജനിച്ചു. ഇക്കാലയളവിലെല്ലാം പ്രബിഷയെ പ്രശാന്ത് ഉപദ്രവിക്കുമായിരുന്നു. പ്രത്യേകിച്ച് മദ്യപിച്ചതിന് ശേഷം. പീഡനം സഹിക്കാനാകാതെ വരുമ്പോള്‍ പ്രബിഷ സ്വന്തം വീട്ടിലേക്ക് വരാറുണ്ടായിരുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രശാന്ത് അവിടെ എത്തുകയും അനുനയിപ്പിച്ച് തിരികെ കൊണ്ടുപോവുകയും ചെയ്യുമായിരുന്നു.'

മുമ്പ് ഹെല്‍മറ്റുകൊണ്ട് അടിച്ചതിനെ തുടര്‍ന്നാണ് മകളുടെ നട്ടെല്ലിന് പരിക്കേറ്റത്. ഇതിന്റെ ചികിത്സക്കായാണ് ആയുര്‍വേദ ആശുപത്രിയിലെത്തിയത്. മുമ്പ് പ്രശാന്ത് തന്റെ കൈ വിരല്‍ കുത്തിയിറക്കി മകളുടെ ഒരു കണ്ണിന്റെ കൃഷ്ണമണിയടക്കം തകര്‍ത്തിരുന്നു. അങ്ങനെ ഒരു കണ്ണിന്റെ കാഴ്ചയും മകള്‍ക്ക് നഷ്ടമായിരുന്നുവെന്നും സ്മിത പറഞ്ഞു.

പ്രബിഷയെ മാത്രമല്ല, മാതാപിതാക്കളെയും മക്കളെയും വരെ പ്രശാന്ത് ഉപദ്രവിക്കുന്ന ഘട്ടത്തിലെത്തിയെന്ന് അമ്മ പറയുന്നു. 'പ്രബിഷയുടെ കണ്ണിനും നട്ടെല്ലിനും പ്രശാന്തിന്റെ പീഡനത്തില്‍ സാരമായി പരിക്കേറ്റു. ഒരിക്കല്‍ മദ്യപിച്ച് വന്നതിന് ശേഷം മൂത്തമകന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീയിടാന്‍ നോക്കി. അയല്‍ക്കാരനാണ് ലൈറ്റര്‍ തട്ടിത്തെറിപ്പിച്ചത്. കുട്ടിയുടെ സ്‌കൂളില്‍ പോയി കെട്ടിടം മുഴുവന്‍ തീയിട്ട് നശിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഭീഷണി കൂടി വന്നപ്പോള്‍ രണ്ടരവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രബിഷ ഇയാളില്‍നിന്ന് വിവാഹമോചനം നേടിയത്.

വിവാഹമോചനത്തിന് ശേഷം കുറച്ച് നാള്‍ പ്രശാന്തില്‍നിന്ന് ശല്യം ഇല്ലായിരുന്നു.പിന്നീട് വീണ്ടും ഉപദ്രവം തുടങ്ങി. കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹെല്‍മറ്റുകൊണ്ട് പ്രശാന്ത് പുറത്ത് അടിച്ചതിനെ തുടര്‍ന്നാണ് പ്രബിഷയുടെ നട്ടെല്ലിന് പരിക്കേറ്റത്. ഇതിന്റെ ചികിത്സക്കായാണ് ആയുര്‍വേദ ആശുപത്രിയിലെത്തിയത്. അപ്രതീക്ഷിതമായി പ്രശാന്ത് അവിടെയെത്തുകയും പ്രബിഷയെ കാണുകയുമായിരുന്നു. എല്ലാം മറന്ന് തനിക്കൊപ്പം ജീവിക്കണം എന്നായിരുന്നു ആവശ്യം. അതിന് വിസമ്മതിച്ചപ്പോഴായിരുന്നു ആക്രമണം.

ബാലുശേരി സ്വദേശി പ്രബിഷയ്ക്കാണ് ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ മുന്‍ ഭര്‍ത്താവ് ബാലുശേരി സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ പ്രബിഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 13 വര്‍ഷമായി മകളും പ്രശാന്തും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ടെന്ന് സ്മിത പറഞ്ഞു. ഇരുവരും വേര്‍പിരിഞ്ഞിട്ട് രണ്ടര വര്‍ഷമായി.

വേര്‍പിരിഞ്ഞശേഷവും പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മദ്യത്തിനും ലഹരിക്കും അടിയമാണ് പ്രശാന്ത്. രണ്ടു തവണ മദ്യപാനം നിര്‍ത്തിയിരുന്നെങ്കിലും വീണ്ടും കുടിയാരംഭിച്ച് മകളെ മര്‍ദിച്ചിരുന്നു. ഇതോടെയാണ് വേര്‍പിരിഞ്ഞത്. മുമ്പ് പ്രശാന്തിന്റെ ആക്രമണത്തില്‍ മകളുടെ കണ്ണിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിരുന്നു. മര്‍ദനം സഹിക്കാന്‍ കഴിയാതെയാണ് ബന്ധം ഉപേക്ഷിച്ചത്. പിന്നെയും ഭീഷണി തുടര്‍ന്നു. ഇന്ന് മകളെ ആക്രമിക്കുമ്പോഴും പ്രശാന്ത് ലഹരി ഉപയോഗിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സ്മിത പറഞ്ഞു.

Tags:    

Similar News