തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം: നടി കസ്തൂരി റിമാന്‍ഡില്‍; രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്ന് നടിയുടെ പ്രതികരണം; അറസ്റ്റിനെതിരെ ബ്രാഹ്‌മണസഭ; പ്രതികരിക്കാതെ ബിജെപി
കസ്തൂരിയുടെ അറസ്റ്റിനെതിരെ ബ്രാഹ്‌മണ സഭ രംഗത്ത്
ചെന്നൈ: തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഹൈദരാബാദില്‍നിന്നും അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരിയെ ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തു. നടിയെ ജയിലിലേക്ക് മാറ്റും. കച്ചിബൗളിയില്‍ ഒരു സിനിമാ നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് കസ്തൂരി പിടിയിലായത്. നടിയുടെ അറസ്റ്റിനെതിരെ ബ്രാഹ്‌മണ സഭ രംഗത്തെത്തി. എന്നാല്‍ ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല.
രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്നായിരുന്നു കോടതിയില്‍ എത്തിച്ചപ്പോള്‍ നടി കസ്തൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഹൈദരാബാദിലെ സിനിമാ നിര്‍മ്മാതാവിന്റെ വീട്ടില്‍ നിന്ന് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത കസ്തൂരിയെ റോഡ് മാര്‍ഗ്ഗമാണ് ചെന്നൈയിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കാറില്‍ നിന്ന് ചിരിച്ചു കൊണ്ട് പുറത്തിറങ്ങിയ കസ്തൂരി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.
കസ്തൂരിയുടെ അറസ്റ്റിനെ ബ്രാഹ്‌മണസഭ അപലപിച്ചപ്പോള്‍ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. കസ്തൂരി മാപ്പ് പറയണമെന്ന് തമിഴ്‌നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് സുധാകര്‍ റെഡ്ഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 300 വര്‍ഷം മുന്‍പ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായിരുന്നവരാണ് തെലുങ്കര്‍ എന്ന പരാമര്‍ശത്തില്‍ ചെന്നൈ എഗ്മൂര്‍ പൊലീസാണ് കസ്തൂരിക്കെതിരെ കേസെടുത്തത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവിലായിരുന്ന കസ്തൂരി ആന്ധ്ര, തെലങ്കാന മേഖലയിലേക്കു കടന്നതായി വിവരം ലഭിച്ചിരുന്നു. പ്രത്യേക പൊലീസ് സംഘം ഈ മേഖലകളില്‍ തിരച്ചില്‍ ശക്തമാക്കിയതോടെയാണ് ഇവര്‍ കുടുങ്ങിയത്. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.
ഹിന്ദു മക്കള്‍ കക്ഷി എഗ്മൂറില്‍ നടത്തിയ പ്രകടനത്തില്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തത്. 300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബിജെപി അനുഭാവിയായ നടിയുടെ പ്രസംഗം.