ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചുവെന്ന പരാതി: മൊഴിയെടുത്ത് വിട്ടയച്ച യുവാക്കളെ വീണ്ടും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി എസ്ഐ ക്രൂരമായി മര്‍ദിച്ചു; അടൂരിലെ എസ്.ഐ നൗഫലിനെതിരേ നടപടി വന്നേക്കും; കോയിപ്രം കസ്റ്റഡി മര്‍ദനത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പ് മറ്റൊരു കസ്റ്റഡി മര്‍ദനം കൂടി

കോയിപ്രം കസ്റ്റഡി മര്‍ദനത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പ് മറ്റൊരു കസ്റ്റഡി മര്‍ദനം കൂടി

Update: 2025-10-27 11:34 GMT

അടൂര്‍: ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് മൊഴിയെടുത്ത വിട്ടയച്ച യുവാക്കളെ വീണ്ടും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഒന്നാം നിലയില്‍ കൊണ്ടു പോയി മര്‍ദിച്ച സംഭവത്തില്‍ എസ്.ഐ നൗഫലിനെതിരേ നടപടിയുണ്ടായേക്കും. ഇതു സംബന്ധിച്ച് ഡിവൈ.എസ്.പി എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് സൂചന.

വടക്കടത്തുകാവ് കൊച്ചു പുളിമൂട്ടില്‍ ജെ. അര്‍ജുന്‍(25), കൊച്ചു പ്ലാങ്കാവില്‍ അനില്‍ പ്രകാശ്(33) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഒക്ടോബര്‍ 22 ന് രാത്രി 8.30ന് വടക്കടത്തുകാവിലെ കടയില്‍ കയറി ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചു എന്നതായിരുന്നു യുവാക്കള്‍ക്കെതിരെയുള്ള പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ അര്‍ജുനും അനില്‍ പ്രകാശും പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഉച്ചയോടെ എസ്.എച്ച്.ഓ ഇവരെ ജാമ്യം നല്‍കി വിട്ടയച്ചു. എന്നാല്‍ പിന്നീട് യുവാക്കളുടെ കൂടുതല്‍ വിവരങ്ങള്‍ ഡിജിറ്റല്‍ രേഖകള്‍ ആക്കണമെന്നതിനാല്‍ വീണ്ടും സ്റ്റേഷനില്‍ എത്തണമെന്നാവശ്യപ്പെട്ട് പോലീസുകാര്‍ വിളിച്ചറിയിച്ചു.

ഇതിനു വേണ്ടി എത്തിയപ്പോഴായിരുന്നു മര്‍ദ്ദനം. ആദ്യം അര്‍ജുനെ സ്റ്റേഷന്റെ മുകള്‍നിലയിലേക്ക് കൊണ്ടു പോയെന്നും രണ്ടു കാലിന്റെ രണ്ടു വെള്ളയ്ക്കും

ചൂരല്‍ വച്ച് തുടരെ അടിച്ചു. തുടര്‍ന്ന് കവിളിലും അടിച്ചതായി പറയുന്നു. ശേഷം അനില്‍ പ്രകാശിനേയും മുകള്‍ നിലയിലേക്ക് കൊണ്ടുപോയി കവിളില്‍ രണ്ടു തവണ അടിച്ചു. സംഭവ സമയം എസ്.എച്ച്.ഓ സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല. അര്‍ജുനും അനില്‍ പ്രകാശും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെ നിര്‍ദേശപ്രകാരം സ്റ്റേഷനില്‍ ചെന്ന യുവാക്കള്‍ക്കാണ് മര്‍ദനമേറ്റത്. ജില്ലയില്‍ പോലീസ് സ്റ്റേഷന്‍ ഇടപെടലുകള്‍ സംബന്ധിച്ച് പാര്‍ട്ടി ചുമതല നല്‍കിയിരിക്കുന്ന ജില്ലാ സെക്രട്ടറിയേറ്റംഗം പറഞ്ഞു വിട്ട യുവാക്കളെയാണ് എസ്.ഐ ക്രൂരമായി മര്‍ദിച്ചത്. വിവരമറിഞ്ഞ് ഡിവൈ.എസ്.പിയും എസ്.എച്ച്.ഓയും ഉടന്‍ സ്ഥലത്തു വന്നു. മര്‍ദനം നടന്നില്ലെന്ന് ഡിവൈ.എസ്.പി മാധ്യമങ്ങളോട് പറഞ്ഞുവെങ്കിലും എസ്ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന റിപ്പോര്‍ട്ട് എസ്.പിക്ക് നല്‍കിയെന്നാണ് വിവരം.

എസ്എച്ച്ഓ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ട വിഷയത്തിലാണ് എസ്ഐ കടന്നു കയറി യുവാക്കളെ കൈകാര്യം ചെയ്തു വിട്ടത്. കോയിപ്രം സ്റ്റേഷനില്‍ നടന്ന കസ്റ്റഡി മര്‍ദനം ഒതുക്കി വച്ചതിന്റെ പേരിലാണ് മുന്‍ ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിന് ജില്ലയില്‍ നിന്ന് പോകേണ്ടി വന്നത്. അതു കൊണ്ട് തന്നെ നിലവിലുള്ള എസ്.പി വിഷയം ഗൗരവമായി കണ്ട് എസ്.ഐക്കെതിരേ നടപടി എടുക്കുമെന്നാണ് സൂചന.

Tags:    

Similar News