ലത്തീഫിനെ തലയ്ക്ക് അടിക്കുന്നത് കണ്ടു ഭയന്ന സാജിത പുറത്തേക്ക് ഇറങ്ങിയോടി; വൈരാഗ്യം ഇല്ലാതിരുന്നിട്ടും വല്യമ്മയെ കൊന്നത് ഒന്നും പുറത്ത് അറിയാതിരിക്കാന്‍; അതുകൊണ്ട് കാമുകിയേയും അനുജനേയും കൂടി തീര്‍ക്കാന്‍ കഴിഞ്ഞു; അഫാനുമായി തെളിവെടുപ്പ് തുടരുമ്പോള്‍; ആ മൊബൈലും കിട്ടി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് തുടരുമ്പോള്‍ സംഭവത്തിലെ പ്ലാനിംഗ് എല്ലാം പുറത്ത്. അഫാന്‍ കൊലപ്പെടുത്തിയ ലത്തീഫിന്റെ വീട്ടിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. അഫാന്റെ അമ്മാവനായ ലത്തീഫിനെയും ഭാര്യ സാജിതയെയും ചുറ്റികകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. കുത്തുവാക്കുകളില്‍ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് അഫാന്‍ നല്‍കിയ മൊഴി. ഫെബ്രുവരി 24നായിരുന്നു അഫാന്‍ കൂട്ടക്കൊലപാതകം നടത്തിയത്. പിതാവിന്റെ അമ്മ സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്‌സാന്‍, കാമുകി ഫര്‍സാന എന്നിവരെയാണ് അഫാന്‍ ആറുമണിക്കൂറിനുള്ളില്‍ കൊലപ്പെടുത്തിയത്.
80000 രൂപ ലത്തീഫിന് നല്‍കാനുണ്ടായിരുന്നു. അഫാന്റെ ആര്‍ഭാട ജീവിതം കൊണ്ടാണ് സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തി. ഇതില്‍ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയത്. സോഫയിലിരുന്ന ലത്തീഫിനെ ആക്രമിക്കുന്നതിനിടയില്‍ ലത്തീഫിന്റെ മൊബൈലിലേക്ക് കോള്‍ വന്നു. ഇതോടെ തുടര്‍ച്ചയായി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. ഇതുകണ്ട ലത്തീഫിന്റെ ഭാര്യ സാജിത അടുക്കളയിലേക്ക് ഓടിയെന്നും പിറകെ ഓടിച്ചെന്ന് അവരെയും അടിച്ചുവീഴ്ത്തി. ഇതിനുശേഷം പുറത്തേക്കിറങ്ങി ലത്തീഫിന്റെ ഫോണ്‍ എടുത്ത് വീടിന് സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞു. അഫാനെ തെളിവെടുപ്പിനായി എസ്എന്‍ പുരത്തെ ലത്തീഫിന്റെ വീട്ടിലേക്ക് എത്തിച്ചു.
അഫാനുമായി രണ്ടാംഘട്ട തെളിവെടുപ്പാണ് പോലീസ് ആരംഭിച്ചത്. കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് അഫാനെ എത്തിച്ചത്. തെളിവെടുപ്പിനായി ബോംബ് സ്‌ക്വാഡിനെയും എത്തിച്ചിട്ടുണ്ട്. കൊലയ്ക്ക് ശേഷം വലിച്ചെറിഞ്ഞ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ഇത് കേസില്‍ നിര്‍ണ്ണായകമാകും.സജീതാ ബീവിയോട് വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും വിവരം പുറത്തറിയുമെന്നതിനാലാണ് അവരെയും കൊലപ്പെടുത്തിയതെന്നുമാണ് അഫാന്‍ പറഞ്ഞത്.അഫാന്റെ മാതാവ് ഷെമി നടത്തിയിരുന്ന ചിട്ടി പൊളിഞ്ഞതോടെ വീടും സ്ഥലവും വിറ്റ് കടങ്ങള്‍ തീര്‍ക്കാന്‍ ലത്തീഫ് ഉപദേശിച്ചിരുന്നു. ആര്‍ഭാടം ജീവിതമാണ് കടങ്ങള്‍ പെരുകാന്‍ കാരണമെന്നും ഷെമിയോടും അഫാനോടും ലത്തീഫ് പറഞ്ഞിരുന്നു.
ലത്തീഫിന് 80,000 രൂപയോളം ഷെമി കടം നല്‍കാനുണ്ടായിരുന്നു. ഈ പണം മദ്യാദയ്ക്ക് തിരിച്ച് നല്‍കണമെന്നും ലത്തീഫ് ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നെന്ന് അഫാന്‍ പറഞ്ഞു. അഫാന്റെ കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടം എങ്ങനെ വന്നുവെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 2021ന് ശേഷം മൂന്നര വര്‍ഷത്തിലാണ്, അഫാന്റെ കുടുംബം 65 ലക്ഷം രൂപയുടെ ബാധ്യത ഉള്ളവരായി മാറിയത്. വന്‍കടം ഉണ്ടായത് അമ്മ മൂലമാണെന്നാണ് അഫാന്റെ മൊഴി. കടക്കാരുടെ നിരന്തര ശല്യം കുടുംബത്തിനുണ്ടായിരുന്നുവെന്നാണ് സൂചന. ഇവര്‍ പലപ്പോഴായി പലിശക്കാരില്‍ നിന്നും വായ്പകള്‍ എടുത്തിട്ടുണ്ട്. പലിശക്കാരുമായുള്ള പണമിടപാടുകള്‍, കടബാധ്യതയില്‍ എത്ര രൂപ പലിശയിനത്തില്‍ കൂടി എന്നതിനെപ്പറ്റിയെല്ലാം അഫാന്റെ അമ്മ ഷമീമയോട് വിവരം തേടാനൊരുങ്ങുകയാണ് പൊലീസ്. ബന്ധുക്കളുടെ ആഭരണങ്ങളും വീടുകളുടെ ആധാരവും വാങ്ങി ഇവര്‍ പണയം വച്ചിട്ടുണ്ട്.
ആദ്യ രണ്ടരവര്‍ഷം സാമ്പത്തിക ഇടപാടുകളെല്ലാം കൈകാര്യം ചെയ്തിരുന്നത് ഷമീമയാണ്. എന്ത് ആവശ്യത്തിനായാണ് ഇത്രയധികം പണം കടമായി വാങ്ങിക്കൂട്ടിയതെന്ന് അറിയണമെങ്കില്‍ ഷമീമയില്‍ നിന്നും വിവരം കിട്ടണം. പലരില്‍ നിന്നായി വാങ്ങിയ ഇത്ര വലിയ തുക എന്ത് ആവശ്യത്തിനായാണ് ചെലവഴിച്ചതെന്ന് അറിയണമെങ്കില്‍ അഫാന്റെ അമ്മയുടെ മൊഴി എടുക്കണം. അഫാനും ഷെമീമയും തമ്മില്‍ കൊലപാതകം നടന്ന ദിവസം രാവിലെയും വാക്കുതര്‍ക്കമുണ്ടായതായി സൂചനകളുണ്ട്. പണയം വച്ച മാല തിരികെ ചോദിച്ച് നിരന്തരം ബുദ്ധിമുട്ടിച്ചതാണ് ഫര്‍സാനയോട് വൈരാഗ്യവുമുണ്ടാകാന്‍ കാരണമായതെന്ന് അഫാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ഫര്‍സാനയെ അഫാന്‍ കൊന്നത്.
കൂട്ടക്കൊലപാതകത്തിന് പദ്ധതിയിട്ട അഫാന്‍ അന്നേ ദിവസം വീട്ടിലേക്ക് കടക്കാര്‍ ആരെങ്കിലും ശല്യത്തിനെത്തിയാല്‍ ആക്രമിക്കാന്‍ മുളകുപൊടിയും വാങ്ങി സൂക്ഷിച്ചിരുന്നുവെന്ന് സമ്മതിച്ചു. കൂട്ടക്കൊലപാതകത്തിന് ശേഷം വീട് കത്തിച്ച് കളയാനായിരുന്നു അഫാന്റെ പദ്ധതി. ഇതിനായി ഗ്യാസ് സിലിണ്ടര്‍ തുറന്ന് വച്ചാണ് അഫാന്‍ പൊലീസ് സ്റ്റേഷനിലേക്ക് പോയതും.