ബന്ധുവായ മറ്റൊരു യുവതിയെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു; ഇവരുടെ സ്വര്‍ണമാല കൈക്കലാക്കുകയായിരുന്നു ലക്ഷ്യം; സമൂഹമാധ്യമത്തിലൂടെ അയച്ച സന്ദേശം തെളിവ്; ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നത് ഒന്‍പത് പേര്‍; അഞ്ചു പേരെ തീര്‍ത്തിട്ടും കൂസലില്ലാതെ അഫാന്‍

Update: 2025-03-12 04:26 GMT

തിരുവനന്തപുരം: ആര്‍ഭാടജീവിതം നയിക്കുന്നുവെന്ന് തന്നെയും മാതാവിനെയും നിരന്തരം കുറ്റപ്പെടുത്തിയതിനാണ് പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയതെന്ന് അഫാന്‍ മൊഴി നല്‍കി. ബന്ധുവായ മറ്റൊരു യുവതിയെയും അഫാന്‍ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസിനു സൂചന ലഭിച്ചു. ഇവരുടെ സ്വര്‍ണമാല കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. ഇവര്‍ക്ക് സമൂഹമാധ്യമത്തിലൂടെ അഫാന്‍ അയച്ച സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ പൊലീസിനു ലഭിച്ചു. ഇതിലും അന്വേഷണം നടത്തും. അഞ്ചു പേരെയാണ് അഫാന്‍ കൊന്നത്. മുത്തശ്ശിയേയും വല്യച്ഛനേയും വല്യമ്മയേയും പെണ്‍സുഹൃത്തിനേയും അനുജനേയും. അമ്മ ഷെമിയെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു. അമ്മയുടെ സഹോദരിയേയും മകളേയും കൊല്ലാനും ആലോചിച്ചിരുന്നു. ഇതിനൊപ്പം അമ്മയുടെ സഹോദരനേയും ശത്രുവായി കണ്ടു. ഇവര്‍ക്ക് പുറമേയാണ് മറ്റൊരു യുവതിയേയും ലക്ഷ്യമിട്ടതന്നാണ് സൂചന. അങ്ങനെ എങ്കില്‍ അഫാന്റെ ഹിറ്റ് ലിസറ്റില്‍ 9 പേരുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

പിതൃസഹോദരനെ തലയ്ക്കടിച്ചുകൊന്നതില്‍ കുറ്റബോധമോ കൂസലോ ഇല്ലാതെയാണ് അഫാന്റെ വിശദീകരണങ്ങള്‍. പിതാവിന്റെ സഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ഭാര്യ സാജിത ബീവി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കിളിമാനൂര്‍ പോലീസ് ചുള്ളാളം എസ്എന്‍ പുരത്തെ ലത്തീഫിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തിയത്. കൊലപാതക പരമ്പരയിലെ രണ്ടാംഘട്ട തെളിവെടുപ്പും പൂര്‍ത്തിയായി. താന്‍ 80000 രൂപ ലത്തീഫിനു നല്‍കാനുണ്ടായിരുന്നു. ഇതിനെപ്പറ്റിയും നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നു. പിതൃമാതാവ് തന്നെ സാമ്പത്തികമായി സഹായിക്കുന്നതില്‍നിന്ന് ലത്തീഫ് വിലക്കിയതും വൈരാഗ്യത്തിനു കാരണമായി. പേരുമലയില്‍ താനും കുടുംബവും താമസിക്കുന്ന വീടും സ്ഥലവും വിറ്റ് കടംവീട്ടാന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക ബാധ്യതയുടെ പേരില്‍ തന്നെ അപമാനിച്ചു. വിവാഹം കഴിച്ചാല്‍ എങ്ങനെ ജീവിക്കുമെന്നു ചോദിച്ചു പരിഹസിച്ചിരുന്നുവെന്നും അഫാന്‍ മൊഴി നല്‍കി.

ജനുവരി 24-ന് ഉച്ചയോടെ അഫാന്‍ വീട്ടിലെത്തിയപ്പോള്‍ ഇരുവരും ഹാളിലുണ്ടായിരുന്നു. തന്നെ കണ്ടപ്പോള്‍തന്നെ സാജിത ബീവി അടുക്കളയിലേക്കു പോയി. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈയില്‍ കരുതിയിരുന്ന ചുറ്റികയെടുത്ത് ലത്തീഫിനെ ആക്രമിച്ചത്. ഇതിനിടെ ലത്തീഫിന്റെ മൊബൈലിലേക്ക് കോള്‍ വന്നു. ഇതോടെ തുടര്‍ച്ചയായി ചുറ്റികകൊണ്ടു തലയ്ക്കടിച്ചു. അടികൊണ്ട് ഹാളിലെ സോഫയില്‍ വീണ ലത്തീഫ് മരിച്ചു. ശബ്ദംകേട്ട് ഹാളിലേക്കെത്തിയപ്പോഴാണ് സാജിത ബീവിയെ മര്‍ദിച്ചത്. അടുക്കളയിലേക്ക് ഓടിയപ്പോള്‍ അഞ്ചിലേറെ തവണ ചുറ്റികകൊണ്ടു അടിച്ചു. അടുക്കളയിലെ ഇടനാഴിയില്‍ വീണ സാജിത ബീവിയെ അവിടെനിന്നു വലിച്ച് അകത്തേക്കിടുകയായിരുന്നു. ചുറ്റിക വാഷ്ബെയ്സിനിലെ വെള്ളത്തില്‍ കഴുകി. കൈയില്‍ കരുതിയിരുന്ന സിഗരറ്റും വലിച്ചാണ് പുറത്തേക്ക് ഇറങ്ങിയത്.

പോകുന്ന സമയത്ത് ലത്തീഫിന്റെ മൊബൈല്‍ഫോണും വീടിന്റെയും കാറിന്റെയും താക്കോലും എടുത്തു. അപ്പോഴും ലത്തീഫിന്റെ ഫോണ്‍ റിങ് ചെയ്യുന്നുണ്ടായിരുന്നു. വീട്ടില്‍നിന്ന് 200 മീറ്റര്‍ മാറി ഒരിടത്ത് ആ ഫോണും വീടിന്റെ താക്കോലും ഉപേക്ഷിച്ചു. തെളിവെടുപ്പിനിടെ പോലീസ് ഈ ഫോണും താക്കോലും കണ്ടെടുത്തിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്കുശേഷം അഫാനെ കോടതിയില്‍ ഹാജരാക്കും. അതിനുശേഷമാകും സുഹൃത്ത് ഫര്‍സാനയെയും സഹോദരന്‍ അഫ്സാനെയും കൊലപ്പെടുത്തിയ കേസില്‍ വെഞ്ഞാറമൂട് പോലീസ് അഫാനെ കസ്റ്റഡിയില്‍ വാങ്ങുക. ലത്തീഫിന്റെയും ഭാര്യയുടെയും കൊലപാതകം അന്വേഷിക്കുന്ന കിളിമാനൂര്‍ എസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തിലുള്ള സംഘമാണു തെളിവെടുത്തത്.

ലത്തീഫിന്റെ വീട്ടിലെ തെളിവെടുപ്പിനു ശേഷം അഫാനെ പേരുമലയിലെ വീട്ടിലും സിഗരറ്റ്, മുളകുപൊടി, എലിവിഷം എന്നിവ വാങ്ങിയ കടകളിലുമെത്തിച്ചു തെളിവെടുത്തു. മുത്തശ്ശിയുടെ കൊലപാതകം അന്വേഷിക്കുന്ന പാങ്ങോട് പൊലീസും കഴിഞ്ഞ ദിവസം അഫാനെ ഇവിടെയെത്തിച്ച് തെളിവെടുത്തിരുന്നു.

Tags:    

Similar News