പത്ത് മണിക്കും ആറു മണിക്കും ഇടയില്‍ അഞ്ചു പേരെ റിപ്പര്‍ മോഡലില്‍ ചുറ്റികയ്ക്ക് അടിച്ചു കൊന്നു; അമ്മയെ അതിക്രുരമായി ആക്രമിച്ചിട്ടും കഷ്ടിച്ച് രക്ഷപ്പെട്ടു; അനുജനുമായി പോയി വാങ്ങിയ മന്തിയില്‍ വിഷവും കലര്‍ത്തി; ഓട്ടോയില്‍ എത്തി പോലീസുകാരോട് പറഞ്ഞത് കൃത്യം നടത്തിയ രീതി; അഫാനും 'മാര്‍ക്കോ' മോഡല്‍!

Update: 2025-02-25 00:47 GMT

തിരുവനന്തപുരം: നാടിനെ നടുക്കിയ കൊലപാതക പരമ്പരയ്ക്ക് ശേഷം പ്രതി അഫാന്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയത് ഓട്ടോറിക്ഷയില്‍. പരിചയമുള്ള ഓട്ടോ ഡ്രൈവറെ ഫോണില്‍ വിളിച്ചു വീട്ടിലേക്കു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. യാതൊരു ഭാവമാറ്റവുമില്ലാതെയാണ് ഇയാള്‍ ഓട്ടോയില്‍ സഞ്ചരിച്ചത്. ഓട്ടോ പുറത്തു നിര്‍ത്തിയ ശേഷം അഫാന്‍ നേരെ സ്റ്റേഷനിലെത്തി മുന്നിലിരുന്ന പൊലീസുകാരോട് താന്‍ ആറു പേരെ കൊലപ്പെടുത്തിയിട്ടാണു വരുന്നതെന്നു പറയുകയായിരുന്നു. വെഞ്ഞാറമൂട്ടില്‍നിന്നു പുത്തന്‍പാലം വഴി നെടുമങ്ങാട്ടേക്കു പോകുന്ന വഴിയില്‍ പേരുമല ജംക്ഷനു സമീപത്താണ് അഫാന്റെ വീട്.

പോലീസ് സ്‌റ്റേഷനിലെത്തിയ പ്രതിയുടെ മൊഴി കേട്ട് ആ പോലീസുകാര്‍ ഞെട്ടി. ഏതൊക്കെ സ്ഥലങ്ങളില്‍ ആരെയൊക്കെയാണു കൊന്നതെന്നും എങ്ങനെയാണു കൊന്നതെന്നും അഫാന്‍ വിവരിച്ചു. ഇതോടെ വിവരം സ്ഥിരീകരിക്കാന്‍ പൊലീസുകാര്‍ ഓട്ടം തുടങ്ങി. അഫാന്‍ പറഞ്ഞതൊക്കെ ശരിയാണെന്നു തെളിഞ്ഞതോടെ കഥകള്‍ ഓരോന്നായി പുറത്തു വരാന്‍ തുടങ്ങി. ആറു പേരെ കൊന്നന്ന് വൈകിട്ട് ആറു മണിയോടെയാണ് പോലീസ് സ്‌റ്റേഷനിലെത്തി പറഞ്ഞ്. അഞ്ചു പേരേയും റിപ്പര്‍ മോഡലിലാണ് കൊന്നത്. തലയ്ക്ക് അടിച്ച്. അമ്മ അതീവ ഗുരുതരാവസ്ഥയിലാണ്. രാവിലെ പത്ത് മണിയ്ക്കും ആറു മണിക്കും ഇടയില്‍ നടന്ന കൊലകള്‍. അടുത്ത കാലത്ത് ഇറങ്ങിയ മാര്‍ക്കോ എന്ന സിനിമ അതിക്രൂരകൊലയുടെ കഥയാണ് പറഞ്ഞത്. ഇതിലെ പ്രതികാര കൊലകള്‍ക്ക് സമാനമാണ് വെഞ്ഞാറമൂടിനെ നടുക്കിയ കൊലകളും.

വെഞ്ഞാറമൂട് പേരുമല സല്‍മാസില്‍ അഫാന്‍(23) ആണ് മുത്തശ്ശി, ഇളയ സഹോദരന്‍, പിതാവിന്റെ ജ്യേഷ്ഠന്‍, അദ്ദേഹത്തിന്റെ ഭാര്യ, പെണ്‍സുഹൃത്ത് എന്നിവരെ മൂന്നു വീടുകളിലെത്തി കൊലപ്പെടുത്തിയത്. ചുറ്റികകൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അഫാന്റെ മാതാവ് വെഞ്ഞാറമൂട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുത്തശ്ശി സല്‍മാ ബീവി(95), സഹോദരന്‍ ഒന്‍പതാം ക്ലാസുകാരനായ അഫ്സാന്‍(14), പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെണ്‍സുഹൃത്ത് വെഞ്ഞാറമൂട് പുതൂര്‍ മുക്കുന്നൂര്‍ അമല്‍ മന്‍സിലില്‍ സുനിലിന്റെയും ഷീജയുടെയും മകള്‍ ഫര്‍സാന(22) എന്നിവരാണ് കൊല്ലപ്പെട്ടവര്‍. വെട്ടേറ്റ മാതാവ് ഷമി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കാന്‍സര്‍ രോഗിയായ ഇവര്‍ ഗുരുതരാവസ്ഥയിലാണ്.

തലയ്ക്കും മുഖത്തുമാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. ചുറ്റികകൊണ്ടാണ് ഇവരെ ആക്രമിച്ചതെന്നാണ് അഫാന്‍ പോലീസിനു മൊഴിനല്‍കിയത്. കല്ലറ പാങ്ങോട്ടുള്ള എലിച്ചുഴി പുത്തന്‍വീട്ടിലെത്തി മുത്തശ്ശിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചുള്ളിമാനൂര്‍ കൂനന്‍വേങ്ങ എസ്.എന്‍.പുരത്തുള്ള പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊന്നു. തുടര്‍ന്നാണ് സ്വന്തം വീട്ടിലെത്തി മാതാവ്, അനുജന്‍, പെണ്‍സുഹൃത്ത് എന്നിവരെ ആക്രമിച്ചതായി കരുതുന്നത്. സ്വന്തം വീട്ടില്‍ മാതാവിനെയും സഹോദരനെയും പെണ്‍സുഹൃത്തിനെയും ചുറ്റികകൊണ്ടു തലയ്ക്കടിച്ച ശേഷം വീട്ടിനുള്ളിലെ ഗ്യാസ് സിലിന്‍ഡറും ഇയാള്‍ തുറന്നുവിട്ടു. ഇവര്‍ക്ക് വിഷം നല്‍കിയതായും അഫാന്‍ പറയുന്നുണ്ട്. ഇതിന് വേണ്ടിയാണോ മന്ത്ി വാങ്ങിയതെന്നതില്‍ വ്യക്തത വന്നിട്ടില്ല. സഹോദരനുമായി പുറത്ത് നിന്നും നാലു മണിക്ക് ശേഷം അഫാന്‍ മന്തി വാങ്ങിയിരുന്നു. ഈ മന്തിയില്‍ വിഷം കലര്‍ത്തി കൊടുക്കാനുള്ള സാധ്യതയാണുള്ളത്.

കൂട്ടക്കൊലപാതകത്തിന്റെ കാരണം സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. അഫാന്റെ പിതാവ് റഹിം വിദേശത്ത് സ്‌പെയര്‍പാര്‍ട്സ് കട നടത്തിയിരുന്നു. വ്യാപാരം തകര്‍ന്നതുമായി ബന്ധപ്പെട്ട് 75 ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നതായാണ് അഫാന്‍ പോലീസിനോടു പറഞ്ഞത്. അതേസമയം, പെണ്‍സുഹൃത്തായ ഫര്‍സാനയുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കവും ആക്രമണത്തിനു കാരണമായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പിതാവിന്റെ സഹോദരനും മാതാവുമടക്കമുള്ളവര്‍ സാമ്പത്തികസഹായം നല്‍കാത്തതിനാലാണ് അവരെ കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ചതെന്നാണ് അഫാന്റെ മൊഴി. എന്നാല്‍, അഫാന്റെ മൊഴിയില്‍ വൈരുധ്യമുണ്ട്.

അഫാന്റെ പിതാവ് റഹിം വിദേശത്താണ്. അഫാനും വിദേശത്തായിരുന്നു. ഇയാള്‍ ഈയിടെയാണ് നാട്ടിലെത്തിയത്. വെഞ്ഞാറമൂട് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അഫ്സാന്‍. അഞ്ചല്‍ സെയ്ന്റ് ജോണ്‍സ് കോളേജിലെ പി.ജി. വിദ്യാര്‍ഥിനിയാണ് ഫര്‍സാന.

Tags:    

Similar News