ആദ്യം അമ്മയെ ആക്രമിച്ചു; പിന്നീട് പെണ്‍ സുഹൃത്തിനെ വീട്ടിലെത്തി വകവരുത്തി; സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ അനുജന്‍ വീട് പൂട്ടികിടക്കുന്നത് കണ്ടപ്പോള്‍ ഉമ്മയെ ഫോണ്‍വിളിച്ചു; എടുത്തത് ചേട്ടനും; ഉടന്‍ അവിടെ എത്തി അനുജനുമായി അകത്തേക്ക്; ഒരു ചെറു ശബ്ദം പോലും പുറത്തു വന്നില്ല; അഫാന്‍ എങ്ങനെ എല്ലാം രഹസ്യമാക്കി?
വെഞ്ഞാറമൂട് : ആരും ചെറിയ ശബ്ദം പോലും കേടിടല്ല. ചുറ്റികയ്ക്ക് നെറ്റിയില്‍ അതിശക്തമായി ഒറ്റയടി. ഇതു ഏറ്റാല്‍ ആര്‍ക്കും പിന്നെ നിലവളിക്കാന്‍ പോലും കഴിയില്ല. ഇത് മനസ്സിലാക്കിയായിരുന്നു അഫാന്റെ കൊലപാതകങ്ങള്‍. തിരക്കേറിയ വെഞ്ഞാറമൂട് പുത്തന്‍പാലം റോഡില്‍നിന്ന് 20 മീറ്റര്‍ ദൂരത്താണ് അഫാന്റെ വീട്. ഇരുവശത്തും മതിലിനുചേര്‍ന്ന് അയല്‍വീടുകളുണ്ട്. എന്നിട്ടും അഫാന്‍ ആക്രമിച്ചപ്പോള്‍ ഒരു നിലവിളി പോലും പുറത്തുകേട്ടില്ല. ഇതിന് കാരണം അഫാന്റെ റിപ്പോര്‍ മോഡല്‍ കൊലയാണ്. എങ്ങനെയാണ് കൊലപാതക രീതി തിരഞ്ഞെടുത്തത് എന്നതില്‍ അടക്കം വ്യക്ത വരേണ്ടതുണ്ട്. അതിനിടെ വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നടന്ന കൊലയില്‍ ചില സൂചനകള്‍ വരുന്നുണ്ട്. മൂന്ന് പേരെ ഈ വിട്ടില്‍ വകരുത്താനായിരുന്നു പദ്ധതി. ഇതില്‍ അമ്മ മാത്രം കഷ്ടിച്ചു രക്ഷപ്പെട്ടു.
വീട്ടില്‍ ആദ്യം അമ്മയേയും പെണ്‍ സുഹൃത്തിനേയും വകവരുത്താന്‍ അഫാന്‍ ശ്രമിച്ചെന്നാണ് വിലയിരുത്തല്‍. സ്‌കൂള്‍ വിട്ട് എത്തിയ അനുജന്‍ ഉമ്മയെ ഫോണില്‍ വിളിച്ചു. ഫോണ്‍ എടുത്തത് അഫാനായിരുന്നു. അപ്പോഴാണ് പുറത്തു നിന്നും അഫാന്‍ വീട്ടിലേക്ക് വന്നത്. തുടര്‍ന്ന് അനുജനുമായി വീട്ടിലേക്ക് പോകുന്നത് കണ്ടവരുണ്ട്. അതിന് മുമ്പ് തന്നെ അമ്മയേയും പെണ്‍സുഹൃത്തിനേയും അഫാന്‍ ആക്രമിച്ചുവെന്നാണ് നിഗമനം. ആ വീട്ടില്‍ താന്‍ മൂന്ന് പേരെ കൊന്നിട്ടുവെന്നായിരുന്നു പോലീസിനെ അഫാന്‍ അറിയിച്ചത്. മൂന്നാമത്തെ കൊല ആരുടേതെന്ന് അപ്പോള്‍ ആര്‍ക്കും അറിയില്ലായിരുന്നു. പൂട്ട് പൊളിച്ച് വീട്ടിലേക്ക് കയറിയ പോലീസ് ഹാളില്‍ അനുജന്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടു. പിന്നീടുളള പരിശോധനയില്‍ അമ്മയേയും കണ്ടു.
അടുക്കളയില്‍ ഗ്യാസിന്റെ മണമുണ്ടായിരുന്നു. ഗ്യാസ് തുറന്നിട്ടതായിരുന്നു ഇതിന് കാരണം. ഗ്യാസ് അടച്ച ശേഷമായിരുന്നു തുടര്‍ പരിശോധന. അപ്പോഴാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെണ്‍സുഹൃത്തായിരുന്നു ഇതെന്ന് വ്യക്തമായത്. അതിന് ശേഷം പോലീസ് അഫാനെ ചോദ്യം ചെയ്തു. അപ്പോഴാണ് വിഷം കഴിച്ച കാര്യം പുറത്ത് അറിഞ്ഞത്. അമ്മയുടെ ജീവന്‍ തിരിച്ചു കിട്ടുമെന്നാണ് പോലീസ് പ്രതീക്ഷ. അങ്ങനെ എങ്കില്‍ ആ വീട്ടില്‍ സംഭവിച്ചതെല്ലാം വ്യക്തമാകും. സാമ്പത്തിക ബാധ്യതയാണ് കൊലപാതക കാരണമെന്ന മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.
അഫാനെ കുറിച്ച് നാട്ടുകാര്‍ക്കൊന്നും മുമ്പ് എന്തെങ്കിലും മോശമായി ചെയ്തതായി അറിയില്ല. നാട്ടിലെ നിശബ്ദനായ നല്ല കുട്ടി. ഇയാളാണ് ഇതെല്ലാം ചെയ്തതെന്ന് പോലും ആര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. ബിരുദധാരിയാണ് അഫാനെന്നു നാട്ടുകാര്‍ പറഞ്ഞു. കുറച്ചുനാള്‍ പിതാവിനൊപ്പം ഗള്‍ഫിലായിരുന്നു. അടുത്തിടെയാണു മടങ്ങിയെത്തിയത്. ഇതിനപ്പുറമുള്ള വിശദാംശങ്ങളൊന്നും അറിയില്ല. അയല്‍ക്കാരുമായും ബന്ധമില്ലായിരുന്നു. ലഹരി ഉപയോഗിക്കുന്നതായോ എന്തെങ്കിലും പ്രശ്‌നങ്ങളില്‍പെട്ടതായോ നാട്ടുകാര്‍ക്കറിയില്ല. വീട്ടില്‍നിന്നു കാര്യമായ ബഹളമോ ശബ്ദമോ ഒന്നും ഒരിക്കലും കേള്‍ക്കാറുമില്ല.
പാങ്ങോടും പുല്ലമ്പാറയിലും കൊലപാതകങ്ങള്‍ കഴിഞ്ഞെത്തിയ അഫാന്‍ അനുജന്‍ അഫ്‌സാനെ സ്‌കൂട്ടറില്‍ പുറത്തുകൊണ്ടുപോയതായി ചിലര്‍ പറയുന്നു. എന്തിനെന്ന് ആര്‍ക്കും നിശ്ചയമില്ല. വൈകിട്ട് ആറോടെ അഫാന്‍ ഓട്ടോയില്‍ കയറിപ്പോയതു കണ്ടവരുണ്ട്. അപ്പോഴും വീടിനുള്ളില്‍ നടന്ന സംഭവത്തെക്കുറിച്ച് ആരും അറിഞ്ഞില്ല. പോലീസ് എത്തി പൂട്ട് തല്ലി പൊളിച്ചപ്പോഴാണ് അയല്‍ക്കാര്‍ പോലും ക്രൂരത അറിയുന്നത്.
സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്നുള്ള അനിശ്ചിതത്വമാണ് കുടുംബാംഗങ്ങളെ ഉള്‍പ്പെടെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് യുവാവ് പോലീസില്‍ നല്‍കിയ ആദ്യ മൊഴിയെന്നാണ് പ്രാഥമികവിവരം. ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. വിവാഹം നിരസിച്ചതിലുള്ള പകയാണ് ക്രൂരകൃത്യത്തിനു യുവാവിനെ പ്രേരിപ്പിച്ചതെന്ന സൂചന ലഭിച്ചതിനാല്‍ അതു സംബന്ധിച്ച അന്വേഷണവും തുടങ്ങിക്കഴിഞ്ഞു.
ഇതിനുപുറമേ, സ്വന്തമായി നടത്തിയിരുന്ന ബിസിനസ് തകര്‍ന്നതും കാരണമായി പറയപ്പെടുന്നു. ഇങ്ങനെ, പലതരം നിഗമനങ്ങളുള്ളതിനാല്‍ കൊലപാതകങ്ങളുടെ ചുരുളഴിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. 75 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പ്രതി പോലീസിനു നല്‍കിയ മൊഴിയിലുള്ളതെന്നാണ് വിവരം. വിദേശത്ത് ബിസിനസ് നടത്തിയത് നഷ്ടത്തിലായി. നാട്ടുകാരില്‍നിന്ന് കുറേ പണം വാങ്ങിയത് വീട്ടാനുണ്ട്.
ഇങ്ങനെ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാല്‍ വീട്ടില്‍ കൂട്ട ആത്മഹത്യക്കു പദ്ധതിയിട്ടിരുന്നതായി യുവാവ് പോലീസിനോടു പറഞ്ഞെന്നാണ് വിവരം. മാതാവിനെ ആദ്യം കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന്, എല്ലാവരുംകൂടി വിഷം കഴിച്ചു മരിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു. മരിക്കാതെ ആരെങ്കിലും രക്ഷപ്പെട്ടാലോയെന്നു കരുതി വേണ്ടെന്നുവെച്ചു. തുടര്‍ന്ന്, വെഞ്ഞാറമൂട്ടില്‍ പോയി ചുറ്റിക വാങ്ങി. വീട്ടിലെത്തി മാതാവിന്റെ തലയ്ക്കടിച്ചു എന്നും മൊഴി നല്‍കിയിട്ടുണ്ട്. പലതും പരസ്പര വിരുദ്ധവുമാണ്്.
താന്‍ 'ആറു പേരെ' കൊലപ്പെടുത്തിയെന്ന് അഫാന്‍ പോലീസിനോടു തുറന്നുപറഞ്ഞത് ഒരു ഭാവവ്യത്യാസവുമില്ലാതെയാണ്. സഹോദരനടക്കം സ്വന്തം വീട്ടുകാരെയും പെണ്‍സുഹൃത്തിനെയുമെക്കെ കൂട്ടക്കൊല നടത്തിയതിനെക്കുറിച്ച് ഒരു കൂസലുമില്ലാതെയുള്ള കുറ്റസമ്മതം കേട്ട് പോലീസും നടുങ്ങി. രണ്ടു മണിക്കൂറിനുള്ളില്‍ മൂന്നു വീടുകളിലായെത്തി നടത്തിയ ഈ ക്രൂരതയാണ് യുവാവ് ലഹരിക്കടിമയാണെന്ന് പോലീസ് കരുതാനുള്ള കാരണം.