സൗദിയിലുള്ള അച്ഛന്‍ നാട്ടിലെത്തിയിട്ട് ഏഴു വര്‍ഷമായി; ഡിഗ്രി പാസാകാത്ത അഫാന്‍; കാന്‍സര്‍ രോഗിയായ അമ്മയ്ക്കൊപ്പം ജീവനൊടുക്കാന്‍ അഫാന്‍ മുന്‍പു തീരുമാനിച്ചിരുന്നുവന്നെും സൂചനകള്‍; സാമ്പത്തിക പ്രതിസന്ധി വാദം തള്ളി അച്ഛന്‍ റഹീം; ഈ പ്രവാസ കുടുംബത്തില്‍ വില്ലനായത് പണമോ പ്രണയമോ?

Update: 2025-02-25 01:49 GMT


തിരുവനന്തപുരം: അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പ്രതി അഫാന്റെ പിതാവ് റഹീം പറയുമ്പോള്‍ നാടിനെ നടുക്കിയ കൊലപാതക പരമ്പകളില്‍ ദുരൂഹത കൂടുന്നു. പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. സൗദിയില്‍ ഉള്ള ബാധ്യതകള്‍ അല്ലാതെ മറ്റൊരു ബാധ്യതയും തനിക്ക് ഇല്ലെന്നും റഹീം പറഞ്ഞു.

പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാന്റെ മൊഴി. കടത്തെ ചൊല്ലി വീട്ടില്‍ ഇന്ന് തര്‍ക്കം ഉണ്ടായെന്നും അങ്ങനെയെങ്കില്‍ ആരും ജീവിക്കണ്ട എന്ന് പറഞ്ഞുവെന്നുമാണ് അഫാന്‍ പൊലീസിന് മൊഴി നല്‍കിയത്. മൊഴികളില്‍ വൈരുധ്യമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഒരു പ്രശ്‌നങ്ങളിലും ഉള്‍പ്പെട്ട ആളല്ല അഫാനെന്ന് പിതാവ് പറഞ്ഞു. ഡിഗ്രിക്ക് പോയെങ്കിലും പാസായില്ല. തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. അത് കൊലയ്ക്ക് കാരണമാകില്ല. അഫാന് സാമ്പത്തിക പ്രശ്‌നമുള്ളതായി അറിയില്ലെന്നും ഏഴു വര്‍ഷമായി താന്‍ നാട്ടില്‍ പോയിട്ടില്ലെന്നും പിതാവ് പറഞ്ഞു. സൗദി ദമാമിലാണ് അഫാന്റെ പിതാവ്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് കൂട്ടക്കൊലയെന്ന അഫാന്റെ പ്രാഥമിക മൊഴി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. അതിനിടെയാണ് അച്ഛന്റെ വെളിപ്പെടുത്തല്‍ വരുന്നത്.

അഫാന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലാണ് നടപടി. സാമ്പത്തിക കാരണങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നിടങ്ങളിയി ഇന്നലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്. പ്രതി അഫാന്റെ സഹോദരന്‍ 8-ാം ക്ലാസ് വിദ്യാര്‍ഥി അഫ്‌സാന്‍ (13), പെണ്‍സുഹൃത്ത് ഫര്‍സാന (23), പിതൃസഹോദരന്‍ എസ്.എന്‍ പുരം ആലമുക്ക് ലത്തീഫ് (66), ഭാര്യ ഷാഹിദ (59), പിതൃമാതാവ് സല്‍മാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവ് ഷെമി അതിഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

പിതാവിന്റെ ബിസിനസ് തകര്‍ന്നതാണ് കടബാധ്യതയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി. കടബാധ്യതയ്ക്കിടെ പെണ്‍സുഹൃത്തിനെ വീട്ടില്‍ വിളിച്ചു കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് വീട്ടില്‍ തര്‍ക്കമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ബന്ധുവീടുകളിലേക്കും പോയെന്നും അവിടെയും തര്‍ക്കമുണ്ടായെന്നും സഹായം ചോദിച്ചിട്ട് ആരും കൂടെ നിന്നില്ലെന്നുമാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. പ്രതിയുടെ മാതാവുമായാണ് തര്‍ക്കമുണ്ടായത്. ആദ്യം മാതാവിന്റെ കഴുത്ത് ഞെരിച്ചു. ഇതിനുശേഷം മരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, സഹായം ചോദിച്ച് ബന്ധുക്കളെ സമീപിച്ചപ്പോള്‍ ആരും കടം തന്നില്ലെന്നും പ്രതി മൊഴി നല്‍കി. ഇതിനുപിന്നാലെയാണ് കൂട്ടക്കൊല നടത്തിയത്.

കൊല്ലപ്പെട്ട ഫര്‍സാനയ്ക്ക് അഫാനുമായുള്ള ബന്ധം വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് അംഗം ബിനോയ് പറയുന്നു. വിവാഹത്തിന് വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. രാത്രികാലങ്ങളില്‍ പുറത്തുപോകുന്ന പതിവ് അഫാന് ഉണ്ടായിരുന്നെന്നും ബിനോയ് പറഞ്ഞു. അഫാനുമായുള്ള ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നാണ് ഫര്‍സാനയുടെ ബന്ധു താഹയും പറയുന്നത്. വിവാഹത്തിന് വീട്ടുകാര്‍ക്ക് സമ്മതമായിരുന്നു. പ്രണയബന്ധം ഫര്‍സാന വീട്ടില്‍ പറഞ്ഞിരുന്നു. ഇന്നലെ വൈകീട്ട് മൂന്നരയോടെ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് ഫര്‍സാന അഫാനൊപ്പം ബൈക്കില്‍ പോയതെന്നും താഹ പറഞ്ഞു.

പെണ്‍സുഹൃത്തായ ഫര്‍സാനയുടെ കയ്യില്‍നിന്ന് അഫാന്‍ സ്വര്‍ണം വാങ്ങി പണയം വച്ചിരുന്നതായും സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളിലായി 3 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ താമസിക്കുന്ന വീട് വിറ്റ് കടം വീട്ടാനുള്ള ശ്രമവും അഫാന്‍ നടത്തിയിരുന്നു. ഫര്‍സാനയില്‍നിന്നു പലപ്പോഴായി അഫാന്‍ പണം വാങ്ങിയിട്ടുണ്ട്. ഇതില്‍ കുറച്ച് തിരികെ കൊടുത്തു. ഇനിയും പണം തിരികെ നല്‍കാനുണ്ട്. സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലി അഫാനും അമ്മയും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായി. ഇക്കാര്യം അമ്മ വിദേശത്തുള്ള പിതാവിനെ ഫോണില്‍ അറിയിച്ചിരുന്നു.

പിതൃസഹോദരനായ ലത്തീഫ് സ്വത്തു നല്‍കാത്തതില്‍ അഫാന് അമര്‍ഷം ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. സാമ്പത്തിക ബാധ്യത രൂക്ഷമായതോടെ, കാന്‍സര്‍ രോഗിയായ അമ്മയ്ക്കൊപ്പം ജീവനൊടുക്കാന്‍ അഫാന്‍ മുന്‍പു തീരുമാനിച്ചിരുന്നുവന്നെും സൂചനകളുണ്ട്.

Tags:    

Similar News