ആലപ്പുഴ അമ്പിളി കൊലപാതകം; ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ; രാജേഷ് അംബിളിയെ കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടര്‍ന്ന്
ആലപ്പുഴ അമ്പിളി കൊലപാതകം
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷ. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് ഭാരതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. രാജേഷിന് രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. രാജേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.2024 മേയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തിരുനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്ന അമ്പിളിയാണ് കൊല്ലപ്പെട്ടത്. ജല ഗതാഗത വകുപ്പ് ജീവനക്കാരനായിരുന്ന രാജേഷ് കുടുംബവഴക്കിനെത്തുടര്‍ന്ന് അമ്പിളിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു.പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്ക് തെക്കുഭാഗത്തുവച്ചാണ് അരുംകൊല നടന്നത്.
കടകളില്‍ നിന്ന് പണം പിരിക്കുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് അമ്പിളിയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് മുതുകിലും കഴുത്തിലുമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. മൂന്ന് തവണയാണ് അമ്പിളിക്ക് കുത്തേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ കളക്ഷന്‍ പണവുമായി രാജേഷ് മുങ്ങി.
ചേര്‍ത്തല പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്ന് തന്നെ പ്രതിയെ പിടികൂടി. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിചാരണ കോടതിയിലും, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രതി ഫയല്‍ ചെയ്ത ജാമ്യ ഹര്‍ജികള്‍ തള്ളി. വിചാരണയില്‍ പ്രോസിക്യൂഷന്‍ ദൃക്‌സാക്ഷികളെയും, ശാസ്ത്രീയ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഹാജരാക്കി. സി.പി.ഒ മാത്യു പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. അഡീഷ്ണല്‍ ഗവ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.എ.ശ്രീമോന്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.