ആരും കാണില്ലെന്ന് കരുതി പമ്മിയെത്തിയ ആ വിദ്യാർത്ഥികൾ; ചുറ്റുമൊന്ന് നോക്കിയ ശേഷം ആംബുലന്‍സുമായി കടന്നുകളഞ്ഞ് സംഘം; ഇവർ എങ്ങോട്ട് മുങ്ങിയത് എന്ന് അറിയാതെ പരക്കം പാഞ്ഞ് പോലീസ്; എല്ലാത്തിനും തെളിവായി ക്യാമറ ദൃശ്യങ്ങൾ
തിരുവനന്തപുരം: കല്ലമ്പലത്ത് ആംബുലൻസ് മോഷ്ടിച്ച് കടന്നുകളഞ്ഞ വിദ്യാർഥി സംഘത്തിനായി പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുടവൂർ മുസ്‍ലിം ജമാഅത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസ് മോഷണം പോയത്. മോഷണത്തിന് പിന്നാലെ വിദ്യാർഥികളെയും കാണാതായതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചു.
ആംബുലൻസ് മോഷ്ടിച്ച് കടന്നുകളയുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നിന്നാണ് വാഹനം മോഷ്ടിച്ചത് വിദ്യാർഥികളാണെന്ന് പോലീസ് സ്ഥിരീകരിച്ചതും അവരെ തിരിച്ചറിഞ്ഞതും.
കുടവൂർ മുസ്‍ലിം ജമാഅത്ത് അധികൃതരാണ് ആംബുലൻസ് മോഷണം പോയതായി കല്ലമ്പലം പോലീസിൽ പരാതി നൽകിയത്. ഇതിനു പിന്നാലെ, കാണാതായ വിദ്യാർഥികളുടെ രക്ഷിതാക്കളും തങ്ങളുടെ മക്കളെ കാണാതായെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി.
ആംബുലൻസുമായി വിദ്യാർഥികൾ എവിടേക്കാണ് പോയതെന്നോ നിലവിൽ എവിടെയാണുള്ളതെന്നോ ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. കാണാതായ വിദ്യാർഥികളെയും മോഷണം പോയ ആംബുലൻസിനെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.