പെണ്‍കുഞ്ഞിനെ നഷ്ടപ്പെട്ട ആ വീട്ടുകാര്‍ക്ക് പൊതു സമൂഹത്തിന്റെ പിന്തുണ വേണം; ഒരു പെണ്‍കുഞ്ഞിനെ സവര്‍ണ്ണ വിദ്യാര്‍ഥിനികള്‍ കൊന്നതാണ്; സഹപാഠികള്‍ കൊന്നു കളഞ്ഞ കുട്ടിക്ക് നീതി കിട്ടട്ടെ; ഈ പോസ്റ്റിലുള്ളത് എന്‍ എസ് എസ് ഹോസ്റ്റലിലെ മരണത്തില്‍ എസ് സി-എസ് ടി വകുപ്പിന്റെ സാധ്യത; അമ്മുവിനെ തളര്‍ത്തിയവര്‍ രക്ഷപ്പെടുമോ?
പത്തനംതിട്ട : ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ചില വസ്തുതകള്‍ സാമൂഹ്യ പ്രവര്‍ത്തകയായ ധന്യാ രാമന്‍ വെളിപ്പെടുത്തിയിരുന്നു. അങ്ങനെ ആ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്താല്‍ ഒറ്റനോട്ടത്തില്‍ തന്നെ എസ് സി/ എസ് ടി വകുപ്പു പ്രകാരം കേസെടുക്കേണ്ട അവസ്ഥയുണ്ട്. എന്നാല്‍ പോലീസ് ഇതിനെ വെറും ആത്മഹത്യാ കേസാക്കി മാറ്റുന്നു.
സീപാസിനു കീഴിലുള്ള എസ്എംഇ കോളജ് ഓഫ് നഴ്‌സിങ്ങിലെ നാലാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനി തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്തുപൊയ്കയില്‍ ശിവം വീട്ടില്‍ സജീവിന്റെയും രാധാമണിയുടെയും മകള്‍ അമ്മു എ.സജീവ് (21) ആണ് കഴിഞ്ഞ വെള്ളിയാഴ്ച ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചുവെന്നാണ് അമ്മു താമസിച്ചിരുന്ന ഹോസ്റ്റല്‍ അധികൃതരുടെ വിശദീകരണം. ആത്മഹത്യ ആണെങ്കില്‍ പോലും അതിലേക്ക് തള്ളിവിട്ട മൂന്ന് പെണ്‍കുട്ടികളുണ്ട്. 71 കിലോമീറ്റര്‍ ദുരമുള്ള കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകാതെ ആരുടെ നിര്‍ദേശപ്രകാരമാണ് 102 കിലോമീറ്റര്‍ ദൂരത്തില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടു വന്നതെന്ന ചോദ്യവും പ്രസക്തം.
ഓക്‌സിജന്‍ മാസ്‌കുപോലും ഇല്ലാത്ത ആംബുലന്‍സിലാണ് മൂന്നു നിലയുടെ മുകളില്‍ നിന്നു വീണ കുട്ടിയെ കൊണ്ടു വന്നത്. വരുന്ന വഴി എല്ലാവിധ സൗകര്യങ്ങളുമുള്ള ആശുപത്രികള്‍ ഉണ്ടായിട്ടും അവിടെ ഒരിടത്തും കയറ്റിയില്ല. ഐസിയു സംവിധാനമുള്ള ആംബുലന്‍സില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനുള്ള സൗകര്യം ഒരുക്കാത്തതെന്ത്? ജനറല്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അമ്മുവിന്റെ സ്ഥിതി കണ്ടുനിന്നവര്‍ പോലും പെട്ടെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടും കൂടെ വന്നവര്‍ അതും ചെവിക്കൊണ്ടില്ല. അമ്മുവിനെ മാനസികവും ശാരീരികവുമായി ചില സഹപാഠികള്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായി വീട്ടുകാരെ അറിയിച്ചിരുന്നു. ഈ സഹപാഠികളെ അറസ്റ്റു ചെയ്യാനോ കേസെടുക്കാനോ പോലീസ് തയ്യാറാകുന്നില്ല. ധന്യാ രാമന്റെ വെളിപ്പെടുത്തല്‍ നോക്കിയാല്‍ ഇവര്‍ക്കെതിരെ എസ് എസി എസ് ടി വകുപ്പ് ചുമത്തേണ്ടതാണ്. അതായത് ജാമ്യമില്ലാ കുറ്റം ഈ മൂന്ന് സഹപാഠികള്‍ ചെയ്തിരിക്കുന്നു.
അമ്മു സജീവിന്റെ മരണത്തില്‍ കോളേജ് പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികളും അമ്മുവുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് കോളേജിനുള്ളില്‍ തന്നെ പരിഹരിച്ചതാണ്, ആത്മഹത്യ ചെയ്യേണ്ട കാരണങ്ങളില്ലായിരുന്നുവെന്ന് അമ്മു സജീവിന്റെ ക്ലാസ് ടീച്ചര്‍ ഉള്‍പ്പെടെ മൊഴി നല്‍കിയത്. ആരോപണ വിധേയരായ വിദ്യാര്‍ത്ഥിനികളെയും അടുത്ത ദിവസം പൊലീസ് ചോദ്യം ചെയ്യും. എങ്ങനെയാണ് പ്രശ്‌നം പരിഹരിച്ചെന്ന് പറയുന്നതെന്ന് വ്യക്തമല്ല.
സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന പരാതി അമ്മുവിന്റെ പിതാവ് നല്‍കിയിരുന്നു. പിന്നാലെ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചു. വിദ്യാര്‍ത്ഥിനികളോട് വിശദീകരണം തേടിയ ശേഷം, പ്രശ്‌നം പരിഹരിച്ചതാണെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. അമ്മുവും സഹപാഠികളും തമ്മില്‍ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ലോഗ് ബുക്ക് കാണാതായും ടൂര്‍ കോഓഡിനേറ്ററായി അമ്മുവിനെ തെരഞ്ഞെടുത്തുമൊക്കെ തര്‍ക്കം രൂക്ഷമാക്കി. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ത്തതാണെന്ന് ക്ലാസ് ടീച്ചറും പറയുന്നു.
ആരോപണവിധേയരായ മൂന്ന് വിദ്യാര്‍ത്ഥികളും ഇപ്പോള്‍ അവരുടെ വീടുകളിലാണ്. രക്ഷിതാക്കളുടെ അനുമതി വാങ്ങി അവരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. എല്ലാ അര്‍ത്ഥത്തിലും ഈ മൂന്ന് പെണ്‍കുട്ടികളേയും രക്ഷിക്കുന്ന മൊഴിയാണ് അധ്യാപകരും പ്രിന്‍സിപ്പലും നല്‍കുന്നത്. എന്നാല്‍ ആ മൊഴികളില്‍ പോലും എസ് സി എസ് ടി വകുപ്പില്‍ കേസെടുക്കേണ്ട സാഹചര്യമുണ്ട്. ധന്യാ രാമന്‍ രണ്ടു പോസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് ഇട്ടത്.
ആദ്യ പോസ്റ്റ് ഇങ്ങനെ
പത്തനംതിട്ട ജില്ലയില്‍ ചുട്ടിപ്പാറ SME നഴ്‌സിംഗ് കോളേജില്‍ നാലാം വര്‍ഷം നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ അമ്മു തിരുവനന്തപുരം പോത്തന്‍കോട് ചാരുംമൂട് സ്വദേശിനിയാണ്. അടുത്തുള്ള താഴെ വെട്ടിപ്പുറം എന്‍എസ്എസ് ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു. ആ ഹോസ്റ്റലിന്റെ മുകളിലത്തെ നിലയില്‍ നിന്നും വീണ ഗുരുതരമായി പരിക്കേറ്റ് അവള്‍ മരിച്ചു. സഹപാഠികള്‍ ക്രൂരമായി ടോര്‍ച്ചര്‍ ചെയ്തു എന്നുള്ളതാണ് വിഷയം. പിന്നോക്ക കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ഥിനി കൂടിയാണ്. ആരോടും അധികം സംസാരിക്കാന്‍ പോലും പോകാത്ത ഒരു വിദ്യാര്‍ത്ഥിനിയായിരുന്നു അമ്മു. കൂടെയുള്ളവര്‍ ഉള്ളവര്‍ മുറിയില്‍ അതിക്രമിച്ചു കയറി നിരന്തരം ടോര്‍ച്ചര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അവള്‍ ആത്മഹത്യ ചെയ്തത്. അന്വേഷണം നടന്നുവരുന്നു. എതിര്‍കക്ഷികള്‍ ആയിട്ടുള്ള പെണ്‍കുട്ടികള്‍ പ്രബല സമുദായക്കാരും സമ്പത്തുള്ളവരും ആണെങ്കില്‍ എങ്ങനെ കേസ് മുമ്പോട്ട് പോകും എന്നുള്ളതിനെ കുറിച്ച് ആശങ്കയുണ്ട്. പെണ്‍കുഞ്ഞിനെ നഷ്ടപ്പെട്ട ആ വീട്ടുകാര്‍ക്ക് പൊതു സമൂഹത്തിന്റെ പിന്തുണ വേണം. ഒരു പെണ്‍കുഞ്ഞിനെ സവര്‍ണ്ണ വിദ്യാര്‍ഥിനികള്‍ കൊന്നതാണ്.
രണ്ടാമത്തെ പോസ്റ്റ് ഇങ്ങനെ
സഹകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പത്തനംതിട്ടയിലെ എസ് എം ഇ നേഴ്‌സിങ് സ്‌കൂള്‍. ആരോഗ്യവകുപ്പ് മന്ത്രിയുടെ ജില്ല തന്നെ. ആരോഗ്യവകുപ്പിന് കീഴില്‍ നഴ്‌സിംഗ് കൗണ്‍സില്‍ എന്ന ഒരു സംവിധാനം ഉണ്ടായിരുന്നു. നേരത്തെ ഇത്തരം നേഴ്‌സിങ് സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും കുട്ടികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും കൃത്യമായി നടപടി എടുക്കുകയും ചെയ്യുന്ന മിടുക്കരായിട്ടുള്ള മനുഷ്യര്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ നഴ്‌സിംഗ് കൗണ്‍സില്‍ എന്ത് പറ്റി എന്ന് അറിയില്ല. അതില്‍ 30 35 വര്‍ഷം എക്‌സ്പീരിയന്‍സ് ഉള്ള ആ നേഴ്‌സുമാരാണ് കാര്യങ്ങള്‍ പഠിച്ചു പ്രവര്‍ത്തിച്ചിരുന്നത്. അവരൊക്കെ ആക്ടീവായി ഇത്തരം സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചിരുന്നെങ്കില്‍ കുടുംബത്തിന് ഇന്ന് അമ്മുവിനെ നഷ്ടപ്പെടില്ലായിരുന്നു. അമ്മു ടൂര്‍ കോഡിനേറ്റര്‍ ആയാല്‍ ഞങ്ങള്‍ വരില്ല എന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍ അവളെ ടോര്‍ച്ചര്‍ ചെയ്തിരുന്നു അത് മാത്രമല്ല കാരണം. അവര്‍ തന്നെ മറ്റെന്തോ സാമ്പത്തിക തിരുമറികളും നടത്തിയിരുന്നു. അത് അമ്മുവി്‌ന് അറിയാമായിരുന്നു. ഈ വിഷയങ്ങളെല്ലാം പുറത്ത് പറയാതിരുന്ന സ്ഥാപനമാണ് കുറ്റക്കാരന്‍. അതോടൊപ്പം തന്നെ അമ്മുവിനെ ടോര്‍ച്ചര്‍ ചെയ്തു കൊന്ന സഹപാഠികളും. നാലുവര്‍ഷത്തെ നേഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി ഒരു മാസത്തെ റിവിഷന്‍ വേണ്ടിയിട്ട് ഹോസ്റ്റലില്‍ എത്തിയതായിരുന്നു അമ്മു. അത് മരണത്തിലേക്ക് നയിച്ചു.
ഇതുവരെ പ്രതികളായിട്ടുള്ള സഹപാഠികളുടെ പേര് വിവരങ്ങള്‍ ഒന്നും പുറത്തു വരാത്തതില്‍ ആശങ്കയുണ്ട്. നഴ്‌സിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പൊതുവേ രാഷ്ട്രീയം പിന്തുണ നല്ലപോലെ കിട്ടുന്നവരാണ്. കാരണം അംഗീകാരം നേടിയെടുക്കാന്‍ തന്നെ തൊട്ടപ്പുറത്തുള്ള അനാഥാലയത്തില്‍ നിന്നും വൃദ്ധമന്ദിരങ്ങളില്‍ നിന്നൊക്കെ ആളുകളെ കൊണ്ടുകിടത്തിയാണ് ഇവര്‍ ലൈസന്‍സ് നേടുന്നത്. അതുകൊണ്ട് ഇത്തരം സ്ഥാപനങ്ങളുടെ ഉടമകള്‍ എല്ലാം തന്നെ ഒറ്റക്കെട്ടായി നില്‍ക്കും. പലതരത്തിലുള്ള ആശങ്കകള്‍ ഇത്തരം മരണത്തിനു പിന്നിലുണ്ട്. നീതി കിട്ടുമോ എന്നുള്ളതാണ് കണ്ടറിയേണ്ടത്. കുറച്ചുനാളുകളെ ആയിട്ടുള്ളൂ സിദ്ധാര്‍ത്ഥിനെ മൂന്നുദിവസം പട്ടിണികിട്ട് കൊന്നിട്ട്. ഒരു സ്ഥാപനവും ഒന്നില്‍ നിന്നുംമുക്തരാകുന്നില്ല വിഭിന്നമല്ല എന്ന് വേണം കരുതാന്‍.
സഹപാഠികള്‍ കൊന്നു കളഞ്ഞ കുട്ടിക്ക് നീതി കിട്ടട്ടെ