അമ്മു കെട്ടിടത്തില്‍ നിന്നും ചാടിയെന്ന് വിദ്യാര്‍ത്ഥിനികള്‍ അറിയിച്ചത് നാലരയോടെ; ആശുപത്രിയില്‍ എത്തിച്ചത് മുക്കാല്‍ മണിക്കൂറോളം വൈകി; മൂന്നാം നിലയില്‍ നിന്നും വീണിട്ടും വസ്ത്രത്തില്‍ ചെളിയോ മണ്ണോ പുരളാത്തതിലും സംശയം: അമ്മു സജീവന്റെ മരണത്തില്‍ അടിമുടി ദുരൂഹത

അമ്മു സജീവന്റെ മരണത്തില്‍ അടിമുടി ദുരൂഹത

Update: 2024-11-21 01:48 GMT

തിരുവനന്തപുരം: പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ കോളജ് ഓഫ് നഴ്‌സിങ്ങിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനി അമ്മു എ.സജീവിന്റെ മരണത്തില്‍ അടിമുടി ദുരൂഹത. കോളേജ് അധികൃതരുടെ വിശദീകരണത്തില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. അമ്മു കെട്ടിടത്തില്‍ നിന്നു ചാടിയെന്നാണ് സഹപാഠികള്‍ പറഞ്ഞത്. എന്നാല്‍ തുണിയെടുക്കാന്‍ പോയപ്പോള്‍ കാല്‍തെറ്റി വീണെന്നായിരുന്നു വാര്‍ഡന്‍ പറഞ്ഞത്.

അമ്മു കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയെന്ന് നാലരയോടെ വിദ്യാര്‍ഥിനികള്‍ ക്ലാസ് ടീച്ചറെ വിളിച്ചറിയിച്ചെന്നാണ് കോളജില്‍നിന്നു പറഞ്ഞത്. എന്നാല്‍ തൊട്ടടുത്തുള്ള പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അമ്മുവിനെ എത്തിച്ചത് വളരെ വൈകിയാണ്. 2.6 കിലോമീറ്റര്‍ ദൂരം മാത്രമുള്ള ആശുപത്രിയില്‍ 5.15 ഓടെയാണ് അമ്മുവിനെ എത്തിച്ചതെന്നാണ് ആശുപത്രി രേഖയിലുള്ളത്. അതായത് മുക്കാല്‍ മണിക്കൂറോളം വൈകി. ഇതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.

ഒരു മണിക്കൂര്‍ 37 മിനിറ്റ് ആശുപത്രിയില്‍ കിടത്തിയെന്നാണ് പറയുന്നത്. സൗകര്യങ്ങളില്ലാത്തതിനാല്‍ 108 ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ആശുപത്രിയില്‍ നിന്നും നിര്‍ദേശിച്ചെന്നും പറയുന്നു. ഇതിനു തടസ്സം നിന്നത് ആരെന്നു കണ്ടെത്തണമെന്നും മാതാപിതാക്കള്‍ പറഞ്ഞു.

വെന്റിലേറ്ററടക്കം സൗകര്യമുള്ള ആംബുലന്‍സില്‍ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെട്ടത്. വഴിയില്‍ പല ആശുപത്രികളുണ്ടായിരുന്നിട്ടും അവിടെയെങ്ങും അമ്മുവിനെ കാണിക്കാന്‍ അവര്‍ ശ്രമിച്ചില്ല. ശരീരത്തില്‍ പൊട്ടലുകളുണ്ടെന്നറിഞ്ഞിട്ടും ആംബുലന്‍സിലേക്കു കയറ്റും മുന്‍പ് മുന്‍കരുതല്‍ സ്വീകരിച്ചില്ല. മൂന്നാം നിലയില്‍ നിന്നും വീണിട്ടും അതിന്റെ തെളിവുകള്‍ ശരീരത്തിലോ അമ്മു ധരിച്ചിരുന്ന യൂണിഫോമിലോ ഉണ്ടായിരുന്നില്ലെന്ന് മൃതദേഹ പരിശോധനയ്ക്കു സാക്ഷിയായിരുന്ന പോത്തന്‍കോട് പഞ്ചായത്തംഗം ബിന്ദു സത്യന്‍ പറഞ്ഞു. വസ്ത്രത്തില്‍ രക്തക്കറയോ ചെളിയോ മണ്ണോ പുരണ്ടിരുന്നില്ല. യൂണിഫോമിന്റെ മുന്‍വശം കീറിയിരുന്നു. നെറ്റിയുടെ ഒരു ഭാഗത്ത് ചെറിയ ചതവും തലയുടെ പിറകില്‍ രണ്ടു പാടുകളും ഉണ്ടായിരുന്നുവെന്നുമാണ് അവര്‍ പറഞ്ഞത്.

മകള്‍ വീണതറിഞ്ഞ് വിവരമറിയാന്‍ പലവട്ടം ഹോസ്റ്റല്‍ വാര്‍ഡനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഒടുവില്‍ അഞ്ചേകാലോടെയാണു ഫോണ്‍ എടുത്തതെന്നും അമ്മുവിന്റെ അമ്മ രാധാമണി പറയുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞതിന് വിപരീതമായി തുണിയെടുക്കാന്‍ പോയപ്പോള്‍ കാല്‍തെറ്റി വീണെന്നായിരുന്നു വാര്‍ഡന്‍ പറഞ്ഞത്. ഹോസ്റ്റലിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചപ്പോള്‍ അറിയിച്ചത് കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയെന്നും. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മകളോട് രണ്ടു വാക്ക് സംസാരിക്കും മുന്‍പ് ഫോണ്‍ പിടിച്ചു വാങ്ങിയതു പോലെ തോന്നിയതായും രാധാമണി പറയുന്നു. മറ്റൊരു കുട്ടിയുടെ ലോഗ് ബുക്ക് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് അമ്മുവിനെ മോശക്കാരിയാക്കാന്‍ ശ്രമം നടന്നുവെന്നും രാധാമണി പറഞ്ഞു.

അമ്മുവിന്റെ മരണത്തില്‍ സമഗ്ര അന്വേഷണത്തിനാണ് പോലിസ് ഒരുങ്ങുന്നത്. അന്വേഷണത്തില്‍ വീഴ്ചയുണ്ടാകാതിരിക്കാനും വിദ്യാര്‍ഥികള്‍ക്ക് ഭയം കൂടാതെ കാര്യങ്ങള്‍ അറിയിക്കാനും വേണ്ടത് ചെയ്‌തെന്ന് അമ്മുവിന്റെ വീട്ടില്‍ വിവരം ശേഖരിക്കാനെത്തിയ ആരോഗ്യ സര്‍വകലാശാല അന്വേഷണ സമിതി അംഗങ്ങള്‍ പറഞ്ഞു. പേരുകള്‍ വയ്ക്കാതെ അവര്‍ക്ക് അറിയിക്കാനുള്ള കാര്യങ്ങള്‍ എഴുതി ബോക്‌സില്‍ ഇടാനാണ് ആവശ്യപ്പെട്ടത്. എല്ലാവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. വൈകാതെ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്കു കൈമാറുമെന്നും അവര്‍ പറഞ്ഞു. ആരോഗ്യ സര്‍വകലാശാല സ്റ്റുഡന്റ്‌സ് അഫയേഴ്‌സ് ഡീന്‍ ഡോ.വി.വി. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണു വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചത്.

മൊഴിയെടുപ്പ് പൂര്‍ത്തിയായി

അമ്മു സജീവ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണ സംഘം മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി. ഇന്നലെ അമ്മുവിന്റെ പിതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം മാതാവിന്റെയും സഹോദരന്റെയും മൊഴിയെടുത്തിരുന്നു. കോളജ് പ്രിന്‍സിപ്പലിനു നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ പിതാവ് മൊഴിയിലും ആവര്‍ത്തിച്ചു. ആരോപണ വിധേയരായ സഹപാഠികളുടെ മൊഴിയും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. മൊഴികളില്‍ വൈരുധ്യമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പരിശോധിക്കും. ഫോണ്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Tags:    

Similar News