21 ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്നത് 400 കോടിയുടെ ഇടപാടുകള്‍; അനന്തുവിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു പോലീസ്; വാട്സാപ്പ് ചാറ്റിലെ വിവരങ്ങളും ശേഖരിച്ചപ്പോള്‍ പുറത്താകുന്നത് രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കിയ പണത്തിന്റെ കണക്കുകള്‍; തട്ടിയെടുത്തത് 800 കോടിയെന്ന് നിഗമനം; തട്ടിപ്പുപണം പോയ വഴിതേടി ഇഡിയും എത്തും
21 ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്നത് 400 കോടിയുടെ ഇടപാടുകള്‍
കൊച്ചി: പകുതിവിലയ്ക്ക് ഇരുചക്രവാഹനങ്ങളും ലാപ്‌ടോപ്പും നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി തൊടുപുഴ കുടയത്തൂര്‍ സ്വദേശി അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പോലീസ്. ഈ അക്കൗണ്ടുകളിലൂടെ മാത്രം 400 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ അനന്തു നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരവിപ്പിച്ചത്. കസ്റ്റഡിയിലുള്ള അനന്തുവിനെ ഞായറാഴ്ച എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ ഇയാള്‍ താമസിച്ചിരുന്ന രണ്ട് ഫ്‌ളാറ്റുകളിലും കടവന്ത്രയില്‍ അനന്തുകൃഷ്ണന്റെ ഓഫീസായി പ്രവര്‍ത്തിച്ച സോഷ്യല്‍ ബീ വെഞ്ച്വേഴ്‌സിലുമെത്തിച്ച് തെളിവെടുക്കും.
അതേസമയം അനന്തുവിന്റെ വാട്സാപ്പ് ചാറ്റുകളും പോലീസിന് ലഭിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്കുള്‍പ്പെടെ പണം നല്‍കിയെന്ന് അനന്തു മൊഴി നല്‍കിയിരുന്നു. ഇതിന് തെളിവുകള്‍ അടക്കം വാട്‌സ് ആപ്പ് ചാറ്റിലുണ്ട്. 2023 അവസാനമാരംഭിച്ച സ്‌കൂട്ടര്‍വിതരണ പദ്ധതിപ്രകാരം ഇനിയും ആയിരക്കണക്കിനാളുകള്‍ക്ക് സ്‌കൂട്ടര്‍ ലഭിക്കാനുണ്ടെന്നും വ്യക്തമായിട്ടുണ്ട്. എന്‍.ജി.ഒ. കോണ്‍ഫെഡറേഷനില്‍നിന്ന് പണം വകമാറ്റിയാണ് അനന്തു വിവിധയിടങ്ങളില്‍ ഭൂമി വാങ്ങിയതെന്നും വ്യക്തമായി. തൊടുപുഴ മുട്ടത്തും കുടയത്തൂരിലും സ്ഥലം വാങ്ങി. ഇവിടെത്തന്നെ മറ്റൊരു സ്ഥലത്തിന് അഡ്വാന്‍സ് കൊടുത്തതായും ഒന്നരക്കോടി രൂപ വിവിധ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ തട്ടിപ്പുകേസില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ഇപ്പോഴുമെത്തുന്നുണ്ട്. എറണാകുളം റൂറല്‍ ജില്ല, ഇടുക്കി എന്നിവിടങ്ങളില്‍ ശനിയാഴ്ചയും പരാതികളെത്തി. മാള സ്റ്റേഷനില്‍ രണ്ടുകേസുകള്‍ കൂടി എടുത്തു. ഇതോടെ നിലവില്‍ തൃശ്ശൂര്‍ ജില്ലയില്‍ നാലുകേസുകളായി. തൃശ്ശൂര്‍ സിറ്റി പോലീസിന് കീഴില്‍ പതിനഞ്ച് പരാതികളും ലഭിച്ചിട്ടുണ്ട്.
അനന്തു കൃഷ്ണന്‍ എറണാകുളം, ഇടുക്കി ജില്ലകളിലെ ചെറുതും വലുതുമായ അന്‍പതോളം രാഷ്ട്രീയക്കര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പല പരിപാടികളും സ്‌പോണ്‍സര്‍ ചെയ്തതിനു പുറമേ, തിരഞ്ഞെടുപ്പു ഫണ്ടായും പണം നല്‍കി. പലരും അനന്തുവിന്റെ തട്ടിപ്പ് അറിയാതെ രാഷ്ട്രീയ സംഭാവനയെന്ന വിധത്തിലാണ് പണം വാങ്ങിയത്.
മുന്‍നിര പാര്‍ട്ടികളെയെല്ലാം ബാധിക്കുന്ന കേസായതിനാല്‍ പണം വാങ്ങിയവരുടെ പട്ടിക പൊലീസ് പുറത്തുവിട്ടിട്ടില്ല. അനന്തുവിനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം നടത്തിയ തെളിവെടുപ്പിലാണ് പണമിടപാടു രേഖകള്‍ ലഭിച്ചത്. ആര്‍ക്കെല്ലാം എപ്പോഴെല്ലാം എത്ര വീതം പണം കൊടുത്തുവെന്നതിന്റെ കൃത്യമായ രേഖകള്‍ സൂക്ഷിച്ചിരുന്നു. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എന്‍.ആനന്ദകുമാറിന് മാസം 10 ലക്ഷം രൂപ വീതം നല്‍കിയതായും മൊഴിയുണ്ട്.
ഉദ്യോഗസ്ഥര്‍ക്കു പണം നല്‍കിയതിന്റെ രേഖകളും അനന്തു പൊലീസിനു കൈമാറി. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ പരിശോധന തുടരുകയാണ്. കൃത്യമായ തെളിവുകള്‍ ലഭിച്ചതിനാല്‍ പണം വാങ്ങിയവരെ ചോദ്യം ചെയ്യാതെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ആര്‍ക്കെല്ലാമാണു തട്ടിപ്പില്‍ നേരിട്ടു പങ്കാളിത്തമുള്ളതെന്നും പരിശോധിക്കണം. തട്ടിപ്പാണെന്നു മനസ്സിലാക്കിത്തന്നെ അനന്തുവിനെ സഹായിച്ച നേതാക്കളെയും തിരിച്ചറിയേണ്ടതുണ്ട്. സാമ്പത്തിക വഞ്ചനാക്കുറ്റങ്ങളില്‍ പ്രതിചേര്‍ക്കാന്‍ തട്ടിപ്പിലെ കൂട്ടുത്തരവാദിത്തം പ്രധാനമാണ്. തട്ടിപ്പിന്റെ വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി), സെന്‍ട്രല്‍ ഇക്കണോമിക് ഇന്റജിലന്‍സ് ബ്യൂറോയും ആദായനികുതി വിഭാഗവും പരിശോധിക്കുന്നുണ്ട്.
അനന്തു കൃഷ്ണന്‍ 800 കോടി രൂപയെങ്കിലും തട്ടിച്ചതായാണു പൊലീസിന്റെ പ്രാഥമിക അനുമാനം. പൊലീസ് ഈരാറ്റുപേട്ടയിലും തൊടുപുഴയിലും തെളിവെടുപ്പു നടത്തി. ചോദ്യം ചെയ്യലും തെളിവെടുപ്പും ഏറക്കുറെ പൂര്‍ത്തിയാക്കിയതിനാല്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്ന ഉത്തരവ് ഉടന്‍ ഇറങ്ങും. അനന്തു അടക്കമുള്ളവര്‍ക്കെതിരെ 153 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 600 പരാതികള്‍ ലഭിച്ചു. കൂടുതല്‍ കേസുകള്‍ ഇടുക്കിയിലാണ് 34, പരാതികള്‍ തൊടുപുഴയില്‍ 585.
അനന്തു കൃഷ്ണനെ ജന്മനാട്ടില്‍ എത്തിച്ച് തെളിവെടുത്തു. മൂവാറ്റുപുഴ പൊലീസിന് ലഭിച്ച പരാതിയെത്തുടര്‍ന്ന് അനന്തു കൃഷ്ണനെ എറണാകുളത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ ഈരാറ്റുപേട്ടയില്‍ എത്തിച്ച് തെളിവെടുത്തതിനു ശേഷമാണ് കോളപ്രയിലും ശങ്കരപ്പിള്ളിയിലും ഏഴുംമൈലിലും എത്തിച്ചത്. അനന്തുവിന്റെ വീട് സ്ഥിതി ചെയ്യുന്ന ഏഴാംമൈലില്‍ ഇയാളെ എത്തിച്ചെങ്കിലും വാഹനത്തില്‍ നിന്ന് അനന്തു കൃഷ്ണനെ പുറത്തിറക്കിയില്ല. ഏഴാംമൈലിലും കോളപ്രയിലുമുള്ള അനന്തുവിന്റെ ഓഫിസിലും എത്തി തെളിവെടുപ്പ് നടത്തി. കോളപ്ര, ഏഴാംമൈല്‍, കുടയത്തൂര്‍ ഭാഗങ്ങളില്‍ വാങ്ങിയതും അഡ്വാന്‍സ് കൊടുത്തതുമായ സ്ഥലങ്ങള്‍ അനന്തു കൃഷ്ണന്‍ പൊലീസിനു കാണിച്ചു കൊടുത്തു.
കോട്ടയം, ഇടുക്കി ജില്ലകളിലായി അഞ്ചിടത്ത് ഭൂമി വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അനന്തുവുമായി തെളിവെടുപ്പിന് എത്തിയത്. സെന്റിന് ഒന്നര ലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെ വില വരുന്ന ഭൂമിയാണ് അനന്തു വാങ്ങിയത്. ബിനാമി പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രാവിലെ ഈരാറ്റുപേട്ടയില്‍ തെളിവെടുപ്പ് നടത്തിയ ശേഷമാണ് കുടയത്തൂരിലുള്‍പ്പെടെ അനന്തുവിനെ എത്തിച്ചത്.