എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന് നാട്ടുകാരുടെ ഏഷണി; ഇതിന്റെ പേരില്‍ വീട്ടില്‍ തര്‍ക്കങ്ങള്‍ പതിവ്; ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ശകരാരിച്ചു പിതാവ്; വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ എത്തിയപ്പോള്‍ സ്വന്തം മകളെ കഴുത്തു ഞെരിച്ചു കൊന്നു ഫ്രാന്‍സിസ്; മാരാരിക്കുളത്തേത് ദുരഭിമാന കൊലപാതകം!
എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന് നാട്ടുകാരുടെ ഏഷണി
ആലപ്പുഴ: മാരാരിക്കുളത്തെ യുവതിയെ പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയുടെ കൊലപാതകം ദുരഭിമാന കൊലപാതകങ്ങളുടെ ഗണത്തില്‍ പെടുത്തേണ്ടി വരും. കരണം ഇത്തരമൊരു സംഭവതതിലേക്ക് നയിച്ചതില്‍ നാട്ടുകാരുടെ ഏഷണിയും ഉണ്ടെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. മകളെ അച്ഛന്‍ തോര്‍ത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതിനു പിന്നില്‍ രാത്രിയാത്രയുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കുടിയാംശേരി വീട്ടില്‍ എയ്ഞ്ചല്‍ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ഫ്രാന്‍സിസിനെ (ജോസ് മോന്‍, 53) ഇന്നലെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എയ്ഞ്ചല്‍ സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുന്‍പും വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. നാട്ടുകാരില്‍ ചിലര്‍ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടില്‍ ഫ്രാന്‍സിസിനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇത് കേട്ടാണ് മകളുടെ യാത്ര തെറ്റാണെന്ന് പറഞ്ഞ് പിതാവ് രംഗത്തുവന്നതും.
ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാന്‍സിസ് ശകാരിച്ചു. ഇതു വാക്കുതര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി. വഴക്കിനിടെ ഫ്രാന്‍സിസ് എയ്ഞ്ചലിന്റെ കഴുത്തില്‍ ഞെരിച്ചു. തുടര്‍ന്ന് തോര്‍ത്തിട്ടു മുറുക്കി. ഫ്രാന്‍സിസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.
എയ്ഞ്ചല്‍ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളില്‍ത്തന്നെ ഇരുന്നു. പുലര്‍ച്ചെ 6 മണിയോടെ എയ്ഞ്ചലിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നു പറഞ്ഞു ഇവര്‍ കരഞ്ഞതോടെയാണ് അയല്‍വാസികള്‍ വിവരം അറിഞ്ഞതെന്നു പൊലീസ് പറയുന്നു. കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളോട് മകള്‍ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്. ഇന്നലെ രാത്രി മണ്ണഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ടോള്‍സണ്‍ പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി വീട്ടുകാരെ പ്രത്യേകം ചോദ്യം ചെയ്തു. ഫ്രാന്‍സിസിന്റെ ഭാര്യ സിന്ധുവിനെ കേസില്‍ പ്രതി ചേര്‍ത്തേക്കും.
ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യനായ എയ്ഞ്ചല്‍ ഭര്‍ത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. രാത്രി സ്‌കൂട്ടറുമായി പുറത്തു പോകാറുള്ള എയ്ഞ്ചല്‍ ചൊവ്വാഴ്ച രാത്രി 9ന് പുറത്തു പോയി പത്തരയോടെയാണ് തിരിച്ചെത്തിയത്. പിടിവലിക്കിടെ എയ്ഞ്ചലിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും തോര്‍ത്ത് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ഫ്രാന്‍സിസ് പൊലീസിനു നല്‍കിയ മൊഴി.
പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തുമ്പോള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് ചെട്ടികാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. മണ്ണഞ്ചേരി പൊലീസ് നടത്തിയ പരിശോധനയില്‍ കഴുത്തിലെ പാട് ശ്രദ്ധയില്‍പെട്ടതോടെയാണ് കൊലപാതകമാണെന്ന സംശയം തോന്നിയത്. തുടര്‍ന്നു ഫ്രാന്‍സിസിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ കൊലപാതകമാണെന്നു സമ്മതിക്കുകയായിരുന്നു.
മൂന്നുവര്‍ഷം മുന്‍പ് വിവാഹിതയായ എയ്ഞ്ചല്‍ ജാസ്മിന്‍, ഭര്‍ത്താവുമായി വഴക്കിട്ട് അഞ്ചുമാസമായി സ്വന്തം വീട്ടിലായിരുന്നു. ഇവിടെ വന്നശേഷം അച്ഛനും അമ്മയും മറ്റു കുടുംബാംഗങ്ങളുമായി വഴിക്കിടുന്നതു പതിവായിരുന്നു. ചെട്ടികാട് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഇന്‍ക്വസ്റ്റ് നടപടി നടത്തിയപ്പോള്‍ എയ്ഞ്ചലിന്റെ കഴുത്തിലെ പാടുകണ്ട് അസ്വാഭാവികത തോന്നി. ഈ സംശയമാണ് കൊലപാതകം തെളിയിച്ചത്.
പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 11ന് വീട്ടിലെത്തിക്കും. സംസ്‌കാരം 12ന് ഓമനപ്പുഴ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളിയില്‍. ഭര്‍ത്താവ്: പ്രഹിന്‍ (മനു).