2021ല്‍ ജാമ്യം നേടിയത് വിവാഹിതയെന്നും ഒരു കുട്ടിയുടെ അമ്മയെന്നും വാദമുയര്‍ത്തി; കാക്കനാട്ടെ ലഹരിയുടെ കുറ്റം കൂട്ടുകാരുടെ തലയില്‍ കെട്ടിവച്ച നിഷ്‌കളങ്ക; ഇന്‍ഫോ പാര്‍ക്കിലെ കച്ചവടം പൊളിഞ്ഞപ്പോള്‍ സ്വന്തം ജില്ലയിലേക്ക് കൂടുമാറി; ജനനേന്ദ്രയത്തില്‍ ഒളിപ്പിച്ചത് 40.45 ഗ്രാം എംഡിഎംഎ; അനിലാ രവീന്ദ്രനെ കുടുക്കിയത് ചെയ്‌സിംഗ്
കൊല്ലം : ശക്തികുളങ്ങരയില്‍ ജനനേന്ദ്രിയത്തിലും കാറിലും ഒളിപ്പിച്ച് 90.45 ഗ്രാം എംഡിഎംഎ കടത്തിയ കേസിലെ പ്രതി അനില രവീന്ദ്രന്‍ മയക്കു മരുന്ന് മാഫിയയിലെ പ്രധാന. 2021ല്‍ കൊച്ചയില്‍ മയക്കു മരുന്ന് വിതരണത്തിനിടെ പിടിയിലായിരുന്നു. ഇന്‍ഫോ പാര്‍ക്ക് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ഈ കച്ചവടം. അന്ന് തനിക്കൊന്നിലും പങ്കില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ ജാമ്യത്തിനായുള്ള അപേക്ഷയില്‍ അനില പറഞ്ഞത്. ആ വാദങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് തെളിയുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്. നഗരത്തിലേക്ക് വന്‍ തോതില്‍ ലഹരി മരുന്ന് എത്തുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ കിരണ്‍ നാരായണന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് പരിശോധന ശക്തമായിരുന്നു. ഇതാണ് അനിലയെ കുടുക്കിയത്.
അനില ബംഗളൂരില്‍ നിന്ന് എംഡിഎംഎ എത്തിച്ചത് കൊല്ലം നഗരത്തിലെ വിതരണക്കാരന് കൈമാറാനെന്നാണ് സൂചന. വിദ്യാര്‍ത്ഥികളെയടക്കം ലക്ഷ്യമിട്ട് ലഹരിമരുന്ന് കച്ചവടം നടത്തുന്ന ഇയാളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. കൊച്ചിയില്‍ നോട്ടപ്പുള്ളിയായതോടെയാണ് കൊല്ലത്തേക്ക് അനില കച്ചവടം മാറ്റിയത്. നിരവധി ഇടനിലക്കാരെ ഇവര്‍ സൃഷ്ടിച്ചു. യുവതിക്ക് ലഹരി മരുന്ന് വില്‍പന നടത്തിയയാളെയും ഇടനില നിന്നയാളെയും കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. റിമാന്‍ഡില്‍ കഴിയുന്ന പ്രതി അനില രവീന്ദ്രനെ വിശദമായ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങും. സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പഴയ കേസിലെ ജാമ്യ വ്യവസ്ഥ ലംഘനവും ഈ അറസ്റ്റോടെ സംഭവിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ അനിലയ്‌ക്കെതിരെ പഴയ കേസില്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും സജീവമാണ്.
2021 നവംബറിലാണ് അനില്‍ ആദ്യമായി അറസ്റ്റിലായത്. കാക്കനാട്ടെ ഡിഡി മിസ്റ്റി ഹില്‍ എന്ന അപ്പാര്‍ട്ടമെന്റിലെ റെയ്ഡിലാണ് അന്ന് കുടുങ്ങിയത്. എംഡിഎംഎയും ഹാഷിഷ് ഓയിലും ഹാഷിഷും അടക്കം പിടികൂടി. എല്‍സിഡി സ്റ്റാമ്പും ഉണ്ടായിരുന്നു. എന്നാല്‍ തന്റെ പക്കല്‍ നിന്നും മയക്കുമരുന്ന് പിടിച്ചില്ലെന്നും തനിക്കൊപ്പമുണ്ടായിരുന്നവരാണ് മയക്കുമരുന്ന് കൈവശം വച്ചതെന്നുമായി ജാമ്യം കിട്ടാനായി അനില ഹൈക്കോടതിയെ അറിയിച്ചത്. താനൊരു വിവാഹിതയാണെന്നും കൊച്ചു കുട്ടിയുടെ അമ്മയാണെന്നും വിശദീകരിച്ചു. ഒരു ടൂറിനുള്ള തയ്യാറെടുപ്പിനിടെയാണ് റെയ്ഡ് നടന്നതെന്നും തനിക്കൊന്നും അറിയില്ലെന്നും വിശദീകരിച്ചു. ഇതിനൊപ്പം ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദവും ഹൈക്കോടതിയില്‍ ഉയര്‍ത്തി. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ പുറത്തിറങ്ങിയ ശേഷവും അനില കച്ചവടം തുടര്‍ന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു കൊല്ലത്തെ അറസ്റ്റ്.
മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായാണ് അനില പിടിയിലായത്. അഞ്ചാലുംമൂട് പനയം രേവതിയില്‍ വാടകയ്ക്കു താമസിക്കുന്ന അനില രവീന്ദ്രനെ കൊല്ലം സിറ്റി ഡാന്‍സാഫ് ടീമും ശക്തികുളങ്ങര പൊലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കര്‍ണാടകയില്‍നിന്ന് കൊല്ലം നഗരത്തിലെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യാന്‍ കൊണ്ടുവന്ന എംഡിഎംഎ സ്വന്തം കാറിലായിരുന്നു യുവതി കടത്തിയിരുന്നത്. നഗരത്തിലെ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യാന്‍ യുവതി ലഹരി കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗര പരിധിയില്‍ വ്യാപക പരിശോധനയാണ് ആരംഭിച്ചത്. കൊല്ലം എസിപി എസ്. ഷെരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. വൈകിട്ട് അഞ്ചരമണിയോടെ നീണ്ടകര പാലത്തിനു സമീപം കാര്‍ കാണപ്പെട്ടു.
പൊലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും യുവതി കാറുമായി മുന്നോട്ടുപോയി. ആല്‍ത്തറമൂട് ശക്തികുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് പൊലീസ് വാഹനം തടഞ്ഞു. പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. കൊല്ലം സിറ്റി പൊലീസ് ഈ മാസം നടത്തിയ നാലാമത്തെ വലിയ എംഡിഎംഎ വേട്ടയാണിത്. വൈദ്യപരിശോധനയില്‍ യുവതിയുടെ ജനനേന്ദ്രിയത്തിലും ലഹരി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. 40.45 ഗ്രാം എംഡിഎംഎ ആണ് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് വച്ചിരുന്നത്.
2021ല്‍ അനിലയ്‌ക്കൊപ്പം കാക്കനാട്ട് മയക്കുമരുന്നുമായി ഐ ടി കമ്പനി മാനേജരടക്കം 7 പേരാണ് പിടിയിലായത്. യുവാക്കള്‍ക്കും ഐ ടി പ്രൈഫഷണലുകള്‍ക്കുമിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തെയാണ് അന്ന് പിടികൂടിയത്. ത്യക്കാക്കര പോലീസിന്റെയും കൊച്ചി ഡാന്‍സാഫ് ടീമിന്റെയും സംയുക്ത പരിശോധനയിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ത്യക്കാക്കര മില്ലുംപടിയില്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത ശേഷമായിരുന്നു മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം. അന്നും കേരളത്തിന് പുറത്ത് നിന്ന് മയക്കുമരുന്ന് എത്തിച്ചായിരുന്നു വില്‍പ്പന.
എറണാകുളം, ആലപ്പുഴ, കൊല്ലം എന്നി ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വില്‍പ്പന. കൊല്ലം സ്വദേശി ജിഹാജ് ബഷീര്‍, നോര്‍ത്ത് പറവൂര്‍ സ്വദേശി എര്‍ലിന്‍ ബേബി എന്നിവര്‍ ചേര്‍ന്ന മാഫിയാ സംഘമാണ് അന്ന് അറസ്റ്റിലായത്.