പരാതി കിട്ടുമ്പോഴെല്ലാം പോലീസ് അറസ്റ്റു ചെയ്യുന്നത് അര്‍ച്ചനാ തങ്കച്ചനെ മാത്രം; രണ്ടു മാസം മുമ്പ് അറസ്റ്റ് ചെയ്ത പ്രതി ജാമ്യം നേടി പുറത്തെത്തിയപ്പോള്‍ അടുത്ത കേസില്‍ അകത്ത്; ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ ലിമിറ്റഡിന് പിന്നില്‍ അഞ്ചു പേര്‍; എന്തുകൊണ്ട് ജിത്തു ആന്റണിയെ വെറുതെ വിടുന്നു എന്നത് അജ്ഞാതം; മുട്ടാറുകാരന്‍ വീണ്ടും ഗള്‍ഫിലേക്ക് മുങ്ങി; അറസ്റ്റിന് ഇന്റര്‍പോള്‍ സഹായം അനിവാര്യം

Update: 2025-05-15 09:41 GMT

കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ കൂടുതല്‍ പരാതികള്‍. എറണാകുളം സ്വദേശിയുടെ പരാതിയില്‍ എളമക്കര പോലീസും കേസെടുത്തിട്ടുണ്ട്. നാലോളം കേസുകള്‍ എളമക്കര സ്റ്റേഷനില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സൂചന. 3 ലക്ഷം രൂപയാണ് വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പരാതിക്കാരില്‍ നിന്നും സ്ഥാപനത്തിന്റെ നടത്തിപ്പുകാരായിരുന്ന അര്‍ച്ചന തങ്കച്ചനും, ജിത്തു ആന്റണിയും ചേര്‍ന്ന് തട്ടിയത്. പാലക്കാട് കോരന്‍ചിറ സ്വദേശി മാരുകല്ലില്‍ അര്‍ച്ചന തങ്കച്ചനെ കഴിഞ്ഞ ദിവസം പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യ പ്രതിയാണ് ജിത്തു ആന്റണി. ഇയാള്‍ ഒളിവിലാണ്. അര്‍ച്ചനാ തങ്കച്ചനെ മുമ്പും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ ജിത്തു അടക്കമുള്ള കൂട്ടു പ്രതികളെ പോലീസ് തൊടുകയുമില്ല. കുറഞ്ഞത് അഞ്ചു പേരെങ്കിലും ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലെ തട്ടിപ്പില്‍ പങ്കാളിയായിട്ടുണ്ട്.

ജിത്തു ആന്റണിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ജിത്തു ഗല്‍ഫിലേക്ക് മുങ്ങിയെന്ന് സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും. എറണാകുളം ഇടപ്പള്ളിയിലെ ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. നിരവധി പേരെയാണ് വിദേശത്ത് ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ തട്ടിപ്പിനിരയാക്കിയത്. കോഴിക്കോട് കല്ലായി സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് പന്നിയങ്കര പോലീസ് അര്‍ച്ചനയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പില്‍ നിരവധി പേര്‍ പങ്കാളികള്‍ ആയിട്ടുണ്ടെന്നും പരാതിക്കാര്‍ പറയുന്നു. വിവിധ ജില്ലകളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികള്‍ സ്ഥാപനത്തിന്റെ തട്ടിപ്പിനിരയാട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ജിത്തു ആന്റണിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ആലപ്പുഴ മുട്ടാര്‍ സ്വദേശിയാണ് ജിത്തു. ഇയാളെ പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം അനിവാര്യതയാണ്.

ഇയാള്‍ പിടിയിലായാല്‍ കേസിലെ മറ്റ് വിവരങ്ങള്‍ പുറത്ത് വരും. ഇളമക്കര പോലീസില്‍ പ്രതികള്‍ക്കെതിരെ നാലോളം കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് മാസം മുന്‍പും സമാനമായൊരു തട്ടിപ്പ് കേസില്‍ അര്‍ച്ചന തങ്കച്ചന്‍ പോലീസിന്റെ പിടിയിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സുഹൃത്തായ ജിത്തു ആന്റണിയോടൊപ്പം ചേര്‍ന്ന് തട്ടിപ്പ് തുടരുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ യുവാവില്‍ നിന്നും മൂന്ന് ലക്ഷം രൂപ തട്ടിയ കേസിലാണ് യുവതി അറസ്റ്റിലായത്. കോഴിക്കോട് കല്ലായി സ്വദേശിയായ യുവാവിനോട് വിദേശത്ത് ജോലി ശരിയാക്കിത്തരാം എന്നുപറഞ്ഞ് സ്വകാര്യസ്ഥാപനത്തിന്റെ ഉടമയും മാനേജരുമായ പ്രതി 2023 മാര്‍ച്ചില്‍ രണ്ടുതവണയായി മൂന്നുലക്ഷം രൂപ വാങ്ങി കബളിപ്പിക്കുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ എന്ന സ്ഥാപനവുമായി പരാതിക്കാരന്‍ ബന്ധപ്പെടുന്നത്. 2023 മെയ് മാസത്തിലായിരുന്നു പരാതിക്കാരനില്‍ നിന്നും പ്രതികള്‍ പണം കൈപ്പറ്റിയത്. 3 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം പല കാരണങ്ങള്‍ പറഞ്ഞ് ഇവര്‍ വിസ നല്‍കാതെ പരാതിക്കാരനെ പറഞ്ഞ് പറ്റിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ പ്രോസ്സസിംഗ് വൈകുന്നതാലാണ് വിസ വൈകാന്‍ കാരണമെന്നായിരുന്നു ഇവര്‍ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. പിന്നീട് കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ പുതിയ വിസകള്‍ നിരസിക്കുന്നതായും പ്രതികള്‍ പറഞ്ഞു. വര്‍ക്ക് പെര്‍മിറ്റിനായി പണം നല്‍കിയവര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കി വിദേശത്ത് അയക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു.

വ്യാജ രേഖകള്‍ ഉണ്ടാക്കി ടൂറിസ്റ്റ് വിസയിലും നിരവധി പേരെ ഇവര്‍ വിദേശ രാജ്യങ്ങളിലേക്ക് വിടാന്‍ ശ്രമം നടന്നെങ്കിലും വിഎഫ്എസില്‍ നിന്നും ഈ വിസകള്‍ നിരസിച്ചതായും തട്ടിപ്പിനിരയായവര്‍ പറയുന്നു. പല ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രതികളുടെ തട്ടിപ്പിനിരയായിട്ടുണ്ട്. ബുധനാഴ്ചയാണ് അര്‍ച്ചന തങ്കച്ചന്‍ അറസ്റ്റിലായത്. പ്രതി വയനാട് വെള്ളമുണ്ടയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പന്നിയങ്കര പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സതീഷ്‌കുമാര്‍, എസ്‌ഐ സുജിത്ത്, സിപിഒമാരായ രാംജിത്ത്, സുനിത, ശ്രുതി എന്നിവര്‍ ചേര്‍ന്ന അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതി പല ആളുകളില്‍നിന്നും വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംവാങ്ങിയിട്ടുണ്ടെന്നും സമാനകുറ്റകൃത്യം നടത്തിയതിന് പ്രതിയുടെ പേരില്‍ എറണാകുളം പോലീസ് സ്റ്റേഷനില്‍ രണ്ട് കേസും വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ ഒരു കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. അതേസമയം, കേസിലെ മുഖ്യ പ്രതിയായ ജിത്തു ആന്റണിക്കായി പോലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. കാനഡയില്‍ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ അര്‍ച്ചന തങ്കച്ചന്‍ മാര്‍ച്ചില്‍ അറസ്റ്റിലായിരുന്നു. വയനാട് സ്വദേശിയുടെ പരാതിയിലാണ് അര്‍ച്ചന തങ്കച്ചനെ അന്ന് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. 2023 പെബ്രുവരിയിലാണ് ഈ കേസിന് ആധാരമായ തട്ടിു്ു് നടന്നത്. വയനാട് മൊതക്കര സ്വദേശിയായ യുവതിയില്‍ നിന്ന് കാനഡയില്‍ എത്തിക്കാമെന്ന് പറഞ്ഞ് മൂന്നരലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ഇന്‍സ്റ്റഗ്രാം വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്.

Tags:    

Similar News