ജാസ്ലിയയുടെ മരണം:പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; അപകടം നടന്ന് ആറുദിവസം പിന്നിട്ടിട്ടും സിറിയക്കിനെ പിടികൂടാനായില്ല; അങ്കമാലിയില്‍ പ്രതിഷേധം ഇരമ്പുന്നു

Update: 2026-03-05 06:06 GMT

കൊച്ചി: അങ്കമാലിയില്‍ വെച്ച് കോളജ് വിദ്യാര്‍ത്ഥിനി ജാസ്ലിയ ജോണ്‍സണെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പോലീസ് ഒരുങ്ങുന്നു. കോട്ടയം അതിരമ്പുഴ സ്വദേശിയായ സിറിയക് പി. ജോര്‍ജിനെ കണ്ടെത്താന്‍ ആറുദിവസം പിന്നിട്ടിട്ടും പോലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. പ്രതിയെ ഉടന്‍ പിടികൂടുമെന്ന ഉറപ്പ് അധികൃതര്‍ നല്‍കിയിരുന്നെങ്കിലും അന്വേഷണം ഇഴയുകയാണെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് മണ്ഡലത്തില്‍ ഉയരുന്നത്.

അപകടമുണ്ടാക്കിയ മഹീന്ദ്ര എക്സ് യുവി വാഹനം ആലപ്പുഴ തുറവൂരില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം. അപകടം നടക്കുമ്പോള്‍ സിറിയക്കിനൊപ്പം സുഹൃത്ത് വിഷ്ണുവും കാറിലുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും ഇപ്പോള്‍ ഒളിവിലാണെന്നാണ് സൂചന.

ഫെബ്രുവരി 28-ന് അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപം വെച്ചാണ് പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജാസ്ലിയയെ കാറിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജാസ്ലിയയ്ക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണത്തിലും മാതൃകയായി ജാസ്ലിയയുടെ അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തു. കരള്‍, വൃക്ക, നേത്രപടലം എന്നിവ വഴി അഞ്ച് പേര്‍ക്ക് ജാസ്ലിയ പുതുജീവന്‍ നല്‍കി.

എടവനക്കാട് സ്വദേശിയായ ജാസ്ലിയയുടെ നാട്ടുകാരും മോര്‍ണിംഗ് സ്റ്റാര്‍ കോളജിലെ സഹപാഠികളും അധ്യാപകരും അങ്കമാലി പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. പ്രതിയുടെ രാഷ്ട്രീയ സ്വാധീനം മൂലമാണ് അറസ്റ്റ് വൈകുന്നതെന്ന ആക്ഷേപം ശക്തമാണ്.

Similar News