വാര്‍ത്താസമ്മേളനത്തിനു പിന്നാലെ സഹിക്കാന്‍ കഴിയാത്ത സൈബറാക്രമണം രൂക്ഷം; വര്‍ഗീയ അധിക്ഷേപവും നടക്കുന്നു; പോലീസില്‍ പരാതി നല്‍കി അര്‍ജുന്റെ സഹോദരി; സാമൂഹ്യമാധ്യമ ആക്ഷേപം അവസാനിപ്പിക്കണമെന്ന് മനാഫും

വാര്‍ത്താസമ്മേളനത്തിനു പിന്നാലെ സഹിക്കാന്‍ കഴിയാത്ത സൈബറാക്രമണം രൂക്ഷം;

Update: 2024-10-03 13:43 GMT

കോഴിക്കോട്: സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ അര്‍ജുന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയത്. വര്‍ഗീയ അധിക്ഷേപവും നടക്കുന്നതായി പരാതിയില്‍ പറയുന്നു. അര്‍ജുന്റെ കുടുംബം ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം രൂക്ഷമായത്. സഹിക്കാന്‍ ആകാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത് എന്ന് അഞ്ജു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം അര്‍ജുന്റെ കുടുംബത്തിന് എതിരെയുള്ള സമൂഹ്യമാധ്യമ ആക്ഷേപം അവസാനിപ്പിക്കണമെന്ന് മനാഫ് ആവശ്യപ്പെട്ടു. അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും അവര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകാരികമായി സംസാരിച്ചിരുന്നു. അതിന്റെ ഭാഗമായാണ് വണ്ടിക്ക് അര്‍ജുന്റെ പേര് നല്‍കും എന്ന് പറഞ്ഞത്. കുടുംബത്തിന് താല്‍പര്യം ഇല്ലെങ്കില്‍ തന്റെ വാഹനത്തിന് ആ പേരിടുന്നില്ലെന്നും മനാഫ് പറഞ്ഞു.

അതേസമയം, ഇനി വിവാദത്തിനില്ലെന്ന് മനാഫ് പറഞ്ഞു. കാര്യങ്ങളെ വികാരപരമായി സമീപിക്കുന്ന ആളാണ് ഞാന്‍. മോശമായിപ്പോയെങ്കില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു. ചെളിവാരിയെറിഞ്ഞ് രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വമില്ലാതാക്കരുതെന്നാണ് പറയാനുള്ളതെന്നും മനാഫ് പറഞ്ഞു.

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ ലോറി ഉടമ മനാഫും മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും നാടകം കളിച്ചുവെന്നായിരുന്നു അര്‍ജുന്റെ കുടുംബം ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തി ആരോപിച്ചത്. അര്‍ജുന്റെ പേരില്‍ യുട്യൂബ് ആരംഭിച്ചുവെന്നും പണപ്പിരിവ് നടത്തിയെന്നും കുടുംബം ആരോപിച്ചു. ഇതോടെയാണ് ആക്രമണം രൂക്ഷമായത്. അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിനെതിരെയാണ് രൂക്ഷമായ ആക്രമണം.

രാഷ്ട്രീയ വര്‍ഗീയ ലക്ഷ്യങ്ങളാണ് കുടുംബത്തെ കൊണ്ട് ഇത്തരത്തിലൊരു ആരോപണം ഉന്നയിപ്പിക്കുന്നവര്‍ക്ക് പിന്നിലെന്നതാണ് പ്രധാനമായി ഉയര്‍ന്നു വന്ന ആരോപണം. സംഘപരിവാര്‍ അനുകൂലിയായതുകൊണ്ടാണ് ജിതിന്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ചില പ്രചാരണം.

അര്‍ജുന് 75,000 രൂപ സാലറി ഉണ്ട് എന്നത് ഒരു വ്യക്തി തെറ്റായി പറഞ്ഞ് പരത്തിയെന്നും ഇതിന്റെ പേരില്‍ രൂക്ഷമായ ആക്രമണമാണ് ഉണ്ടായതെന്നും ഇന്നലെയും കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. പല കോണില്‍ നിന്നും ഫണ്ട് ശേഖരിക്കുന്നു. ആ ഫണ്ട് ഞങ്ങള്‍ക്ക് വേണ്ട. വൈകാരികത ചൂഷണം ചെയ്യുന്നതില്‍ നിന്നും പിന്മാറണമെന്നുമായിരുന്നു കുടുംബം ആവശ്യപ്പെട്ടത്.

അര്‍ജുന്റെ കുട്ടിയെ വളര്‍ത്തുമെന്ന് എന്ത് അടിസ്ഥാനത്തില്‍ ആണ് പറയുന്നത്. മനാഫ് ആണ് ഇതിനു പിറകിലെന്നും ജിതിന്‍ ആരോപിച്ചു. ഫണ്ട് പിരിക്കാന്‍ ശ്രമിക്കുകയാണ്. ഇതില്‍ പലരും വീണു പോകുകയാണ്. അര്‍ജുന്‍ നഷ്ടപ്പെട്ടുവെന്നത് യഥാര്‍ഥ്യമാണ്. അതിന്റെ പേരില്‍ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. അത് ആ വ്യക്തി മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത്. ഞങ്ങളുടെ ദാരിദ്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുകയാണ്. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് പണം കിട്ടട്ടെ ചില ആളുകള്‍ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ട് വരികയാണെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ആരോപിച്ചിരുന്നു.

Tags:    

Similar News