'10 ലക്ഷം കടംവാങ്ങി 24 ലക്ഷം തിരിച്ചു നല്‍കി, 22 ലക്ഷം കൂടി വേണമെന്ന് ഭീഷണി'; ആശയുടെ ജീവനെടുത്തത് 120 ശതമാനം പലിശ; റിട്ട. പൊലീസുകാരന്‍ ബ്ലേഡ് പലിശക്കാരനായ കേസില്‍ ആരോപണ വിധേയരുടെ അറസ്റ്റ് തടഞ്ഞു ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നോര്‍ത്ത് പറവൂര്‍ പോലീസിനോട് മറുപടി തേടി കോടതി
'10 ലക്ഷം കടംവാങ്ങി 24 ലക്ഷം തിരിച്ചു നല്‍കി, 22 ലക്ഷം കൂടി വേണമെന്ന് ഭീഷണി'
കൊച്ചി: സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുള്ള ഭീഷണിയില്‍ കോട്ടുവള്ളിയില്‍ വീട്ടമ്മയായ ആശ പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായവുടെ അറസ്റ്റ് തടഞ്ഞു ഹൈക്കോടതി. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാര്‍, ഭാര്യ എന്‍ കെ ബിന്ദു, മകള്‍ ദിവ്യ പ്രദീപ്, മരുമകന്‍ നിമോഷ് കെ യു എന്നിവരുടെ അറസ്റ്റാണ് കോടതി തടഞ്ഞത്.
പ്രദീപ് കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നടപടി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നോര്‍ത്ത് പറവൂര്‍ പൊലീസിനോട് മറുപടി തേടി. പൊലീസ് മൂന്നാഴ്ചയ്ക്കകം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കണം.നാല് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി സെപ്തംബര്‍ 12ന് വീണ്ടും പരിഗണിക്കും. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കേസില്‍ മറ്റൊരു പ്രതിയും പ്രദീപിന്റെ മകളുമായ ദീപയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി ദീപയ്ക്ക് ജാമ്യം നല്‍കി.
സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുള്ള ഭീഷണിയെ തുടര്‍ന്നാണ് കോട്ടുവള്ള പുളിക്കത്തറ വീട്ടില്‍ ആശ പുഴയില്‍ ചാടി മരിച്ചത്. പ്രദീപ് കുമാറില്‍ നിന്ന് 2022ല്‍ 10 ലക്ഷം രൂപ ആശ പലിശയ്ക്ക് വാങ്ങി. വലിയ തുക തിരികെ നല്‍കിയിട്ടും കൂടുതല്‍ പണം ആവശ്യപ്പെട്ട് പ്രദീപ് ഭീഷണിപ്പെടുത്തെിയെന്നാണ് ആക്ഷേപം. ഇതേ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത്.
''മരിക്കാന്‍ എനിക്ക് പേടിയാണ്, ഞാന്‍ എന്തുചെയ്യും ദൈവമേ....'' എന്നാണ് പുഴയില്‍ ചാടി ആത്മഹത്യചെയ്ത കോട്ടുവള്ളി സ്വദേശിനിയായ വീട്ടമ്മ പുളിക്കത്തറ ആശ ബെന്നിയുടെ എട്ട് പേജുള്ള ആത്മഹത്യക്കുറിപ്പില്‍ രേഖപ്പെടുത്തിയത്. ആശയുടെ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിച്ച ബ്ലേഡ് പലിശക്കാരനും മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമായ കോട്ടുവള്ളി കൈതാരം കടത്തുകടവ് പ്രദീപ്, ഭാര്യ ബിന്ദു എന്നിവര്‍ ഒളിവില്‍ കഴിയവേയാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്.
ഇവര്‍ 120 ശതമാനമാണ് പലിശയായി ഈടാക്കിയിരുന്നത്. താന്‍ ജീവനൊടുക്കുന്നതിലേക്ക് നയിച്ച സംഭവങ്ങള്‍ ആത്മഹത്യക്കുറിപ്പില്‍ ആശ വിശദീകരിക്കുന്നുണ്ട്. 2022 മുതലാണ് കച്ചവടം വിപുലപ്പെടുത്താന്‍ പലവട്ടമായി പത്തുലക്ഷം രൂപ ആശ പലിശക്ക് വാങ്ങിയത്. ഒരുലക്ഷത്തിന് പതിനായിരം രൂപയാണ് മാസപ്പലിശ. പിന്നീട് ഭര്‍ത്താവിന്റെ ചിട്ടി പിടിച്ച തുകയും സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ചും കടം വാങ്ങിയും 24 ലക്ഷത്തോളം രൂപ തിരിച്ചുനല്‍കി. ഇനിയും 22 ലക്ഷം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയതെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. പലിശ മുടങ്ങിയപ്പോള്‍ പലരില്‍നിന്നും വാങ്ങി ആശ നല്‍കിയിട്ടുണ്ട്. ഇവരും പണം തിരികെ ആവശ്യപ്പെട്ട് വീട്ടില്‍ എത്തിയതായി സൂചനയുണ്ട്.
'ഞാന്‍ ഒരു ലക്ഷത്തിന് പതിനായിരം രൂപ പലിശ കൊടുത്തിരുന്നു. ഭര്‍ത്താവ് ചിട്ടി പിടിച്ച എട്ടര ലക്ഷം രൂപയും സ്വര്‍ണം പണയം വച്ച പൈസയും മറ്റുള്ളവരില്‍ നിന്ന് സ്വര്‍ണം വാങ്ങി പണയം വച്ചും പ്രദീപിന്റെയും ബിന്ദുവിന്റെയും മുതലും പലിശയുമെല്ലാം നല്‍കി. ഇനി 22 ലക്ഷം രൂപ കൂടി നല്‍കണമെന്നും അതിന് മുദ്രപ്പത്രത്തില്‍ ഒപ്പിട്ടു കൊടുക്കണമെന്നും പ്രദീപും ബിന്ദുവും ആവശ്യപ്പെട്ടു' എന്നാണ് കുറിപ്പിലുള്ളത്.
സംഭവത്തില്‍ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിച്ച മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കോട്ടുവള്ളി കൈതാരം കടത്തുകടവ് പ്രദീപ്, ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെ പറവൂര്‍ പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റത്തിനാണ് കേസെടുത്തത്. മരിച്ച ആശയുടെ വീട്ടില്‍ പണം തിരിച്ചു ചോദിക്കാനായി പ്രദീപ്കുമാറും ഭാര്യ ബിന്ദുവും പോയപ്പോള്‍, ഇവരുടെ മക്കളായ ദിവ്യയും ദീപയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നെന്ന ആശയുടെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദീപയെ ബുധനാഴ്ച രാത്രി പറവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിക്കുകയും ചെയത്ു.
2018 ല്‍ പറവൂര്‍ വരാപ്പുഴ സ്റ്റേഷനില്‍ നടന്ന ശ്രീജിത്ത് ഉരുട്ടികൊലക്കേസില്‍ പ്രതിയായ സി.ഐയുടെ ഡ്രൈവറായിരുന്നു പ്രദീപ്. പൊലീസ് മര്‍ദിച്ച് അവശനാക്കിയ ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് ശ്രീജിത്തിന്‍രെ ഭാര്യ പിതാവില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയായിരുന്നു ക്രൂരത. ഈ കേസില്‍ ക്രൈംബ്രാഞ്ച് പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സസ്‌പെന്‍ഷനിലായിരുന്നു. കേസിനെത്തുടര്‍ന്ന്? പ്രദീപിന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.