ഹരിയാനയില്‍ ഐജി ജീവനൊടുക്കിയ കേസ്; അഴിമതി ആരോപണം അന്വേഷിച്ചിരുന്ന സൈബര്‍ സെല്‍ എഎസ്‌ഐ സ്വയം വെടിവെച്ച നിലയില്‍; ശരിയായ അന്വേഷണത്തിനായി ജീവന്‍ നല്‍കുന്നു എന്ന് ആത്മഹത്യ കുറിപ്പും
ചണ്ഡിഗഡ്: ഹരിയാനയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യക്കേസില്‍ മറ്റൊരു ദുരൂഹ മരണം കൂടി. സൈബര്‍ സെല്ലിലെ എഎസ്ഐ സന്ദീപ് കുമാര്‍ സ്വന്തം വീട്ടില്‍ വെടിവെച്ച് ആത്മഹത്യ ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മരണം, കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയ്ത ഐജി വൈ. പുരന്‍ കുമാറിന്റെ കേസിനെ പുതിയ വഴിത്തിരിവിലേക്ക് നയിച്ചിരിക്കുകയാണ്.
സന്ദീപ് തന്റെ ആത്മഹത്യാ കുറിപ്പില്‍, പുരന്‍ കുമാറിനെതിരെ അഴിമതി സംബന്ധമായ വ്യക്തമായ തെളിവുകളുണ്ടായിരുന്നുവെന്നും, അത് മറച്ചുവെക്കാനായി പുരന്‍ ജാതിവിവേചന ആരോപണം ഉന്നയിച്ചതാണെന്നും ആരോപിക്കുന്നു. ''സത്യാന്വേഷണത്തിനായി തന്റെ ജീവന്‍ ബലി നല്‍കുകയാണ്'' എന്ന വാക്കുകള്‍ കുറിപ്പില്‍ രേഖപ്പെടുത്തിയതായി അന്വേഷണസംഘം അറിയിച്ചു. മദ്യ വ്യവസായിയോട് പുരന്‍ കുമാറിന് വേണ്ടി 2.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ നേരത്തെ ഹെഡ് കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തില്‍ എഎസ്ഐ സന്ദീപ് പ്രധാന പങ്ക് വഹിച്ചിരുന്നതായും സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ഒക്ടോബര്‍ 7ന് ചണ്ഡിഗഡിലെ വസതിയില്‍ സുരക്ഷാ ജീവനക്കാരന്റെ തോക്ക് ഉപയോഗിച്ച് ഐജി പുരന്‍ കുമാര്‍ ജീവനൊടുക്കിയിരുന്നു. മരണത്തിന് ഉത്തരവാദികളെന്ന് പറഞ്ഞ് എട്ട് സഹപ്രവര്‍ത്തകരുടെ പേരുകളും അദ്ദേഹം കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. പുരന്റെ ഭാര്യയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയുമായ അംനീത് പി. കുമാര്‍ ഇപ്പോഴും ശക്തമായ നിലപാടിലാണ്. കേസിലെ പ്രതികളായ ഹരിയാന ഡിജിപി ശത്രുജീത് കപൂറിനെയും മുന്‍ എസ്പി നരേന്ദ്ര ബിജാര്‍ണിയെയും അറസ്റ്റ് ചെയ്യാതെ ഭര്‍ത്താവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് സമ്മതിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.
അതേസമയം, പോസ്റ്റ്മോര്‍ട്ടം നടത്താതെ അന്വേഷണം തടസ്സപ്പെടുമെന്നു ചണ്ഡിഗഡ് പൊലീസ് വ്യക്തമാക്കി. രണ്ടു മരണങ്ങളുടെയും കാരണം വ്യക്തമാക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.