വടകര സ്വദേശിനി ലോഡ്ജില്‍ കൊല്ലപ്പെട്ട സംഭവം; അസ്മിനയുമായി ജോബി ജോര്‍ജ്ജ് ലോഡ്ജില്‍ എത്തിയത് ഭാര്യയെന്ന് പരിചയപ്പെടുത്തി; ഇരുവരും കായംകുളത്ത് ഹോട്ടലില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവര്‍; അസ്മിന അന്ന് ഹോട്ടലിലെ പാചകക്കാരിയും ജോബി റിസപ്ഷനിസ്റ്റും
വടകര സ്വദേശിനി ലോഡ്ജില്‍ കൊല്ലപ്പെട്ട സംഭവം; അസ്മിനയുമായി ജോബി ജോര്‍ജ്ജ് ലോഡ്ജില്‍ എത്തിയത് ഭാര്യയെന്ന് പരിചയപ്പെടുത്തി
ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ കോഴിക്കോട് വടകര അഴിയൂര്‍ സ്വദേശിനിയെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ തേടി പോലീസ്. വലിയ മാടാക്കര പാണ്ടികയില്‍ ആസിയയുടെ മകള്‍ അസ്മിന (44) ആണ് മരിച്ചത്. ആറ്റിങ്ങല്‍ മൂന്നുമുക്കിലെ ലോഡ്ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ച ഇതേ ലോഡ്ജിലെ ജീവനക്കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശി ജോബി ജോര്‍ജിനെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ പുലര്‍ച്ചെ മുറിയില്‍നിന്ന് പുറത്ത് പോകുന്ന സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൈയില്‍ ചെറിയ മുറിവുണ്ട്. മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ ഭാര്യയെന്ന് പരിചയപ്പെടുത്തി ജോബി ലോഡ്ജില്‍ കൊണ്ടുവന്നത്. ഇയാള്‍ രാത്രി ഒന്നരയോടെ യുവതിയുള്ള മുറിയിലേക്ക് പോയതായി മറ്റു ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു.
അസ്മിനയും പ്രതി ജോബിയും പരിചയപ്പെടുന്നത് കായംകുളത്തെ ഹോട്ടലില്‍ വച്ചാണെന്ന് പൊലീസ്. അവിടെ പാചകക്കാരിയായ അസ്മിനയും റിസപ്ഷനിസ്റ്റായ ജോബിയും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരാഴ്ച്ച മുന്‍പാണ് ആറ്റിങ്ങലിലെ ലോഡ്ജില്‍ ജോബി ജോലിക്കു കയറിയത്. തിരിച്ചറിയല്‍ രേഖകള്‍ ഒന്നും നല്‍കാതെയാണ് ജോബി ഹോട്ടലില്‍ ജോലിക്ക് പ്രവേശിച്ചത്. ഇതിനിടെയാണ് തന്റെ ഭാര്യയാണെന്ന് പറഞ്ഞ് അസ്മിനയെ ജോബി ലോഡ്ജിലേക്ക് കൊണ്ടുവന്നത്.
ജോബിക്കു പുറമേ മറ്റൊരാളും കൂടി ഈ മുറിയിലെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ രാവിലെ ഇരുവരേയും കാണാത്തതിനെത്തുടര്‍ന്ന് മുറി തുറന്നുനോക്കിയപ്പോഴാണ് കട്ടിലില്‍ അസ്മിനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോബി പുലര്‍ച്ചെ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. ജോബിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കൊലപാതകത്തില്‍ ജോബിക്ക് പുറമേ ആരുടെയെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
രണ്ടു കുട്ടികളുടെ അമ്മയാണ് അസ്മിന. അസ്മിനയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തും. ആറ്റിങ്ങല്‍ മൂന്നുമുക്കിലെ ഗ്രീന്‍ലൈന്‍ ലോഡ്ജില്‍ ഇന്നലെ രാവിലെയാണ് അസ്മിനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരമാകെ കുപ്പിക്കൊണ്ട് കുത്തിയ പാടുകള്‍ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു.
ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി. ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ചുലാല്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍ അജയന്‍ എന്നിവര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.