ഷാര്‍ജയിലെ അതുല്യയുടെ ദുരൂഹ മരണം: ഭര്‍ത്താവ് സതീഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കോടതി; കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ല; എഫ്‌ഐആറില്‍ ചേര്‍ത്ത കൊലപാതക വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കോടതി; ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പുകള്‍ പ്രോസിക്യൂഷന്‍ ചേര്‍ക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ചു കോടതി
ഷാര്‍ജയിലെ അതുല്യയുടെ ദുരൂഹ മരണം: ഭര്‍ത്താവ് സതീഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കോടതി
കൊല്ലം: ഷാര്‍ജയിലെ അതുല്യയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് സതീഷിന്റെ മുന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതോടെ പ്രതി സതീഷ് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി. അതേസമയം കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി പറഞ്ഞു. എഫ്‌ഐആറില്‍ ചേര്‍ത്ത കൊലപാതക വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പുകള്‍ പ്രോസിക്യൂഷന്‍ ചേര്‍ക്കാത്തതിലും കോടതി നിരാശ പ്രകടിപ്പിച്ചു.
അതുല്യയുടെ മരണം കൊലപാതകമെന്ന് ചൂണ്ടിക്കാട്ടിയാണ് ചവറ തെക്കും ഭാഗം പൊലീസ് കേസെടുത്തത്. ഇതാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതോടെ പ്രതി സതീഷ് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി. നേരത്തെ സതീഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തെങ്കിലും മുന്‍കൂര്‍ ജാമ്യത്തെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ വൈകീട്ട് 4.15-ഓടെയാണ് സതീഷ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായത്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. പ്രതിയുടെ മൊബൈല്‍ഫോണ്‍ വിവരങ്ങളടക്കം അന്വേഷണസംഘം പരിശോധിക്കും. ചോദ്യംചെയ്യലിന് പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്.
കൊല്ലം തേവലക്കര സ്വദേശി അതുല്യ ഭര്‍ത്താവ് സതീഷിനൊപ്പം ഷാര്‍ജയിലെ ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്. അതുല്യയെ താമസിച്ച സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജൂലൈ 19നാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം രാത്രി 11.30 വരെയും സന്തോഷത്തോടെ സംസാരിച്ച അതുല്യ എങ്ങനെ ആത്മഹത്യ ചെയ്യുമെന്നാണ് അതുല്യയുടെ സഹോദരി അഖിലയുടെ ചോദ്യം. പിറന്നാള്‍ ദിവസമാണ് അതുല്യ മരിച്ചത്. അന്ന് പുതിയ ജോലിയില്‍ ചേരാനുള്ള ഒരുക്കത്തിലായിരുന്നു.
ഭര്‍ത്താവ് സതീഷിന്റെ പീഡനമാണ് അതുല്യയുടെ ജീവനെടുത്തതെന്നാണ് യുവതിയുടെ വീട്ടുകാരുടെ പരാതി.അതുല്യയെ കൊലപ്പെടുത്തുമെന്ന് സതീഷ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതുല്യ നേരിട്ട പീഡനത്തിന്റെ തെളിവുകള്‍ എല്ലാം കുടുംബം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. അതുല്യ ആത്മഹത്യ ചെയ്‌തെന്നായിരുന്നു ഷാര്‍ജയിലെ ഫൊറന്‍സിക് പരിശോധനാ ഫലം. സംഭവത്തിന് പിന്നാലെ ദുബായില്‍ സൈറ്റ് എന്‍ജിനീയറായ സതീഷിനെ കമ്പനി ജോലിയില്‍നിന്ന് പിരിച്ചുവിടുകയും
ചെയ്തിരുന്നു.