മരുന്നിന്റെ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ 22കാരനെ തലയ്ക്കടിച്ച് താഴെയിട്ടു; കൂർത്ത ആയുധം കൊണ്ട് വയറ് കീറിയത് മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ; നിലവിളിച്ച് ഓടി വിദ്യാർത്ഥിയെ പിന്തുടർന്നെത്തി വിരലുകൾ മുറിച്ചു മാറ്റി; പ്രതികൾ ഒളിവിൽ
കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ മരുന്നിന്റെ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ 22-കാരന് നേരെ ക്രൂര ആക്രമണം. ആദ്യവർഷ നിയമ വിദ്യാർത്ഥിയായ അഭിജിത് സിംഗ് ചന്ദേലിന്റെ വയറ് കീറുകയും കൈയിലെ രണ്ട് വിരലുകൾ മുറിച്ചു മാറ്റുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ തലയിൽ പതിനാല് തുന്നലിട്ടതായും നില അതീവ ഗുരുതരമായി തുടരുകയാണെന്നും പോലീസ് അറിയിച്ചു. മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ ക്രൂരകൃത്യം ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ അമർ സിംഗ്, ഇയാളുടെ സഹോദരൻ വിജയ് സിംഗ്, മറ്റ് രണ്ട് പേർ എന്നിവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരുന്നിന്റെ വില സംബന്ധിച്ച തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. വാക്കുതർക്കം രൂക്ഷമായതോടെ പ്രതികൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു.
ആദ്യം തലയ്ക്കടിച്ച് നിലത്തിട്ട ശേഷം, കൂർത്ത ആയുധം ഉപയോഗിച്ച് വയറ് കീറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലവിളിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥിയെ ഇവർ വീണ്ടും പിടികൂടി കൈയിലെ വിരലുകൾ മുറിച്ചു മാറ്റുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചത്. പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.