കുത്തുകേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാർക്ക് നേരെ ആക്രമണം; സിഐയ്ക്കും സിപിഒയ്ക്കും കുത്തേറ്റു; ഒടുവിൽ പ്രതിയെ പൊലീസ് മൽപ്പിടിത്തത്തിലൂടെ കീഴടക്കി; കുത്തേറ്റിട്ടും ചികിത്സ തേടിയത് പ്രതിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം; സംഭവം തൃശൂരിൽ
ഒല്ലൂർ: പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. കുത്ത് കേസ് പ്രതിയെ പിടികൂടുന്നതിനിടയിലാണ് ഒല്ലൂർ സിഐ ടി.പി. ഫർഷാദ്, സിപിഒ വിനീത് എന്നിവർക്ക് കുത്തേറ്റത്. കൈയ്ക്കും തോളെല്ലിനും കുത്തേറ്റ സിഐയ്ക്ക് സാരമായ പരുക്കേറ്റു. ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിഐയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. വിനീതിനു കാലിനാണ് കുത്തേറ്റത്. സി.പി.ഒ. വീനിത് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ നേടി. കുത്തേറ്റിട്ടും പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം ചികിത്സ നേടിയത്. വൈകുന്നേരം 6 മണിയോടെ ആയിരുന്നു സംഭവം.
പടവരാട് എളവള്ളി അനന്തു (മാരി - 24) ആണ് സിഐയെയും സിപിഒയെയും കുത്തിയത്. കള്ള്ഷാപ്പിൽ വച്ചുണ്ടായ തർക്കത്തിൽ അനന്തു ഒരാളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഈ വിവരമറിഞ്ഞാണ് സിഐയുടെ നേതൃത്വത്തിൽ പൊലീസ് സംഭവ സ്ഥലത്തെത്തിയത്. അഞ്ചേരി അയ്യപ്പൻക്കാവ് ക്ഷേത്രത്തിനു സമീപത്തെ കോഴി ഫാമിൽ പ്രതിയും സുഹൃത്തുക്കളും ഉണ്ടെന്ന് അറിഞ്ഞ പൊലീസ് സ്ഥലം വളയുകയായിരുന്നു.
പൊലീസ് സംഘത്തെ കണ്ടതോടെ അനന്തു കത്തി എടുത്ത് പൊലീസിന് നേരെ വീശുകയായിരുന്നു. തുടർന്ന് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കത്തിയെടുത്ത് സിഐയെ കുത്തുകയായിരുന്നു. തടയാനെത്തിയ സിപിഒയ്ക്കും കുത്തേറ്റു. പിന്നാലെ പ്രതിയെ മൽപ്പിടിത്തത്തിലൂടെ പൊലീസ് കീഴടക്കി. പ്രതിയെ സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് സിഐ ആശുപത്രിയിൽ ചികിത്സ തേടിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള അനന്തു സംഭവ സമയം ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുള്ളതായാണ് വിവരം. സ്റ്റേഷനില്‍ എത്തിയ ശേഷവും ബഹളം വക്കുകയും ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്തു. പ്രതിക്കൊപ്പം ഉണ്ടായിരുന്ന 2 സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.