മൂന്ന് വർഷമായി പ്രണയം; കാമുകിയുടെ 50 ലക്ഷം രൂപയുടെ കടം വീട്ടാമെന്ന് ഉറപ്പ് നൽകി; വാലന്റൈൻസ് ദിനത്തിൽ വലിയൊരു സർപ്രൈസ് ഒരുക്കാൻ പദ്ധതിയിട്ടു; പിന്നാലെ കേട്ടത് പ്രണയിനിയുടെ കല്യാണ നിശ്ചയം; ജിം ട്രെയിനറുടെ ആത്മഹത്യയ്ക്ക് പിന്നാലെ പുറത്ത് വന്നത് ചതി; 26കാരന്റെ ആത്മഹത്യാ കുറിപ്പ് കാമുകിക്കും അമ്മയ്ക്കും കുരുക്കാകും?
ബെംഗളൂരു: ബെംഗളൂരുവിൽ 26 വയസ്സുകാരനായ ജിം ട്രെയിനറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്ന് വർഷമായി പ്രണയത്തിലായിരുന്ന യുവതിയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് യുവാവ് ജീവിതം അവസാനിപ്പിച്ചത്. യുവതി കിരണിനെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കിരണിന്റെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
മരിച്ച കിരൺ എന്ന യുവാവ് പ്രണയിനിയുമായി വലിയ വൈകാരിക ബന്ധത്തിലായിരുന്നു. വരാനിരിക്കുന്ന വാലന്റൈൻസ് ദിനത്തിൽ യുവതിക്ക് ഒരു സമ്മാനം നൽകാനുള്ള തയ്യാറെടുപ്പിലായിരുന്നു കിരൺ എന്നാണ് സൂചന. എന്നാൽ, അടുത്തിടെ യുവതി കിരണിനെ കാണുകയും തന്റെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ച വിവരം അറിയിക്കുകയും ചെയ്തു. വിവാഹ ക്ഷണക്കത്തും ഒരുക്കങ്ങളുടെ വിവരങ്ങളും യുവതി കാണിച്ചത് കിരണിനെ മാനസികമായി തളർത്തിയെന്ന് പോലീസ് പറഞ്ഞു.
ഈ സംഭവത്തിന് ശേഷം വീട്ടിലെത്തിയ കിരൺ മുറിക്കുള്ളിൽ കയറി വാതിലടച്ചു. ഏറെ നേരമായിട്ടും പ്രതികരണമില്ലാതിരുന്നതിനെത്തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് കിരണിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
കിരണിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു. തന്റെ മരണത്തിന് ഉത്തരവാദികൾ കാമുകിയും അവളുടെ അമ്മയുമാണെന്ന് കുറിപ്പിൽ പേരെടുത്ത് പറഞ്ഞിട്ടുണ്ട്. തന്റെ മൊബൈൽ ഫോണിന്റെ പാസ്‌വേഡ് "99999" ആണെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. യുവതിയുടെ കുടുംബം എടുത്തതെന്ന് പറയപ്പെടുന്ന 50 ലക്ഷം രൂപയുടെ ലോൺ താൻ തിരിച്ചടയ്ക്കാൻ തയ്യാറായിരുന്നുവെന്ന് കിരൺ കത്തിൽ എഴുതിയിരുന്നതായി പോലീസ് വെളിപ്പെടുത്തി.
എട്ടു മാസം മുമ്പ് യുവതി കിരണിന്റെ വീട്ടിലെത്തുകയും തങ്ങളുടെ വിവാഹം നടത്തിത്തരണമെന്ന് കിരണിന്റെ കുടുംബത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കിരണിനേക്കാൾ രണ്ട് വയസ്സിന് മുതിർന്നവളായ യുവതിയെ കിരണിന്റെ കുടുംബത്തിനും അറിയാമായിരുന്നു. എന്നാൽ, ഈ വാഗ്ദാനങ്ങളെല്ലാം നിലനിൽക്കെയാണ് വെറും ഒരാഴ്ച മുമ്പ് മറ്റൊരാളുമായുള്ള യുവതിയുടെ വിവാഹനിശ്ചയം നടന്നത്.
സാമ്പത്തിക ചൂഷണം നടന്നതായി ആരോപണം:
യുവതി കിരണിനെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നതായി കുടുംബം ആരോപിക്കുന്നു. യുവതിക്ക് ഏകദേശം 50 ലക്ഷം രൂപയുടെ കടബാധ്യതകൾ ഉണ്ടായിരുന്നുവെന്നും ഇത് തിരിച്ചടയ്ക്കാൻ സഹായിക്കാമെന്ന് കിരൺ ഏറ്റിരുന്നതായും ബന്ധുക്കൾ പറയുന്നു. തന്റെ മകനിൽ നിന്ന് യുവതി പണം കൈക്കലാക്കിയ ശേഷം കഴിഞ്ഞ ആഴ്ച മറ്റൊരാളുമായി വിവാഹനിശ്ചയം നടത്തുകയായിരുന്നുവെന്നും മാതാപിതാക്കൾ ആരോപിച്ചു.
കിരണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
